1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2018

സ്വന്തം ലേഖകന്‍: സൗദി മാധ്യമപ്രവര്‍ത്തകന്റെ തിരോധാനം; ഇസ്താംബുളിലെ സൗദി നയതന്ത്ര കാര്യാലയത്തില്‍ പരിശോധന നടത്താന്‍ തുര്‍ക്കി; മാധ്യമപ്രവര്‍ത്തകന്‍ കാര്യാലയത്തില്‍വെച്ച് കൊല്ലപ്പെട്ടിരിക്കാമെന്നുള്ള വാദം ആവര്‍ത്തിച്ച് ടര്‍ക്കിഷ് അന്വേഷകര്‍. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ വിമര്‍ശകനായ ജേര്‍ണലിസ്റ്റ് ജമാല്‍ ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ തെരച്ചില്‍ നടത്താന്‍ അങ്കാറ ഭരണകൂടത്തെ അനുവദിക്കാമെന്നു സൗദി വ്യക്തമാക്കിയിരിന്നു.

കഴിഞ്ഞ ചൊവ്വാഴ്ച ഒരു സര്‍ട്ടിഫിക്കറ്റിനായി കോണ്‍സുലേറ്റില്‍ എത്തിയ ഖഷോഗിയെ പിന്നീട് ആരും കണ്ടിട്ടില്ല. ഖഷോഗി കൊല്ലപ്പെട്ടെന്നു തുര്‍ക്കി സംശയിക്കുന്നു. എന്നാല്‍ ഖഷോഗി കോണ്‍സുലേറ്റിലില്ലെന്നും വന്ന കാര്യം പൂര്‍ത്തിയാക്കി പുറത്തുപോയെന്നും സൗദി അവകാശപ്പെട്ടു. ഖഷോഗി കോണ്‍സുലേറ്റില്‍ പ്രവേശിക്കുന്നതിന്റെ കാമറ ദൃശ്യങ്ങളുണ്ടെങ്കിലും പുറത്തുപോയതിന്റെ ദൃശ്യമില്ല. കോണ്‍സുലേറ്റിനുള്ളില്‍ വച്ച് ഖഷോഗി കൊല്ലപ്പെട്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നു റിയാദ് വ്യക്തമാക്കി.

അന്വേഷണത്തിന്റെ ഭാഗമായാണ് കോണ്‍സുലേറ്റില്‍ തെരച്ചില്‍ നടത്തുന്നതെന്നു വ്യക്തമാക്കിയ തുര്‍ക്കി വിദേശമന്ത്രാലയം ഇതിനുള്ള തീയതി അറിയിച്ചിട്ടില്ല. ഖഷോഗിയെ കാണാതായ ദിവസം തുര്‍ക്കിയിലെ അത്താത്തുര്‍ക്ക് വിമാനത്താവളത്തില്‍ രണ്ടു സ്വകാര്യ വിമാനങ്ങള്‍ എത്തിയതിനെക്കുറിച്ചും അന്വേഷണം നടത്തും. സൗദി ആസ്ഥാനമായുള്ള കമ്പനിയുടെ വിമാനങ്ങളാണിവ.

വിമാനത്തില്‍ എത്തിയ 15 പേര്‍ കോണ്‍സുലേറ്റിനു സമീപത്തെ ഹോട്ടലിലാണു താമസിച്ചത്. ഖഷോഗിയെ തട്ടിക്കൊണ്ടുപോയിരിക്കാനുള്ള സാധ്യതയും പരിശോധിക്കും. സൗദി സര്‍ക്കാരിന്റെ മുന്‍ ഉപദേഷ്ടാവായ ഖഷോഗി ഒരു വര്‍ഷമായി അറസ്റ്റു പേടിച്ച് യുഎസിലായിരുന്നു താമസം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.