1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2019

സ്വന്തം ലേഖകന്‍: കഴിഞ്ഞദിവസം ഇന്ത്യ ഭീകരപട്ടികയില്‍ പെടുത്തിയ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ പാക്കിസ്ഥാന്‍ രഹസ്യമായി മോചിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് രാജ്യത്ത് അതിജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പാക്കിസ്ഥാന്റെ പിന്തുണയോടെ രാജ്യത്തു ഭീകരാക്രമണങ്ങള്‍ക്കു സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് വന്നതിനെത്തുടര്‍ന്നു കൂടിയാണിത്.

രാജസ്ഥാന്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ അധിക സൈനികവിന്യാസവും നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നീക്കത്തിനു മറുപടിയായി കഴിഞ്ഞ ദിവസങ്ങളില്‍ സിയാല്‍കോട്ട്ജമ്മു കശ്മീര്‍ മേഖലയില്‍ വലിയ രീതിയില്‍ സൈനിക വിന്യാസവും മറ്റു പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

നേരത്തേ പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അസ്ഹറിനെ പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്തത് എന്നായിരുന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസം പാര്‍ലമെന്റ് പാസ്സാക്കിയ യു.എ.പി.എ നിയമ ഭേദഗതി അനുസരിച്ച് വ്യക്തികളെ ഭീകരരായി പ്രഖ്യാപിച്ചുകൊണ്ടുള്ള നടപടിക്കു കേന്ദ്രം തുടക്കമിട്ടിരുന്നു.

മസൂദ് അസ്ഹര്‍, ലഷ്‌കറെ തൊയ്ബ സ്ഥാപകന്‍ ഹാഫിസ് സയ്യിദ്, 1993ലെ മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിം, മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി സാഖിയുര്‍ റഹ്മാന്‍ എന്നിവരാണു പട്ടികയിലുള്ളത്. ഇത്രനാള്‍ സംഘടനകളെയാണു കേന്ദ്രം ഭീകരവാദത്തിന്റെ കീഴില്‍ പെടുത്തിയിരുന്നത്. സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തിയിരുന്നില്ല.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.