1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2019

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ യുവതിക്ക് ദുബായ് വിമാനത്താവളത്തില്‍ സുഖപ്രസവം; തുണയായ വനിതാ ഇന്‍സ്‌പെക്ടര്‍ക്ക് ദുബായ് പൊലീസിന്റെ ആദരം. ഇന്ത്യക്കാരി യുവതിക്ക് ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ സുഖപ്രസവം. ഇതിന് വഴിയൊരുക്കിയതായകട്ടെ, വിമാനത്താവളത്തിലെ വനിതാ ഇന്‍സ്‌പെക്ടറും.

കഴിഞ്ഞ ദിവസം ടെര്‍മിനല്‍ രണ്ടിലായിരുന്നു സംഭവം. വിമാനത്താവളത്തിലെത്തിയ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. എന്നാല്‍, ഇവരെ ആശുപത്രിയിലെത്തിക്കാനുള്ള സമയവുമുണ്ടായിരുന്നില്ല. അപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് എയര്‍പോര്‍ട്ട് സെക്യുരിറ്റി ഹനാന്‍ ഹുസൈന്‍ മുഹമ്മദ് അവസരോചിതമായി ഉണരുകയും യുവതിയെ വിമാനത്താവളത്തിലെ ഇന്‍സ്‌പെക്ഷന്‍ മുറിയിലേയ്ക്ക് മാറ്റുകയുമായിരുന്നു.

അവിടെ വച്ച് യുവതി കുഞ്ഞിന് ജന്മം നല്‍കി. റെക്കോര്‍ഡ് സമയത്തിലാണ് ഇന്‍സ്‌പെക്ടര്‍ ഇതിനുള്ള വഴിയൊരുക്കിയത്. ഹനാന്‍ ഹുസൈന്‍ മുഹമ്മദിനെ ദുബായ് പൊലീസിലെ ജനറല്‍ ഡിപാര്‍ട്‌മെന്റ് ഓഫ് എയര്‍പോര്‍ട്ട് സെക്യുരിറ്റി ഡയറക്ടര്‍ ബ്രി.അലി ആതിഖ് ബിന്‍ ലഹെജ് ആദരിച്ചു. വളരെ മികവുറ്റ പ്രവര്‍ത്തനമാണ് ഉദ്യോഗസ്ഥ കാണിച്ചതെന്നു അദ്ദേഹം പറഞ്ഞു.

താന്‍ കാണുമ്പോള്‍ ഗര്‍ഭിണിയുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നുവെന്ന് ഹനാന്‍ പിന്നീട് പറഞ്ഞു. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു മുന്നിലുണ്ടായിരുന്ന ഏക പോംവഴി. എന്നാല്‍, അതിനുള്ള സമയം പോലും ഇല്ലെന്ന് മനസിലായപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല, യുവതിയെ ഇന്‍സ്‌പെക്ഷന്‍ മുറിയിലേയ്ക്ക് മാറ്റി ജീവന്‍ രക്ഷിക്കാന്‍ യത്‌നിക്കുകയായിരുന്നു. കുഞ്ഞിനെ പുറത്തെടുത്തതോടെ യുവതിയുടെ അവസ്ഥ കൂടുതല്‍ പരുങ്ങലിലായി.

കൃത്യമായി ശ്വസിക്കാനാകാതെ കുഞ്ഞും മോശം സ്ഥിതിയിലായിരുന്നു. ഉടന്‍ തന്നെ നഴ്‌സുമാരുടെയും മറ്റും സഹായത്തോടെ കൃത്രിമ ശ്വാസം നല്‍കുകയും ഇരുവരെയും രക്ഷപ്പെടുത്തുകയുമായിരുന്നു. പിന്നീട് ഇവരെ ലത്തീഫാ ആശുപത്രിയിലേയ്ക്ക് മാറ്റി. ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് എയര്‍പോര്‍ട്ട് സെക്യുരിറ്റി കമ്മിറ്റി നിയോഗിച്ച പൊലീസ് പ്രതിനിധി സംഘം യുവതിയെയും കുഞ്ഞിനെയും സന്ദര്‍ശിക്കുകയും വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്തു.

 

 

 

 

 

 

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.