1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2019

സ്വന്തം ലേഖകന്‍: ബ്രിട്ടന്‍ മോചിപ്പിക്കാന്‍ തീരുമാനിച്ച ഇറാന്‍ എണ്ണക്കപ്പല്‍ ഗ്രേസ് വണ്‍ പിടിച്ചെടുക്കാന്‍ യു.എസ് ഫെഡറല്‍ കോടതി അയച്ച വാറന്റ് ജിബ്രാള്‍ട്ടര്‍ തള്ളി. യു.എസ് ഇറാനുമേല്‍ ചുമത്തിയ ഉപരോധം യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ബാധകമല്ലെന്നും ജിബ്രാള്‍ട്ടര്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

അതിനാല്‍ കപ്പല്‍ പിടിച്ചെടുക്കണമെന്ന യു.എസ് കോടതി ഉത്തരവ് നടപ്പാക്കാനാവില്ല. ജൂലൈ നാലിന് ബ്രിട്ടീഷ് നാവികര്‍ പിടിച്ചെടുത്ത എണ്ണക്കപ്പല്‍ മോചിപ്പിക്കാന്‍ ജിബ്രാള്‍ട്ടര്‍ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. വാഷിങ്ടനിലെ യു.എസ് ഫെഡറല്‍ കോടതിയാണു വെള്ളിയാഴ്ച വാറന്റ് പുറപ്പെടുവിച്ചത്. ടാങ്കറും അതിലുള്ള എണ്ണയും പിടിച്ചെടുക്കാനായിരുന്നു നിര്‍ദേശം.

അതേസമയം എണ്ണക്കപ്പല്‍ ജിബ്രാള്‍ട്ടര്‍ തീരം വിട്ടു. ജൂലൈ നാല് മുതല്‍ പിടിച്ചുവെച്ച കപ്പലിനെ മോചിപ്പിക്കാന്‍ ജിബ്രാള്‍ട്ടര്‍ കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ഗ്രേസ്‌വണ്‍ തീരം വിട്ടത്. ജിബ്രാള്‍ട്ടര്‍ തീരത്തു നിന്നും കിഴക്കന്‍ മെഡിറ്ററേനിയനിലൂടെ യാത്രതിരിച്ച കപ്പല്‍ ഗ്രീസിലെ കലമാട്ട ലക്ഷ്യം വെച്ചാണ് നീങ്ങുന്നതെന്ന് മറൈന്‍ ട്രാക്കിങ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ജിബ്രാള്‍ട്ടര്‍ കോടതിയുടെ മോചനവ്യവസ്ഥ അനുസരിച്ച് ആഡ്രിയ ഡാരിയ 1 എന്നു പേരു മാറ്റുകയും പാനമയുടെ പതാക താഴ്ത്തുകയും ചെയ്ത കപ്പല്‍ ഇന്ത്യക്കാരായ ജോലിക്കാരോടൊപ്പമാണ് ഗ്രീസിലേക്കു യാത്രതിരിച്ചത്. സിറിയയുടെ തീരത്തേക്കു പോകുകയില്ലെന്നും എണ്ണ സിറിയക്ക് കൈമാറുകയില്ലെന്നും ഇറാന്‍ രേഖാമൂലം ഉറപ്പു നല്‍കിയിട്ടുണ്ട്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.