1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2019

സ്വന്തം ലേഖകന്‍: മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കുമ്മനം വരുന്നു; തിരുവനന്തപുരത്ത് ആവേശപ്പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നതായി സൂചന. കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതി അംഗീകരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആര്‍എസ്എസ് ശക്തമായ നിലപാടെടുത്തിരുന്നു.തിരുവനന്തപുരത്ത് ഏറ്റവും വിജയ സാധ്യതയുള്ളത് കുമ്മനത്തിനാണെന്ന് ബിജെപി നടത്തിയ ആഭ്യന്തര സര്‍വേയില്‍ വ്യക്തമായിരുന്നു. 14,501 വോട്ടിനാണ് കഴിഞ്ഞ തവണ ഒ രാജഗോപാല്‍ ശശി തരൂരിനോടു പരാജയപ്പെട്ടത്.

ശബരിമല വിഷയത്തെത്തുടര്‍ന്നുള്ള അനുകൂല ഘടകം കൂടി കണക്കിലെടുത്താല്‍ ഇതു മറികടക്കാനാവുമെന്നും കുമ്മനമാണ് ഏറ്റവും യോജ്യനായ സ്ഥാനാര്‍ഥിയെന്നുമാണ് ദേശീയ ഏജന്‍സികളെ ഉപയോഗിച്ചു നടത്തിയ സര്‍വേ കണ്ടെത്തിയത്. ഇതിനു പിന്നാലെ കുമ്മനത്തിനായി ആര്‍എസ്എസ് ശക്തമായി രംഗത്തുവരികയും ചെയ്തു.

കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. ഒ രാജഗോപാല്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി രംഗത്തുവരിക കൂടി ചെയ്തതോടെ കേന്ദ്ര നേതൃത്വം ഈ ആവശ്യം അംഗീകരിക്കുകയായിരുന്നു.

ഗവര്‍ണര്‍ സ്ഥാനത്തുള്ള ഏതാനും ബിജെപി നേതാക്കള്‍ സജീവ രാഷ്ട്രീയത്തിലേക്കു മടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചതാണ്, കുമ്മനത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തെ പ്രേരിപ്പിച്ചതെന്ന് നേതാക്കള്‍ പറയുന്നു. കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല ഉള്‍പ്പെടെയുള്ളവര്‍ സജീവ രാഷ്ട്രീയത്തിലേക്കു മടങ്ങാന്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന.

കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കുന്നത് ചൂണ്ടിക്കാട്ടി ഇവര്‍ സമ്മര്‍ദം ശക്തമാക്കുമെന്ന വിലയിരുത്തലിലാണ്, സംസ്ഥാന ഘടകത്തിന്റെ ആവശ്യത്തോട് ബിജെപി കേന്ദ്ര നേതൃത്വം തുടക്കത്തില്‍ അനുകൂലമായി പ്രതികരിക്കാതിരുന്നത്. എന്നാല്‍ നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ ഓരോ സീറ്റും വിലപ്പെട്ടതാണെന്നതുകൊണ്ട്, വിജയ സാധ്യത കണക്കിലെടുത്ത് നേതൃത്വം നിലപാടു മാറ്റുകയായിരുന്നു. കുമ്മനത്തിനു പുറമേ രാജ്യസഭാംഗം സുരേഷ് ഗോപിയാണ് തിരുവനന്തപുരത്തേക്കു പരിഗണിക്കപ്പെട്ടിരുന്നയാള്‍. എന്നാല്‍ മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.