1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2018

സ്വന്തം ലേഖകന്‍: മഹാപ്രളയത്തിനു പിന്നാലെ സംസ്ഥാനത്തെ നദികളിലും ജലാശയങ്ങളിലും ജലനിരപ്പ് ക്രമാതീതമായി താഴുന്നു. ജലഅതോറിറ്റിയുടെ ശുദ്ധജലവിതരണം പ്രതിസന്ധിയിലാകും വിധമാണ് ജലനിരപ്പ് താഴുന്നത്. ഈ നില തുടര്‍ന്നാല്‍ സംസ്ഥാനത്തെ പകുതിയിലധികം ശുദ്ധജലവിതരണ പദ്ധതികള്‍ നിര്‍ത്തിവയ്‌ക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.

കിണറുകളിലെ ജലനിരപ്പും കുത്തനെ താഴുന്നത് സംസ്ഥാനം ശുദ്ധജലക്ഷാമത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് നല്‍കുന്നത്. 10 അടിയിലേറെയാണ് പെരിയാര്‍ ഉള്‍പ്പെടെയുള്ള പ്രധാന നദികളിലെ ജലനിരപ്പ് താഴ്ന്നത്. പലയിടത്തും പുതിയ മണല്‍തിട്ടകള്‍ തെളിഞ്ഞു തുടങ്ങി. പുഴയുടെ മധ്യഭാഗത്തു പോലും അരയ്‌ക്കൊപ്പം വെള്ളംമാത്രമാണുള്ളത്.

ഈ നില തുടര്‍ന്നാല്‍ ആലുവയില്‍നിന്നുള്ള ശുദ്ധജല പമ്പിങ് ദിവസങ്ങള്‍ക്കുള്ളില്‍ നിലയ്ക്കും. സമാന സ്ഥിതിയാണ് ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി വെള്ളമെടുക്കുന്ന മൂവാറ്റുപുഴയാറിലും. മണലി ചാലക്കുടി, കുറുമാലി പുഴകളുടെയും മീനച്ചലാര്‍, മണിമലയാര്‍, പമ്പ, അച്ചന്‍കോവില്‍ എന്നിവയുടെ ജലനിരപ്പും ദിനംപ്രതി താഴുന്നു.

തടയണകെട്ടി വെള്ളം സംഭരിക്കാനുള്ള നടപടികള്‍ വിജയിച്ചില്ലെങ്കില്‍ ഈ നദികളിലെ കുടിവെള്ള പദ്ധതികളും പ്രതിസന്ധിയിലാകും. കോഴിക്കോട് ജില്ലയില്‍ പൂനൂര്‍ പുഴയിലും ചാലിയാറിലും ഇരുവഞ്ഞിപ്പുഴയിലും ജലനിരപ്പ് താഴ്‌ന്നെങ്കിലും നിലവില്‍ ശുദ്ധജലവിതരണത്തെ ബാധിച്ചിട്ടില്ല. ഇരിട്ടിപുഴയില്‍ ജലനിരപ്പ് താഴുന്നത് കണ്ണൂര്‍ ജില്ലയിലെ പ്രധാന കുടിവെള്ള പദ്ധതിയായ പഴശി പമ്പിങ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.