1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2019

സ്വന്തം ലേഖകന്‍: ഒറ്റ വിവാഹമോചനം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ധനികയാകാന്‍ മകെന്‍സി ടട്ല്‍; സമൂഹ മാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചയായി ആമസോണ്‍ ഉടമ ജെഫ് ബെസോസും ഭാര്യ മാകെന്‍സിയും തമ്മിലുള്ള വേര്‍പിരിയല്‍.  ലോകത്തെ ഏറ്റവും സമ്പന്നനായ ആമസോണ്‍ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപന ഉടമ ജെഫ് ബെസോസും (54) ഭാര്യയും എഴുത്തുകാരിയുമായ മാകെന്‍സിയും (48) 25 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചു പിരിയുന്നു.

ജെഫ് ബെസോസുമായുള്ള വിവാഹമോചനത്തോടെ എഴുത്തുകാരി മകെന്‍സി ടട്ല്‍ ലോകത്തിലെ ഏറ്റവും ധനികയാകുമോ എന്നതാണ് സമൂഹ മാധ്യമങ്ങളിലെ ചൂടന്‍ ചര്‍ച്ചാ വിഷയം. ബെസോസിന്റെ സ്വത്ത് വീതം വയ്ക്കലിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ചര്‍ച്ചകള്‍ സജീവമാക്കിയത്.

ഓണ്‍ലൈന്‍ കച്ചവട ഭീമനായ ആമസോണ്‍ ഓഹരി മൂല്യത്തില്‍ ലോകത്തെ ഒന്നാമത്തെ കമ്പനിയാണ്. സ്ഥാപകനായ ബെസോസിന്റെ മൊത്തം സ്വത്ത് 13,600 കോടി ഡോളര്‍ (ഏകദേശം 9.4 ലക്ഷം കോടി രൂപ). ആമസോണിലെ 16 % ഓഹരിപങ്കാളിത്തം (ഏകദേശം 13,000 കോടി ഡോളര്‍) ഉള്‍പ്പെടെയാണിത്. നാലു ലക്ഷം ഏക്കര്‍ ഭൂമിയും ബെസോസിനു സ്വന്തമായുണ്ട്.

സ്വത്ത് തുല്യമായി പങ്കുവച്ചാല്‍ മകെന്‍സിക്ക് 6,800 കോടി ഡോളര്‍ (ഏകദേശം 4.7 ലക്ഷം കോടി രൂപ) ലഭിക്കും. ഫോബ്‌സ് പട്ടിക പ്രകാരം നിലവിലെ ഏറ്റവും ധനിക വാള്‍മാര്‍ട്ട് ഉടമ സാം വാള്‍ട്ടന്റെ മകള്‍ ആലീസ് വാള്‍ട്ടന്‍ ആണ്– സ്വത്ത് 4,600 കോടി ഡോളര്‍ (ഏകദേശം 3.17 ലക്ഷം കോടി രൂപ).

വിവാഹമോചനം ഓഹരി വിപണിയെയും സമ്പദ് രംഗത്തെയും ബാധിക്കില്ലെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍.ബെസോസിന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വേര്‍പിരിയല്‍ വാര്‍ത്ത ഇരുവരും ഒരുമിച്ചു ലോകത്തെ അറിയിച്ചത്. നല്ല സുഹൃത്തുക്കളായും 4 മക്കളുടെ ഉത്തമ മാതാപിതാക്കളായും തുടരുമെന്നും ഇരുവരും പറഞ്ഞു.

ആമസോണ്‍ സ്ഥാപിക്കുന്നതിനു മുന്‍പ് ന്യൂയോര്‍ക്കിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒരുമിച്ച് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. ബെസോസ് ആമസോണ്‍ സ്ഥാപിച്ചപ്പോള്‍ ആദ്യ ജീവനക്കാരില്‍ ഒരാളായി മാകെന്‍സിയും ഉണ്ടായിരുന്നു. തുടര്‍ന്നു വിവാഹിതരായ ഇരുവരും കുറച്ചുകാലമായി അകന്നു കഴിയുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.