1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2019

സ്വന്തം ലേഖകന്‍: മമതയും കേന്ദ്രവും കൊമ്പുകോര്‍ക്കുന്നു; സി.ബി.ഐ സംഘത്തെ അറസ്റ്റ് ചെയ്ത് ബംഗാള്‍ പോലീസ്; കൊല്‍ക്കത്തയില്‍ നാടകീയ രംഗങ്ങള്‍; സിബിഐയെ സംരക്ഷിക്കാന്‍ കേന്ദ്ര സേനയെ ഇറക്കി; സത്യഗ്രഹമിരിക്കുന്ന മമതയ്ക്ക് പിന്തുണയുമായി പ്രതിപക്ഷം. കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ ബംഗാള്‍ പൊലീസ് പിടിച്ചുകൊണ്ടുപോയി.

നഗരത്തിലെ പാര്‍ക്ക് സ്ട്രീറ്റിലുള്ള കമ്മീഷണറുടെ വസതിയിലെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ സ്ഥലത്തുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ആദ്യം തടഞ്ഞുവെക്കുകയും പിന്നീട് മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഉദ്യോഗസ്ഥരെ ആദ്യം പാര്‍ക്ക് സ്ട്രീറ്റ് സ്റ്റേഷനിലേക്കും പിന്നീട് ഷേക്‌സ്പിയര്‍ സരനി സ്റ്റേഷനിലേക്കുമാണ് മാറ്റിയത്.

2013ലെ ബംഗാളിലെ റോസ്‌വാലി, ശാരദ ചിട്ടി തട്ടിപ്പുകള്‍ അന്വേഷിച്ചിരുന്നത് രാജീവ് കുമാറായിരുന്നു. 1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ രാജീവ് കുമാറിന് ചിട്ടി തട്ടിപ്പിലെ ചില നിര്‍ണായക രേഖ കാണാതായതുമായി ബന്ധമുണ്ടെന്നാണ് സി.ബി.ഐയുടെ ആരോപണം. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് രാജീവ് കുമാറിന് നിരവധി തവണ നോട്ടീസ് കൈമാറിയെങ്കിലും രണ്ടു വര്‍ഷമായി ഒഴിഞ്ഞു മാറുകയാണെന്നാണ് സി.ബി.ഐ ആരോപണം.

അതിനിടെ രാജീവിന് പിന്തുണയുമായി മമതാ ബാനര്‍ജി രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഏറ്റവും നല്ല ഉദ്യോഗസ്ഥനാണ് കൊല്‍ക്കത്ത പൊലീസ് കമ്മീഷണറെന്നും കഴിഞ്ഞ കുറേ നാളുകള്‍ക്കിടെ ഒരു ദിവസം മാത്രമാണ് അദ്ദേഹം അവധിയിലായതെന്നും മമത ട്വീറ്റ് ചെയ്തിരുന്നു. രാജീവ് ഒളിവിലാണെന്നുള്ള ആരോപണത്തെ പ്രതിരോധിച്ചായിരുന്നു മമതയുടെ ട്വീറ്റ്.

ബംഗാളില്‍ സി.ബി.ഐ ഉദ്യോഗസ്ഥരെ സംസ്ഥാന പൊലീസ് തടഞ്ഞതിന് പിന്നാലെ കൊല്‍ക്കത്തയിലെ സി.ബി.ഐ ഓഫീസുകള്‍ക്ക് സംരക്ഷണമൊരുക്കാന്‍ സി.ആര്‍.പി.എഫിനെ വിന്യസിച്ചു. പൊലീസിന്റെ നടപടിക്കെതിരെ നാളെ സുപ്രീംകോടതിയെ സമീപിക്കാനും സി.ബി.ഐ തീരുമാനിച്ചിട്ടുണ്ട്.ബംഗാളിലെത്തിയ സി.ബി.ഐ സംഘത്തെ അറസ്റ്റ് ചെയ്തില്ലെന്നും തടയുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.

സംഭവമുണ്ടായപ്പോള്‍ രാജീവ് കുമാറിന്റെ വസതിയിലേക്ക് കുതിച്ചെത്തിയ മമതാ ബാനര്‍ജി സി.ബി.ഐയെ ഉപയോഗിച്ചുള്ള കേന്ദ്രത്തിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ച് ധര്‍ണ്ണയിരിക്കുകയാണ്.ബംഗാളില്‍ മോദി അട്ടിമറിക്ക് ശ്രമിച്ചുവെന്നും ഭരണഘടനയെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെയാണ് ധര്‍ണ്ണയിരിക്കുന്നതെന്നും മമത പറഞ്ഞു.

ബംഗാളില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തുറന്നപോര് പ്രഖ്യാപിച്ചതോടെ സംഭവവികാസങ്ങളില്‍ വിശദീകരണം തേടി ഗവര്‍ണര്‍. ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടുമാണ് ഗവര്‍ണര്‍ ത്രിപാഠി വിശദീകരണം തേടിയത്. തുടര്‍നടപടികള്‍ പരസ്യപ്പെടുത്താനാകില്ലെന്നും ഗവര്‍ണര്‍ അറിയിച്ചു.

അതേസമയം ബംഗാള്‍ സര്‍ക്കാരിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സി.ബി.ഐ. വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരും കോടതിയെ സമീപിച്ചേക്കും. സംസ്ഥാനത്ത് സി.ബി.ഐ.ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്ന ‘ലെറ്റര്‍ ഓഫ് ജനറല്‍ കണ്‍സെന്റ്’ കഴിഞ്ഞ നവംബറില്‍ മമതാ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.