1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2019

സ്വന്തം ലേഖകൻ: ലഖ്നൗ-ഡല്‍ഹി പാതയില്‍ രാജ്യത്തെ ആദ്യ സ്വകാര്യ തീവണ്ടി സര്‍വീസ് ആരംഭിച്ചു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ആദ്യ സ്വകാര്യ തീവണ്ടിയായ തേജസ് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. വാണിജ്യാടിസ്ഥാനത്തില്‍ തേജസ് എക്പ്രസസിന്റെ ആദ്യ യാത്ര ശനിയാഴ്ച തുടങ്ങും. ഐ.ആര്‍.സി.ടി.സി.യുടെ (ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) മേല്‍നോട്ടത്തിലാണ് സ്വകാര്യ തീവണ്ടി സര്‍വീസ്.

ശതാബ്ദി എക്‌സ്പ്രസ് തീവണ്ടികളുടെ കൂടുതല്‍ പ്രീമിയമായ തീവണ്ടിയാണ് തേജസ് എക്‌സ്പ്രസ്. ചൊവ്വാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസം ഈ പാതയില്‍ സ്വകാര്യ തീവണ്ടി സര്‍വീസ് നടത്തും. ആറ് മണിക്കൂര്‍ പതിനഞ്ച് മിനിറ്റിനുള്ളില്‍ തേജസ് എക്‌സ്പ്രസ് ലഖ്‌നൗവില്‍നിന്ന് ഡല്‍ഹിയിലെത്തും. രാവിലെ 6.10 ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12.25ന് ഡല്‍ഹിയിലെത്തും. 3.35ന് ഡല്‍ഹിയില്‍ നിന്ന് മടങ്ങി രാത്രി 10.05ന് ലഖ്‌നൗവില്‍ തിരിച്ചെത്തുന്ന വിധമാണ് സ്വകാര്യ തീവണ്ടിയുടെ സമയക്രമം. യാത്രയ്ക്കിടയില്‍ ആകെ കാണ്‍പൂരിലും ഗാസിയാബാദിലുമാണ് വണ്ടിക്ക് സ്റ്റോപ്പുള്ളത്.

മികച്ച നിലവാരത്തിലുള്ള കോച്ചുകള്‍ക്കൊപ്പം സിസി ടിവി ക്യാമറ, ബയോ ടോയ്‌ലെറ്റ്, എല്‍ഇഡി ടിവി, ഓട്ടോമാറ്റിക് ഡോര്‍, റീഡിങ് ലൈറ്റ്, പ്രത്യേക മൊബൈല്‍ ചാര്‍ജിങ് പോയന്റ് തുടങ്ങി യാത്രക്കാര്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുന്ന നിരവധി നൂതന സംവിധാനങ്ങള്‍ തേജസിലുണ്ട്. ചായ, കോഫി മെഷീനുകളും തീവണ്ടിക്കുള്ളിലുണ്ട്. വിമാന യാത്രയ്ക്ക് സമാനമായ രീതിയില്‍ ജോലിക്കാര്‍ യാത്രക്കാര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കും.

758 യാത്രക്കാര്‍ക്ക് തീവണ്ടിയില്‍ യാത്രചെയ്യാം. യാത്രക്കാര്‍ക്ക് 25 ലക്ഷം രൂപയുടെ വരെ സൗജന്യ ഇന്‍ഷുറന്‍സും ലഭിക്കും. ഒരു മണിക്കൂറിലേറെ തീവണ്ടി വൈകിയാല്‍ യാത്രക്കാര്‍ക്ക് ഐ.ആര്‍.സി.ടി.സി 100 രൂപ നല്‍കും. രണ്ട് മണിക്കൂറിന് മുകളില്‍ വൈകിയാല്‍ 250 രൂപ വരെയും ലഭിക്കും. എസി ചെയറിന് 1125 രൂപയും എക്‌സിക്യൂട്ടീവ് ചെയറിന് 2310 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സൗജന്യ പാസുകളോ നിരക്കിളവോ തീവണ്ടിയില്‍ അനുവദിക്കില്ല. വണ്ടി പുറപ്പെടുന്നതിന് നാലുമണിക്കൂര്‍ മുമ്പുവരെ ടിക്കറ്റ് റദ്ദാക്കിയാല്‍ 25 രൂപ മാത്രമേ കുറയ്ക്കുകയുള്ളൂ. വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റ് റദ്ദാക്കിയാല്‍ മുഴുവന്‍സംഖ്യയും തിരികെ ലഭിക്കും. ആര്‍.എ.സി. ടിക്കറ്റ് ആണെങ്കില്‍ വണ്ടി പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് റദ്ദാക്കിയാല്‍ മുഴുവന്‍ പണവും തിരികെ ലഭിക്കും.

മുംബൈ-ഹൈദരാബാദ് പാതയിലാണ് രണ്ടാമത്തെ സ്വകാര്യ തീവണ്ടി സര്‍വീസ് നടത്താന്‍ ഐ.ആര്‍.സി.ടി.സി. ലക്ഷ്യമിടുന്നത്. പിന്നാലെ പ്രധാനപ്പെട്ട മറ്റു പാതകളിലും സ്വകാര്യ തീവണ്ടികള്‍ പരീക്ഷിക്കും. വിജയകരമായാല്‍ സ്വകാര്യ തീവണ്ടികള്‍ രാജ്യത്തുടനീളം ഓടിത്തുടങ്ങും. നേരത്തെ തിരുവനന്തപുരം-എറണാകുളം റൂട്ടാണ് കേരളത്തില്‍നിന്ന് സാധ്യതാപട്ടികയില്‍ ഇടംപിടിച്ചിരുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.