1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2019

സ്വന്തം ലേഖകന്‍: ഏപ്രില്‍ 16നും 20നും ഇടയില്‍ പാകിസ്ഥാനെ ആക്രമിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രി; പാക് വാദം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ഏപ്രില്‍ 16നും 20നും ഇടയില്‍ പാകിസ്ഥാനെ അക്രമിക്കാന്‍ ഇന്ത്യ പദ്ധതിയിട്ടുണ്ടെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറൈഷി. മുള്‍ത്താനില്‍ വെച്ചാണ് ഷാ മഹ്മൂദ് ഖുറൈഷിയുടെ പ്രതികരണം.

ഇന്ത്യ അക്രമണത്തിന് പദ്ധതിയിട്ടിട്ടുണ്ടെന്ന് വിശ്വസനീയമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടെന്നും ഉത്തരവാദിത്വത്തോടെ തന്നെയാണ് ഇക്കാര്യം പറയുന്നതെന്നും ഷാ മഹ്മൂദ് ഖുറൈഷി പറഞ്ഞു. പുല്‍വാമ ആക്രമണം പോലെ തീവ്രവാദിയാക്രമണം കശ്മീരില്‍ നടത്തിയായിരിക്കും പാകിസ്ഥാനെതിരായ ആക്രമമെന്നും ഷാ മഹ്മൂദ് ഖുറൈഷി അവകാശപ്പെട്ടു.

അതേസമയം പാകിസ്ഥാന് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ പാക് വിദേശകാര്യ മന്ത്രി തയ്യാറായിട്ടില്ല. പക്ഷെ ഈ വിവരം രാജ്യത്തോട് പറയാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ഷാ മഹ്മൂദ് ഖുറൈഷി പറഞ്ഞു. ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് ജയിക്കാന്‍ ബി.ജെ.പി യുദ്ധഭ്രാന്ത് വളര്‍ത്തുകയാണെന്ന ഇമ്രാന്‍ ഖാന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വിദേശകാര്യമന്ത്രിയുടെ പ്രതികരണം.

അതിര്‍ത്തി കടന്ന് ഇന്ത്യ വീണ്ടും ആക്രമിക്കുമെന്ന പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുടെ പ്രസ്താവന നിരുത്തരവാദപരവും യുക്തിക്ക് നിരക്കാത്തതുമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.ഖുറേഷിയുടെ പ്രസ്താവനയെ ഇന്ത്യ തള്ളുകയാണെന്നും രവീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. യുദ്ധം ഉണ്ടാക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നതെന്നും പാക്കിസ്ഥാന്‍ കേന്ദ്രമായുള്ള ഭീകരസംഘടനകള്‍ ഇന്ത്യയെ ആക്രമിക്കാന്‍ വേണ്ടിയുള്ള തന്ത്രമാണിതെന്നും രവീഷ് കുമാര്‍ ആരോപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.