1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2019

സ്വന്തം ലേഖകന്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ വിചാരണ നേരിടുകയായിരുന്ന യുഎസ് കോടീശ്വരന്‍ ജെഫ്രി എപ്സ്റ്റീനെ (66) മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. ന്യൂയോര്‍ക്കിലെ ജയിലില്‍ ശനിയാഴ്ചയാണ് എപ്സ്റ്റീന്റെ മൃതദേഹം കണ്ടത്. ആത്മഹത്യ ചെയ്തതാണെന്നാണ് ഔദ്യോഗിക വിശദീകണം. സഹ തടവുകാരനുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്നും റിപ്പോര്‍ട്ടുണ്ട്.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ഉള്‍പ്പെടെ നിരവധി ലോകനേതാക്കളുടെ സുഹൃത്തായിരുന്ന എപ്സ്റ്റീന് പല രഹസ്യങ്ങളും അറിയാമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അത്യാധുനിക സുരക്ഷാ, നിരീക്ഷണ സൗകര്യങ്ങളുള്ള ജയിലില്‍ കോടീശ്വരന്‍ മരിച്ചത്, കൊലപാതകമാണെന്ന നിഗമനത്തിലാണു സമൂഹമാധ്യമങ്ങള്‍. ആഴ്ചകള്‍ക്കു മുമ്പ് അര്‍ധബോധാവസ്ഥയില്‍, കഴുത്തില്‍ മുറിവുകളുമായി ക്ഷീണിതനായിരുന്നു എപ്സ്റ്റീന്‍. ഈ സംഭവത്തിനുശേഷം എപ്‌സ്റ്റീന്‍ കനത്ത നിരീക്ഷണത്തിലായിരുന്നു.

ഇങ്ങനെ കഴിയുന്നൊരാള്‍ക്കു സ്വയം ജീവനൊടുക്കാനുള്ള സാഹചര്യമുണ്ടാകുമോ എന്നാണു ചിലര്‍ ഉന്നയിക്കുന്ന സംശയം. ജയില്‍ അധികൃതരുടെ വിശദീകരണത്തിലും വ്യക്തതക്കുറവുണ്ട്. ട്രംപിന്റെ അഭിഭാഷകന്‍ റൂഡി ഗിലാനിയുടെ വാക്കുകള്‍ ശ്രദ്ധേയം. ‘സൂയിസെഡ് വാച്ച് എന്ന പ്രയോഗത്തിന്റെ അര്‍ഥമെന്താണ്? ആരാണ് നിരീക്ഷിച്ചിരുന്നത്? എപ്സ്റ്റീന്‍ ആത്മഹത്യ ചെയ്‌തെന്നു പറയുന്നതു വിശ്വസിക്കാനാകുന്നില്ല. അതിനുള്ള സാഹചര്യമില്ലായിരുന്നു’– റൂഡി പറഞ്ഞു.

മുന്‍ പ്രസിഡന്റ് ക്ലിന്റനും ഭാര്യ ഹിലരിക്കും പങ്കുണ്ടെന്നായി ആദ്യ ആരോപണം. ട്രംപിനു പങ്കുണ്ടെന്ന തരത്തില്‍ എതിര്‍പക്ഷം തിരിച്ചടിച്ചു. തന്നെ പിന്തുണയ്ക്കുന്ന ഹാസ്യതാരം ടെറന്‍സ് വില്യംസിന്റെ ട്വീറ്റ് പങ്കുവച്ച് ട്രംപ് എരിതീയില്‍ എണ്ണയൊഴിച്ചു. ‘എപ്സ്റ്റീന് ക്ലിന്റനെക്കുറിച്ച് ചില വിവരങ്ങള്‍ അറിയാമായിരുന്നു. ഇപ്പോള്‍ അദ്ദേഹം മരിച്ചു’ എന്നായിരുന്നു ട്വീറ്റ്. 55,000 ലേറെ തവണ ട്രംപിന്റെ ട്വീറ്റ് ഷെയര്‍ ചെയ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.