1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2018

സ്വന്തം ലേഖകന്‍: പ്രിയപ്പെട്ട കലൈജ്ഞര്‍ക്ക് കണ്ണീരോടെ വിടനല്‍കി തമിഴകം; അനിശ്ചിതത്വത്തിനൊടുവില്‍ അണ്ണാ സമാധിക്കു സമീപം കരുണാനിധിയ്ക്ക് അന്ത്യവിശ്രമം. ചെന്നൈ മറീന ബീച്ചില്‍ അണ്ണാ സമാധിക്കു സമീപം സമ്പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. രാജാജി ഹാളില്‍നിന്നും പതിനായിരങ്ങളുടെ അകമ്പടിയോടെയാണു വിലാപയാത്രയായി കരുണാനിധിയുടെ ഭൗതികദേഹം മറീനയില്‍ എത്തിച്ചത്.

ഭൗതിക ദേഹത്തില്‍ മക്കള്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് ആദരസൂചകമായി സൈന്യം ആചാരവെടി മുഴക്കി. കലൈജ്ഞര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി രാജാജി ഹാളിനു മുന്നിലേക്ക് പുലര്‍ച്ചെ മുതലേ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പ്രവാഹമായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, നടന്‍ രജനീകാന്ത്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ടി.ടി.വി.ദിനകരന്‍, ഉമ്മന്‍ചാണ്ടി, കമല്‍ഹാസന്‍, ദീപ ജയകുമാര്‍ തുടങ്ങി ഒട്ടേറെപ്പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

മൃതദേഹം പൊതുദര്‍ശനത്തിനുവച്ച രാജാജി ഹാളിനു മുന്നിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ടു പേര്‍ മരിച്ചു. 33 പേര്‍ക്കു പരുക്കേറ്റു. ഉച്ചയ്ക്കു രാജാജി ഹാളിനു മുന്നില്‍നിന്ന് പൊലീസിനെ പിന്‍വലിച്ചതോടെയാണ് ഡിഎംകെ പ്രവര്‍ത്തകര്‍ വന്‍തോതില്‍ തള്ളിക്കയറിയത്. ബാരിക്കേഡുകള്‍ തള്ളിമറിച്ച ജനക്കൂട്ടം തോന്നിയ വഴികളിലൂടെയെല്ലാം മൃതദേഹ പേടകത്തിനടുത്തേക്കു കുതിച്ചതോടെ പൊലീസ് ചെറിയ തോതില്‍ ലാത്തിവീശി.

ഒരു രാത്രിയും പകലും നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണു കരുണാനിധിയുടെ മൃതദേഹം മറീന ബീച്ചില്‍ സംസ്‌കരിക്കാന്‍ അനുമതി ലഭിച്ചത്. മറീന ബീച്ചില്‍ സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ ഡിഎംകെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രാത്രി 10.30നാണ് മറീന ബീച്ചില്‍തന്നെ കലൈ!ജ്ഞര്‍ക്കും അന്ത്യവിശ്രമം ഒരുക്കുന്നതു സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തുടങ്ങിയത്. പുലര്‍ച്ചെ ഒന്നേകാല്‍ വരെ വാദം നീണ്ടെങ്കിലും തീരുമാനമാകാതിരുന്നതോടെ ഹര്‍ജി രാവിലത്തേക്കു മാറ്റുകയായിരുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.