1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2017

 

സ്വന്തം ലേഖകന്‍: സംസ്ഥാന ബജറ്റ് ചോര്‍ന്നെന്ന് പ്രതിപക്ഷം, ചോര്‍ന്നത് മീഡിയ ഹൈലൈറ്റ്‌സെന്ന് ധനമന്ത്രി, നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. സഭയില്‍ ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം തടരുന്നതിനിടയില്‍ ബജറ്റിലെ വായിക്കാനുള്ള ഭാഗം നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവതരിപ്പിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഏറ്റവും സുപ്രധാനമായ നികുതി നിര്‍ദേശങ്ങളാണ് ചോര്‍ന്നതെന്നും ധനമന്ത്രി തോമസ് ഐസക് രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

15 പേജുകളാണ് ഐസക് വായിക്കും മുമ്പേ പ്രതിപക്ഷത്തിന്റെ കൈയ്യിലെത്തിയത്. തുടര്‍ന്ന് സാധാരണ സംഭവങ്ങളാണ് ബജറ്റ് അവതരണത്തിനിടെ സഭയിലുണ്ടായത്. അവതരണം രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് വായിക്കാനുള്ള ഭാഗങ്ങള്‍ സോഷ്യല്‍ മീഡയിയില്‍ പ്രചരിച്ചുവെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചത്. ഇതിന്റെ പ്രിന്റ് ഔട്ടുകളും പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ വിതരണം ചെയ്തു. ഇതോടെ ബജറ്റ് അവതരണം തടസ്സപ്പെട്ടു.

പരിശോധിക്കാമെന്ന ധനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ വിശദീകരണം നല്‍കിയെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങള്‍ സഭ വിട്ടിറങ്ങി. പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും ബജറ്റ് അവതരണത്തിന് സ്പീക്കര്‍ അനുമതി നല്‍കി. ധനമന്ത്രിയുടെ ഓഫീസില്‍നിന്നാണ് ബജറ്റ് ചോര്‍ന്നതെന്നും ബജറ്റ് അവതരണം തന്നെ അര്‍ത്ഥശൂന്യമായെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ബജറ്റ് ചോര്‍ന്നുവെന്ന പ്രതിപക്ഷ ആക്ഷേപത്തില്‍ മീഡിയ ഹൈലൈറ്റ്‌സ് മാത്രമാണ് ചോര്‍ന്നതെന്നാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ വിശദീകരണം. നിയമസഭയില്‍ വെച്ച രേഖകളൊന്നും ചോര്‍ന്നിട്ടില്ല, രഹസ്യ സ്വഭാവം നഷ്ടപ്പെട്ടിട്ടില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. രാജിവെക്കില്ലെന്നും ധനമന്ത്രി അറിയിച്ചു. ഹൈലൈറ്റ്‌സ് ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും നടപടിയെടുക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഐസക്ക് പറഞ്ഞു.

സംസ്ഥാന ബജറ്റ് ചോര്‍ന്നുവെന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെ ധനമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ നീക്കി. മാധ്യമങ്ങളുടെ ചുമതല വഹിക്കുന്ന അസി. പ്രൈവറ്റ് സെക്രട്ടറി മനോജ് കെ പുതിയവിളയെയാണ് തല്‍സ്ഥാനത്തുനിന്ന് നീക്കിയത്. ചോര്‍ച്ചക്കാര്യത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന് ജാഗ്രതക്കുറവുണ്ടായെന്ന് വിലയിരുത്തിയ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപണം അന്വേഷിക്കുമെന്ന് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.