1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2019

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ‘ഭീകരവധു’വാകാന്‍ പോയ ബ്രിട്ടീഷ് യുവതിയുടെ കുഞ്ഞിനെയെങ്കിലും ബ്രിട്ടനിലേക്ക് കൊണ്ടുവരണമെന്ന് കുടുംബം. ഷെമീമ ബീഗമെന്ന് പേരുമാറ്റിയ ബ്രിട്ടീഷ് യുവതിയുടെ പൗരത്വം റദ്ദാക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഷമീമയെ കുഞ്ഞിനൊപ്പം ബ്രിട്ടനിലേക്കു കടക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനെതുടര്‍ന്നു ഷമീമയുടെ അഭിഭാഷകന്‍ അവര്‍ ഇപ്പോള്‍ കഴിയുന്ന വടക്കന്‍ സിറിയയിലെ അഭയാര്‍ഥി ക്യാംപിലെത്തി അമ്മയെയും നവജാതശിശുവിനെയും കാണാനുള്ള നീക്കത്തിലാണ്.

ഷമീമയുടെ പൗരത്വം റദ്ദാക്കിയ നടപടി നീണ്ട നിയമയുദ്ധങ്ങള്‍ക്കു വഴിവയ്ക്കുമെന്നതിനാല്‍ ജെറാ എന്നു പേരിട്ട കുഞ്ഞിനെയെങ്കിലും ബ്രിട്ടനില്‍ എത്തിക്കാനുള്ള ഒരുക്കമാണ് കുടുംബം നടത്തുന്നത്. ഷമീമയുടെ പൗരത്വം റദ്ദാക്കിയെങ്കിലും അവര്‍ക്കു പൗരത്വം ഉള്ള സമയത്തു കുഞ്ഞ് ജനിച്ചതിനാല്‍ ജെറാ ബ്രിട്ടിഷ് പൗരനാണെന്ന് ഹോം സെക്രട്ടറി സാജിദ് ജാവേദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും സര്‍ക്കാരിന് അന്തിമതീരുമാനമെടുക്കാന്‍ അധികാരമുണ്ട്.

തനിക്കൊപ്പമല്ലാതെ കുഞ്ഞിനെ ബ്രിട്ടനിലേക്ക് അയയ്ക്കില്ലെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷമീമ പറഞ്ഞിരുന്നു. സിറിയയില്‍ ആഹാരം പോലും കിട്ടാതെ കുഞ്ഞിനൊപ്പം വലയുകയാണെന്നും അവര്‍ പറയുന്നു. സിറിയയിലെ അഭയാര്‍ഥി ക്യാംപില്‍ കഴിഞ്ഞ ശനിയാഴ്ച ഐഎസ് ഭീകരന്റെ മൂന്നാമത്തെ കുഞ്ഞിനു ജന്മം നല്‍കിയ ഷെമീമ ബീഗം കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താനായിരുന്നു ബ്രിട്ടനിലേക്കു മടങ്ങിയെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാല്‍ ഷെമീമയുടെ ബ്രിട്ടിഷ് പൗരത്വം റദ്ദാക്കാനായിരുന്നു ഹോം സെക്രട്ടറി സാജിദ് ജാവേദിന്റെ തീരുമാനം.

അതിനിടെ ഐഎസില്‍ ചേരാന്‍ രാജ്യം വിട്ട ജാക്ക് ലെറ്റ്‌സ് (ജിഹാദി ജാക്ക്) നാട്ടിലേക്കു തിരെകവരാന്‍ ബ്രിട്ടിഷ് സര്‍ക്കാരിന്റെ അനുമതി തേടിയതായി റിപ്പോര്‍ട്ടുണ്ട്. 2014 ലാണ് 23 കാരനായ ജാക്ക് സിറിയയിലേക്കു പോയതും മതപരിവര്‍ത്തനം നടത്തി ജിഹാദി ജാക്കായതും. ഐഎസ് കേന്ദ്രമായ റാഖയില്‍ നിന്ന് പലായനം ചെയ്യുന്നതിനിടെ കുര്‍ദുകളുടെ നേതൃത്വത്തിലുള്ള ഐഎസ് വിരുദ്ധ സേനയുടെ പിടിയിലായി ഇപ്പോള്‍ സിറിയയിലെ ജയിലിലാണ്.

ബ്രിട്ടനിലെ ഒരു വാര്‍ത്താ ചാനലുമായുള്ള അഭിമുഖത്തിലാണ് ജാക്ക് നാട്ടിലേക്കു മടങ്ങാനുള്ള താല്‍പര്യം അറിയിച്ചത്. 5 വര്‍ഷമായി അമ്മയെ പിരിഞ്ഞിരിക്കുന്നതിലെ മനോവിഷമം ഏറെ വലുതാണെന്നും സ്വന്തക്കാരെയും നാടും നാട്ടിലെ നന്മകളും നഷ്ടമായതില്‍ ഏറെ ദുഃഖിതനാണെന്നും ജാക്ക് പറഞ്ഞു. ഭീകരതയുടെ പേരില്‍ നിരപരാധികള്‍ കൊല്ലപ്പെടുന്നതു കണ്ടറിഞ്ഞ തനിക്ക് ദുഃഖമുണ്ടെന്നും ജാക്ക് പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.