1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2018

സ്വന്തം ലേഖകന്‍: ‘രണതുംഗ എന്റെ അരക്കെട്ടില്‍ കൈ ചുറ്റി,’ മീ ടൂ വെളിപ്പെടുത്തല്‍ കാറ്റ് ക്രിക്കറ്റിലേക്കും വീശുന്നു. ലൈംഗിക പീഡനങ്ങള്‍ക്കെതിരെ ലോക വ്യാപകമായി നടക്കുന്ന #MeToo തുറന്നു പറച്ചിലുകളുടെ കാറ്റ് കായിക രംഗത്തേക്കും. ശ്രീലങ്കയ്ക്ക് ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ച ക്യാപ്റ്റനായ അര്‍ജുന രണതുംഗയ്‌ക്കെതിരെയാണ് #MeToo ക്യാംപെയ്‌ന്റെ ഭാഗമായി പുതിയ വെളിപ്പെടുത്തല്‍ വന്നിട്ടുള്ളത്.

ഇന്ത്യക്കാരിയായ മുന്‍ വിമാന ജീവനക്കാരിയാണ് രണതുംഗ തനിക്കുനേരെ ലൈംഗിക അതിക്രമത്തിനു മുതിര്‍ന്നതായി വെളിപ്പെടുത്തിയത്. മുംബൈയിലെ ഹോട്ടല്‍ മുറിയില്‍വച്ച് രണതുംഗ അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് രണതുംഗ തന്നോടു മോശമായി പെരുമാറിയ കാര്യം യുവതി പുറത്തുവിട്ടത്.

2001ല്‍ ക്രിക്കറ്റില്‍നിന്നു വിരമിച്ചശേഷം രാഷ്ട്രീയത്തിലേക്കു ചുവടുമാറ്റിയ രണതുംഗ, ശ്രീലങ്കയില്‍ പെട്രോളിയം റിസോഴ്‌സസ് ഡെവ!ലപ്‌മെന്റ് മന്ത്രി കൂടിയാണ്. ‘മീ ടൂ’ മുന്നേറ്റത്തിന്റെ ഭാഗമായി, താന്‍ നേരിട്ട വ്യത്യസ്ത അനുഭവങ്ങളുടെ കൂട്ടത്തിലാണ് രണതുംഗയുടെ മോശമായ പെരുമാറ്റവും യുവതി കുറിച്ചിട്ടത്.

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് വിവാദത്തിന് ആസ്പദമായ സംഭവം ഉടലെടുക്കുന്നത്. സന്ദര്‍ശന വേളയില്‍ രണതുഗ തന്റെ അനുവാദം കൂടാതെ അരക്കെട്ടില്‍ പിടിച്ചുവെന്ന് യുവതി ആരോപിച്ചു. ചകിതയായ യുവതി ഹോട്ടലിന്റെ റിസപ്ഷനിലെത്തി വിവരം പറഞ്ഞെങ്കിലും, ‘ഇതു നിങ്ങളുടെ വ്യക്തിപരമായ കാര്യ’മാണെന്നു ചൂണ്ടിക്കാട്ടി അവരും ഒഴിഞ്ഞു മാറിയതായും യുവതി പോസ്റ്റില്‍ പറയുന്നു.

യുവതിയുടെ പോസ്റ്റ് വായിക്കാം,

കടുത്ത ക്രിക്കറ്റ് ആരാധികയായ എന്റെയൊരു സുഹൃത്ത് മുംബൈയിലെ ജുഹു സെന്ററിന്റെ എലവേറ്ററില്‍വച്ച് ഇന്ത്യയുടെയും ശ്രീലങ്കയുടെയും ടീമംഗങ്ങളെ കണ്ടു. ഇതോടെ റൂമുകളില്‍പ്പോയി താരങ്ങളുടെ ഓട്ടോഗ്രാഫ് വാങ്ങിക്കാം എന്നായി അവള്‍. അവളുടെ സുരക്ഷയുടെ കാര്യമോര്‍ത്തപ്പോള്‍ ഞാനും കൂടി ഒപ്പം ചെല്ലാന്‍ തീരുമാനിച്ചു.

അവിടെയെത്തിയ ഞങ്ങള്‍ക്ക് എന്തോ കുടിക്കാന്‍ തന്നു. ഞാന്‍ വേണ്ടെന്നു പറഞ്ഞു. കയ്യില്‍ കരുതിയിരുന്ന കുപ്പിവെള്ളം മാത്രമേ ഉപയോഗിച്ചുള്ളൂ. റൂമില്‍ അവര്‍ ഏഴു പേരുണ്ടായിരുന്നു. ഇപ്പുറത്ത് ഞങ്ങള്‍ രണ്ടുപേരും. അവര്‍ വാതിലടച്ച് താഴിട്ടതോടെ എനിക്കു ഭീതിയായി. അസ്വസ്ഥയായ ഞാന്‍ എത്രയും വേഗം മടങ്ങാമെന്ന് സുഹൃത്തിനോടു പറഞ്ഞു.

എന്നാല്‍ ക്രിക്കറ്റ് താരങ്ങളെ അടുത്തുകണ്ട ആവേശത്തിലായിരുന്നു അവള്‍. നീന്തല്‍ക്കുളത്തിനു സമീപത്തുകൂടി നടന്നിട്ടുവരാമെന്ന് അവള്‍ പറഞ്ഞു. അപ്പോള്‍ സമയം വൈകീട്ട് ഏഴു മണിയായിരുന്നു. ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ കാണാവുന്ന ദൂരത്തെങ്ങും ഉണ്ടായിരുന്നില്ല. നീന്തല്‍ക്കുളത്തിന്റെ സമീപത്ത് കാര്യമായ വെളിച്ചവും ഉണ്ടായിരുന്നില്ല.

ഇതിനിടെ അവിടെയുണ്ടായിരുന്ന രണതുംഗ എന്നെ കയറിപ്പിടിച്ചു. അരയില്‍ കൈ ചുറ്റിയ അയാള്‍ എന്റെ നെഞ്ചിനരികിലൂടെ വിരലോടിച്ചു. ഭയന്നുപോയ ഞാന്‍ ശബ്ദമുയര്‍ത്തി. അയാളെ തൊഴിക്കുകയും കാലില്‍ ചവിട്ടുകയും ചെയ്തു. പൊലീസില്‍ പരാതിപ്പെടുമെന്നും പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്നും അയാളെ ഭീഷണിപ്പെടുത്തിയ ഞാന്‍ ഹോട്ടലിന്റെ റിസപ്ഷനിലേക്ക് ഓടി. സംഭവം അവിടെയുണ്ടായിരുന്നവരെ അറിയിച്ചെങ്കിലും, ഇതു നിങ്ങളുടെ സ്വകാര്യ കാര്യമാണെന്നായിരുന്നു പ്രതികരണം.

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.