1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2019
 
സ്വന്തം ലേഖകന്‍: മോദി ഭരണത്തില്‍ തങ്ങളുടെ ഭാവിയെന്ത്?; ഇന്ത്യന്‍ മുസ്‌ലീങ്ങള്‍ ഭീതിയിലെന്ന് ബി.ബി.സി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കു കീഴില്‍ തങ്ങളുടെ ഭാവി എന്തായിരിക്കുമെന്ന ഭീതിയിലാണ് ഇന്ത്യയിലെ മുസ്‌ലീങ്ങളെന്ന് ബി.ബി.സിയുടെ റിപ്പോര്‍ട്ട്. ബി.ജെ.പിക്കു കീഴില്‍ ഇന്ത്യന്‍ ജനാധിപത്യം അപകടകരമാംവണ്ണം അസഹിഷ്ണുത നിറഞ്ഞതാവുന്നുവെന്നാണ് മുസ്‌ലിങ്ങളുടെ ഭീതിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
 
ഇന്ത്യയിലെ ചില മുസ്‌ലീങ്ങളുടെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് ബി.ബി.സി ഇക്കാര്യം വിശദീകരിക്കുന്നത്. ആസാമിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനത്തുള്ള ഷൗക്കത്ത് അലി എന്ന കച്ചവടക്കാരന് നേരിടേണ്ടിവന്നത് പേടിപ്പെടുത്തുന്ന അനുഭവമാണ്.
 
ഷൗക്കത്തിനെ ഒരു സംഘം തടഞ്ഞുനിര്‍ത്തുകയും ചളിയില്‍ മുട്ടികുത്തി ഇരിപ്പിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ‘നിങ്ങള്‍ ബംഗ്ലാദേശിയാണോ?’ എന്ന് ചോദിച്ചായിരുന്നു ആക്രമണം. ‘നിങ്ങള്‍ എന്തിനാണ് ഇവിടെ ബീഫ് വില്‍ക്കുന്നത്?’ എന്നും അവര്‍ ചോദിച്ചു. ഇതുകണ്ട് കൂടിയ ആള്‍ക്കൂട്ടം ഷൗക്കത്തിനെ സഹായിക്കുന്നതിനു പകരം മൊബൈല്‍ ഫോണില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ജോലി വേണ്ടെന്നുവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഷൗക്കത്ത്.
 
ആക്രമണം നടന്ന് ഒരുമാസത്തിനിപ്പുറവും ഷൗക്കത്തിന് നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ‘ഒരു വടിയെടുത്താണ് അവരെന്നെ അടിച്ചത്. അവര്‍ മുഖത്ത് ചവിട്ടി’ അദ്ദേഹം ഓര്‍ക്കുന്നു. അവര്‍ ആ ചെറിയ കടയില്‍ നിന്നും ബീഫ് കറി വിളമ്പി നല്‍കാന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങളായി. ഇതുവരെ അവര്‍ക്ക് ഇത്തരമൊരു ആക്രമണം നേരിടേണ്ടി വന്നിരുന്നില്ല. ‘എനിക്ക് ജീവിച്ചിരിക്കാന്‍ തോന്നുന്നില്ല. ഇത് എന്റെ വിശ്വാസത്തിനു നേരെയുള്ള ആക്രമണമാണ്.’ അദ്ദേഹം പറയുന്നു.
 
2015 മെയ് മാസത്തിനും 2018 ഡിസംബറിനും ഇടയില്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ട 44 പേരില്‍ 36 പേരും മുസ്‌ലീങ്ങളാണെന്നാണ് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ 2019 ഫെബ്രുവരിയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേ കാലയളവില്‍ രാജ്യമെമ്പാടുമുണ്ടായ 100ലേറെ അക്രമ സംഭവങ്ങളില്‍ 280 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.