1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2012

ലെജ്ജണേഴ്‌സ് രോഗം വീണ്ടും സ്‌കോട്ട്‌ലാന്‍ഡില്‍ കണ്ടെത്തുകയും ഒരാള്‍ മരിക്കുകയും രോഗം കൂടുതല്‍ ആളുകളില്‍ സ്ഥിരീകരിക്കുകയും ചെയ്തതോടെ എങ്ങും ഭീതി പടര്‍ന്നിരിക്കുകയാണ്.നിലവില്‍ ഈ രോഗമൂലം വര്‍ഷത്തില്‍ 50 പേര്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്. അനാരോഗ്യകരമായ ചുറ്റുപാടുകള്‍ രോഗത്തിന്റെ അവസ്ഥയെ കൂടുതല്‍ മോശമാക്കും. എന്നാല്‍ ആരോഗ്യവാന്മാരായ ആളുകളിലും അണുബാധയുണ്ടാവുകയും മെഡിക്കല്‍ ട്രീറ്റ്‌മെന്റ് ആവശ്യമായി വരുകയും ചെയ്യും. രോഗം ഉണ്ടാകാനുളള കാരണങ്ങള്‍, രോഗലക്ഷണങ്ങള്‍, ചികിത്സ എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കും.

എന്താണ് ലെജ്ജ്‌ണേഴ്‌സ് രോഗം

ഇത് ന്യുമോണിയയുടെ ഒരു വകഭേദമാണ്. ലെജിയോണെല്ല എന്ന ബാക്ടീരിയയാണ് ഈ രോഗം പരത്തുന്നത്. പ്രധാനമായും ശ്വാസകോശത്തെയാണ് രോഗം ബാധിക്കുന്നത്. അണുബാധയുളള വെളളത്തില്‍ കൂടിയാണ് രോഗം പകരുന്നത്. സാധാരണ വെളളത്തില്‍ ലെജിയോണെല്ലാ ബാക്ടീരിയയുടെ അളവ് തീരെ കുറവായിരിക്കും. എന്നാല്‍ ഹോട്ടലുകളിലേയും വീടുകളിലേയും ടാങ്കുകളിലും മറ്റും സൂക്ഷിച്ചിരിക്കുന്ന വെളളത്തില്‍ ലെജിയോണെല്ലാ ബാക്ടീരിയ പെരുകാന്‍ സാധ്യതയുണ്ട്. കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യുമ്പോള്‍ ഈ വെളളത്തുളളികള്‍ ശ്വസിക്കുന്നതാണ് അസുഖമുണ്ടാകാന്‍ കാരണം.

എന്നാല്‍ ഇത് വ്യക്തികളില്‍ നിന്ന് വ്യക്തികളിലേക്ക് പകരില്ല അതേപോലെ ബാക്ടീരിയ അടങ്ങിയ വെളളം കുടിച്ചാലും രോഗം വരില്ല. അതിനാല്‍ തന്നെ രോഗം പൊട്ടിപ്പുറപ്പെടുന്നത് ഒരു പ്രത്യേക കെട്ടിടത്തിലോ പ്രദേശത്തോ ആയിരിക്കും. അമേരിക്കന്‍ ലെജിണിന്റെ ഒരു കണ്‍വെന്‍ഷന്‍ നടന്ന ഹോട്ടലിലാണ് ആദ്യമായി ഈ രോഗം കണ്ടെത്തിയത്. അതിനാലാണ് ഈ രോഗത്തെ ലെജ്ജിണേഴ്‌സ് രോഗം എന്ന പേരില്‍ അറിയപ്പെടുന്നത്.

ലെജ്ജിണേഴ്‌സ് രോഗം മരണകാരണമായേക്കാം. രോഗം ബാധിച്ച 10 മുതല്‍ 15 ശതമാനം ആളുകള്‍ മരിച്ചിട്ടുണ്ട്. മറ്റ് അസുഖങ്ങള്‍ ഉളള രോഗികള്‍ക്ക് അപകട സാധ്യത ഏറെയാണ്. പുരുഷന്‍മാര്‍ക്ക് ഈ അസുഖം ബാധിക്കാനുളള സാധ്യത മൂന്ന് മടങ്ങ് കൂടുതലാണ്.

രോഗലക്ഷണങ്ങള്‍

അണുബാധയുണ്ടായി രണ്ട് മുതല്‍ പത്തൊന്‍പത് ദിവസങ്ങള്‍ക്കുളളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. സാധാരണയായി ഒരാഴ്ചക്കുളളില്‍ രോഗലക്ഷണങ്ങള്‍ കാണാറുണ്ട്. തുടക്കത്തില്‍ ചെറിയ തലവേദനയും പേശീവേദനയുമാകും ലക്ഷണങ്ങള്‍. തുടര്‍ന്നുളള ദിവസങ്ങളില്‍ കടുത്ത പനിയുടെ ലക്ഷങ്ങള്‍ പ്രത്യക്ഷപ്പെടും. പനി, കടുത്ത പേശീവേദന, വിറയല്‍, ക്ഷീണം തുടങ്ങിയവയാകും ആദ്യ ലക്ഷണങ്ങള്‍. അണുബാധ ശ്വാസകോശത്തെ ബാധിക്കുന്നതോടെ കഫത്തോട് കൂടിയ കനത്ത ചുമ അനുഭവപ്പെടും. മാത്രമല്ല ചുമക്കുമ്പോള്‍ കഫത്തില്‍ രക്തം കാണാനും സാധ്യതയുണ്ട്. രോഗം കനക്കുന്നതോടെ ശ്വാസ തടസ്സവും നെഞ്ചുവേദനയും ഉണ്ടാകും. അപൂര്‍വ്വമായി ചിലരില്‍ ഡയേറിയയും കണ്ടു വരാറുണ്ട്.

മെഡിക്കല്‍ സഹായം.

ലെജ്ജിണേഴ്‌സ് രോഗം അപൂര്‍വ്വമായി മാത്രമേ കണ്ടുവരാറുളളു. യുകെയില്‍ ഒരു വര്‍ഷത്തിനിടയില്‍ 345 പേര്‍ക്കാണ് ഈ രോഗം കണ്ടെത്തിയത്. ചിലപ്പോള്‍ രോഗലക്ഷണങ്ങള്‍ മറ്റ് രോഗമാണന്ന് തെറ്റിദ്ധരിക്കാനും കാരണമാകാറുണ്ട്. കടുത്ത ടെമ്പറേച്ചറുണ്ടെങ്കില്‍ ബാക്ടീരിയല്‍ ഇന്‍ഫെക്ഷനാണന്ന് ഉറപ്പിക്കാം. ഇതിന് ആന്റിബയോട്ടിക് ചികിത്സ വേണ്ടിവരും. മറ്റ് അസുഖങ്ങള്‍ ഉളള ആളാണങ്കില്‍ ആശുപത്രിയില്‍ കിടന്ന് ചികിത്സിക്കേണ്ടി വരും. അല്ലാത്ത ആളുകളില്‍ ഒരാഴ്ച മുതല്‍ മൂന്നാഴ്ച വരെ നീളുന്ന ആന്റിബയോട്ടിക് കോഴ്‌സുകള്‍ നല്‍കിയാല്‍ മതിയാകും. ലെജ്ജിണേഴ്‌സ് രോഗലക്ഷണങ്ങള്‍ നിങ്ങളിലോ സമീപത്തുളളവരിലോ കാണുകയാണങ്കില്‍ എന്‍എച്ച്എസിന്റെ 24 മണിക്കൂര്‍ സേവനത്തിനായി (08454242424) ആവശ്യപ്പെടാവുന്നതാണ്. രോഗം നേരത്തെ തിരച്ചറിയുന്നത് അപകട സാധ്യത കുറയ്ക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.