1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2018

സ്വന്തം ലേഖകന്‍: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ലോക ബാങ്കിന്റേയും എഡിബിയുടേയും പ്രതിനിധികളെത്തി; 4796.35 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് നിവേദനം നല്‍കി. കോഴിക്കോട് വയനാട്, മലപ്പുറം ജില്ലകളിലെ പ്രളയ ബാധിത പ്രദേശങ്ങളാണ് പ്രതിനിധി സംഘം സന്ദര്‍ശിക്കുന്നത്. വിവിധ മേഖലകളില്‍ ജില്ലയിലുണ്ടായ നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ ലോക ബാങ്ക് പ്രതിനിധികള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു.

ചെറുവണ്ണൂര്‍, മാളിക്കടവ്, മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, കരിഞ്ചോലമല, കണ്ണപ്പന്‍കുണ്ട്, വയനാട് ചുരം (ചിപ്പിലിത്തോട്) എന്നിവിടങ്ങളിലാണ് ലോക ബാങ്ക്, എ.ഡി.ബി സംഘം സന്ദര്‍ശനം നടത്തിയത്. ജില്ലാ കലക്ടര്‍ യു.വി ജോസ്, ഡെപ്യൂട്ടി കലക്ടര്‍( ദുരന്തനിവാരണം) കെ.റംല തുടങ്ങിയവര്‍ അനുഗമിച്ചു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ ഭാഗമായി ഓഗസ്റ്റ് 17 നും 21 നും ഉണ്ടായ അതിശക്തമായ മഴ വെള്ളപ്പൊക്കത്തിന് കാരണമായെന്ന് വിലയിരുത്തി.

അതിനിടെ പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്നതിനായി സഹായം അഭ്യര്‍ത്ഥിച്ച് സംസ്ഥാനം കേന്ദ്രത്തിന് നിവേദനം നല്‍കി. 4796.35 കോടി രൂപയുടെ സഹായമാണ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കേന്ദ്രത്തിന്റെ മാനദണ്ഡം അനുസരിച്ചുള്ള സഹായമാണ് ആദ്യഘട്ടത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദുരന്തത്തില്‍ മരിച്ച 339 പേരുടെ കുടുംബങ്ങള്‍ക്കായി 13.56 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് വരും ദിവസങ്ങളില്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്ന സഹായം:

രക്ഷാപ്രവര്‍ത്തനത്തിനും തിരച്ചിലിനും 271 കോടി.

ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിപ്പിച്ചതിന് 74.34 കോടി.

കുടിവെള്ളം വിതരണം െചയ്തതിന് 3.70 കോടി.

കൃഷിയിടങ്ങളില്‍നിന്ന് മണ്ണ് മാറ്റുന്നതിന് 131 കോടി.

കാര്‍ഷിക വിളകള്‍ 33 ശതമാനത്തിലധികം നഷ്ടപ്പെട്ടവര്‍ക്ക് സബ്‌സിഡി 73.57 കോടി.

മൃഗ സംരക്ഷണമേഖലയില്‍ 44.09 കോടി.

മത്സ്യബന്ധനമേഖലയില്‍ 1.43 കോടി.

പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്ക് 105 കോടി.

ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് 853 കോടി.

ചെറിയ രീതിയില്‍ തകര്‍ന്ന വീടുകള്‍ക്ക് 1732 കോടി.

പ്രധാന റോഡുകള്‍ക്ക് 95 കോടി.

വൈദ്യുതി മേഖലയ്ക്ക് 85 കോടി.

ജലസേചനത്തിന് 536 കോടി.

കുടിവെള്ളം പുനഃസ്ഥാപിക്കാന്‍ 317 കോടി.

പഞ്ചായത്ത് റോഡിന് 73 കോടി.

പ്രളയത്തെ തുടര്‍ന്നുള്ള പുനരധിവാസം സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. വാസയോഗ്യമായ ഭൂമി കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീട് നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസത്തിന് യോഗ്യമായി ഭൂമി കണ്ടെത്തി വീടോ ഫ്‌ളാറ്റോ നിര്‍മ്മിച്ച് നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു.

പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നയം കൃത്യമായി വ്യക്തമാക്കുന്നതാണ് ഉത്തരവ്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ഉത്തരവ് പുറത്തിറങ്ങിയത്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.