1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2011

നടന്‍ ജഗതി ശ്രീകുമാര്‍ ജനങ്ങളുടെ മുന്നില്‍ വെറും ജോക്കറായി തരം താഴരുതെന്ന് ഗായകന്‍ എം ജി ശ്രീകുമാര്‍. ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍ ജൂനിയറിന്‍റെ ഗ്രാന്‍റ് ഫിനാലെ വേദിയില്‍ അവതാരകയായ രഞ്ജിനി ഹരിദാസിനെതിരെ പരസ്യമായി പരിഹാസശരങ്ങളെയ്ത ജഗതിയുടെ നടപടിയാണ് എം ജി ശ്രീകുമാറിനെ പ്രകോപിപ്പിച്ചത്.

രഞ്ജിനിയെ മാത്രമല്ല, മത്സരാര്‍ത്ഥികളായ കുട്ടികളെ കളിയാക്കുകയും അവരുടെ അബദ്ധങ്ങളെ പെരുപ്പിച്ച് കാട്ടുകയും ചെയ്യുന്ന റിയാലിറ്റി ഷോ ജഡ്ജസിനെയും ജഗതി വിമര്‍ശിച്ചിരുന്നു. ഇതോടെയാണ് എം ജി ശ്രീകുമാര്‍ ‘വെള്ളിനക്ഷത്ര’ത്തിന് അഭിമുഖം നല്‍കിക്കൊണ്ട് ജഗതിക്കെതിരെ രംഗത്തെത്തിയത്.

“കുട്ടികളെ കളിയാക്കുകയും ദേഷ്യപ്പെടുകയും ഒക്കെ ചെയ്യുന്നത് അവരോടുള്ള സ്നേഹം കൊണ്ടാണ്. ഞാനും ശരത്തും ചിത്രയും കുട്ടികളുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി അത് പാടിക്കൊടുത്താണ് തിരുത്തുന്നത്. എല്ലാം ശരിയാണെന്നുപറയാനും മത്സരാര്‍ത്ഥികളെ സുഖിപ്പിക്കാനുമാണെങ്കില്‍ അതിന് ഞങ്ങളുടെ ആവശ്യമില്ലല്ലോ. ഇതൊന്നും മനസിലാക്കാതെ വായ്ക്ക് തോന്നിയത് കോതയ്ക്ക് പാട്ട് എന്നപോലെ ജഗതി പറഞ്ഞത് തീര്‍ത്തും മോശമായിപ്പോയി. ഇത്തരം പ്രസ്താവനകള്‍ നടത്തി ജഗതി ശ്രീകുമാര്‍ ജനങ്ങളുടെ മുന്നില്‍ വെറുമൊരു ജോക്കറായി തരം താഴരുതെന്ന് താഴ്മയായി അപേക്ഷിക്കുന്നു” – എം ജി ശ്രീകുമാര്‍ പറഞ്ഞു.

സ്റ്റാര്‍ സിംഗറിലെ മറ്റൊരു ജഡ്ജായ ശരത്തും ജഗതിക്കെതിരെ വിമര്‍ശനം നടത്തി. “ജഗതി ചേട്ടനെപ്പോലൊരാള്‍ ഇത്രയും പരസ്യമായി ഒരാളെ തേജോവധം ചെയ്യാന്‍ പാടില്ലായിരുന്നു. ജഗതിച്ചേട്ടന്‍ മഹാനടനാണ്. അദ്ദേഹം അദ്ദേഹത്തിന്‍റെ തരത്തിലുള്ള ആളുകളെയാണ് വിമര്‍ശിക്കേണ്ടത്. അല്ലാതെ, രഞ്ജിനിയെപ്പോലെ ഇന്നലെ വന്ന ഒരു കുട്ടിയ വിമര്‍ശിച്ചതുകൊണ്ട് ജഗതിച്ചേട്ടനെ ബഹുമാനിച്ചിരുന്നവരുടെ മുന്നില്‍ അദ്ദേഹം അപഹാസ്യനാകുകയാണ് ചെയ്തത്” – ശരത് പറഞ്ഞു.

ജഗതി വിമര്‍ശിച്ച രഞ്ജിനി ഹരിദാസും അദ്ദേഹത്തിനെതിരെ വാക്പ്രയോഗം നടത്തി. “ചീപ്പ് പബ്ലിസിറ്റിക്കുവേണ്ടി ഒരാളെ ഇങ്ങനെ ഇന്‍സള്‍ട്ട് ചെയ്യുന്നത് മഹത്തായ കാര്യമൊന്നുമല്ല. മൈക്ക് കയ്യിലുള്ളതുകൊണ്ട് എന്തും വിളിച്ചുപറയാമെന്ന ഭാവമായിരുന്നു അദ്ദേഹത്തിന്. ഒരു സദസില്‍ വലിയ അളാകാന്‍ നടത്തിയ ഒരു ശ്രമം മാത്രമാണിത്. ഞാന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിച്ചിരുന്ന അഭിനയ പ്രതിഭയാണ് ജഗതി ശ്രീകുമാര്‍. ഇപ്പോള്‍ ഒരു തരിമ്പ് ബഹുമാനം പോലുമില്ല” – രഞ്ജിനി പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.