1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2019

സ്വന്തം ലേഖകന്‍: പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിലെ ഐറ്റം ഡാന്‍സ് രംഗത്തിനെതിരെ വിമര്‍ശനങ്ങളുണ്ടായി. സ്ത്രീവിരുദ്ധതയുള്ള സിനിമകളുടെ ഭാഗമാകില്ലെന്ന നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ പരാമര്‍ശത്തെയും ലൂസിഫറിലെ ഐറ്റം ഡാന്‍സ് രംഗത്തെയും ബന്ധപ്പെടുത്തിയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. 

വിവാദവിഷയങ്ങളില്‍ പ്രതികരണമറിയിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് പൃഥ്വിരാജ് ചിത്രത്തിലെ ഐറ്റം ഡാന്‍സ് നമ്പറിനെക്കുറിച്ച് സംസാരിച്ചത്. ‘നടിമാര്‍ ഗ്ലാമറസ് വേഷങ്ങള്‍ ധരിച്ചെത്തുന്ന ഒരു ഡാന്‍സ് നമ്പര്‍ എങ്ങിനെയാണ് സ്ത്രീ വിരുദ്ധതയാകുന്നത്? അത് എങ്ങിനെയാണ് ഞാന്‍ അന്ന് പറഞ്ഞതിനെതിരെയാകുന്നത്? മുംബൈയിലെ ഡാന്‍സ് ബാറില്‍ നടക്കുന്നതും ഞാന്‍ പറഞ്ഞതുമായി എങ്ങനെയാണ് ബന്ധപ്പെടുത്താനാകുക? അത്തരമൊരു സെറ്റില്‍ ഓട്ടന്‍തുള്ളല്‍ ചിത്രീകരിച്ചിരുന്നെങ്കില്‍ എന്തൊരു ബോറായേനെ?’ പൃഥ്വിരാജ് ചോദിച്ചു.

സ്ത്രീകളെ തരംതാഴ്ത്തുന്ന രീതിയില്‍ സംസാരിക്കുകയോ അഭിനയിക്കുകയോ ചെയ്യില്ലെന്ന് പൃഥ്വിരാജ് മുമ്പ് ഫേസ്ബുക്കില്‍ ഒരു കുറിപ്പെഴുതിയിരുന്നു. ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയ പൃഥ്വിയുടെ ആദ്യ ചിത്രത്തില്‍ തന്നെ ഐറ്റം ഡാന്‍സ് നമ്പര്‍ ഉള്‍പ്പെടുത്തിയതെന്തിനെന്നാണ് പലരും വിമര്‍ശിച്ചത്. ഗ്ലൈമറസ് വേഷങ്ങള്‍ ധരിച്ച് നടിമാര്‍ നൃത്തം ചെയ്യുന്ന ഐറ്റം ഡാന്‍സ് രംഗങ്ങള്‍ ഒരുകാലത്ത് സിനിമയില്‍ നിന്നും ഒഴിവാക്കിയിരുന്നുവെങ്കിലും അത്തരം നൃത്തരംഗങ്ങള്‍ വീണ്ടും തരംഗമാവുകയായിരുന്നു.

സിനിമ വലുതോ ചെറുതോ എന്നു നോക്കിയല്ല, ഒരു സംവിധായകന്റെ കഴിവ് അളക്കേണ്ടതെന്നും പൃഥ്വിരാജ് പറഞ്ഞു. ഈ മ യൗ പോലുള്ള ചിത്രങ്ങളില്‍ സംവിധായകന്റെ വേറിട്ട കഴിവ് പ്രകടമാകുന്നുണ്ട്. ലൂസിഫര്‍ പോലെ കുറെയധികം ആളുകള്‍ ഭാഗഭാക്കായ വലിയൊരു ചിത്രത്തില്‍ എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോവുക എന്നത് ഒരു വലിയ വെല്ലുവിളി തന്നെയാണെന്നും പൃഥ്വി പറയുന്നു. അതിന്റെ മുഴുവന്‍ ക്രെഡിറ്റും അണിയറപ്രവര്‍ത്തകര്‍ക്കു തന്നെയാണെന്നും അദ്ദേഹം പറയുന്നു. ലൂസിഫറിന് ഒരു രണ്ടാം ഭാഗം വേണമോ എന്നു തീരുമാനിച്ചിട്ടില്ലെന്നും ചെയ്യുകയാണെങ്കില്‍ ആദ്യ ഭാഗത്തെക്കാള്‍ വലിയ പ്രൊജക്ടായി, ഒരുപാട് ആലോചിച്ച ശേഷമേ തീരുമാനിക്കൂവെന്നും സംവിധായകന്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.