1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2019

സ്വന്തം ലേഖകൻ: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നടപടികളെ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ വിമര്‍ശിച്ച തുര്‍ക്കി, മലേഷ്യ ഭരണാധികാരികള്‍ക്ക് മറുപടി നല്‍കി ഇന്ത്യന്‍ വിദേശകാര്യ പ്രതിനിധി രവീഷ് കുമാര്‍. നിജസ്ഥിതി അറിയാതെയാണ് ഇന്ത്യയുടെ ആഭ്യന്തരകാര്യത്തില്‍ ഇരു രാജ്യങ്ങളും അഭിപ്രായം പറഞ്ഞതെന്നാണ് വിദേശകാര്യവകുപ്പ് അറിയിച്ചു.

ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിലുള്ള തുര്‍ക്കി പ്രസിഡന്റിന്റെ ഈ അഭിപ്രായം പരിഗണിക്കുന്നില്ലെന്നും, ഇനിയും ഇത്തരത്തിലുള്ള അഭിപ്രായം പറയുന്നതിനു മുമ്പ് കശ്മീര്‍ വിഷയം മനസ്സിലാക്കാന്‍ തുര്‍ക്കിയെ ക്ഷണിക്കുന്നെന്നും രവീഷ് കുമാര്‍ പറഞ്ഞു.

സംഘട്ടനങ്ങളിലൂടെയല്ല കശ്മീര്‍ പ്രശ്‌നം പരിഹരിക്കേണ്ടതെന്നും ദക്ഷിണേഷ്യയുടെ വളര്‍ച്ചയില്‍ നിന്നും സമൃദ്ധിയില്‍ നിന്നും കശ്മീരിനെ മാറ്റി നിര്‍ത്താനാവില്ല എന്നുമായിരുന്നു യു.എന്‍ പൊതു സഭയില്‍ തുര്‍ക്കി പ്രസിഡന്റ് റെജബ് തയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞിരുന്നത്. കഴിഞ്ഞയാഴ്ച യു.എന്‍ പൊതുസഭയില്‍ ഇന്ത്യയെ വിമര്‍ശിച്ച മലേഷ്യന്‍ പ്രധാനമന്ത്രിക്കും ഇന്ത്യ മറുപടി നല്‍കി.

ഇന്ത്യയും മലേഷ്യയും തമ്മില്‍ നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും, കശ്മീര്‍ വിഷയത്തിലെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും വസ്തുതകളെ മനസ്സിലാക്കിയല്ല അഭിപ്രായമെന്നുമാണ് ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഒപ്പം കശ്മീരില്‍ അധിനിവേശം നടത്തിയത് പാക്കിസ്ഥാനാണെന്നും കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും രവീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി പ്രസിഡന്റിന്റേതിനു സമാനമായ നിലപാടു തന്നെയായിരുന്നു മലേഷ്യയും സ്വീകരിച്ചിരുന്നത്.
ഇന്ത്യയുടെ അക്രമണവും അധിനിവേശവുമാണ് കശ്മീരില്‍ കണ്ടതെന്നും പാക്കിസ്ഥാനുമായി വിഷയം സംസാരിച്ച് ഒത്തു തീര്‍പ്പാക്കുകയാണ് വേണ്ടതെന്നും ആയിരുന്നു മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് പറഞ്ഞത്. ഇന്ത്യയുടെ നടപടികള്‍ക്ക് കാരണങ്ങളുണ്ടാകാമെങ്കിലും ഇത് ന്യായീകരിക്കാനാവില്ല എന്നും മഹാതിര്‍ മുഹമ്മദ് പറഞ്ഞിരുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.