സ്വന്തം ലേഖകന്‍: തായ്ലന്ഡില് മാഫിയാ സംഘങ്ങളുടെ ഏറ്റുമുട്ടലിനിടയില്‍ കുടുങ്ങിയ രണ്ട് വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടു; മരിച്ചവരില്‍ ഒരാല് ഇന്ത്യക്കാരന്. രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കു പരുക്കേറ്റു. തലസ്ഥാനമായ ബാങ്കോക്കില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഗാഖ്രെജ് ധീരജ് (42) എന്ന ഇന്ത്യക്കാരനാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിനു സമീപത്തു വച്ചായിരുന്നു ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍.
എകെ47, കത്തികള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു പോരാട്ടം. എന്നാല്‍ പ്രതികളിലാരെയും പിടികൂടാനായിട്ടില്ലെന്നു തായ് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട രണ്ടാമത്തെയാള്‍ ലാവോസില്‍നിന്നുള്ള ഇരുപത്തിയെട്ടുകാരനാണ്. പരുക്കേറ്റവരില്‍ രണ്ടു പേര് തായ്ലന്ഡില്നിന്നുള്ളവരാണ്. ലാവോസില്‍നിന്നുള്ള ഒരാളും പരുക്കേറ്റു ചികിത്സയിലാണ് .
ടൂറിസ്റ്റുകള്‍ ബാങ്കോക്കിലെ ഒരു മാളിലെ ഇന്ത്യന്‍ ഭക്ഷണശാലയില്‍നിന്നു ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയ സമയത്തായിരുന്നു വെടിവയ്പ് നടന്നത്. ബസ് കാത്ത് പാര്‍ക്കിങ് സ്ഥലത്തു നില്ക്കുമ്പോള് സമീപത്തെ സ്നൂക്കര്‍ ക്ലബില്‍നിന്ന് ഒരു കൂട്ടം ചെറുപ്പക്കാര്‍ പുറത്തിറങ്ങുകയായിരുന്നു. ഏതാനും സമയത്തിനകം ഇവര്‍ രണ്ടു വിഭാഗമായി തിരിഞ്ഞു സംഘട്ടനം തുടങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല