1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 6, 2015

സ്വന്തം ലേഖകന്‍: ഇന്ത്യ മുഴുവന്‍ മാഗി നൂഡില്‍സിന്റെ വില്‍പ്പന നിരോധിച്ചു. കൂടിയ അളവില്‍ ഈയവും അജിനോമോട്ടോയും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ആരോഗ്യത്തിനു ഹാനികരമായതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ പദാര്‍ഥങ്ങള്‍ ഉയര്‍ന്ന അളവില്‍ കണ്ടെത്തിയതിനാല്‍ മാഗി നൂഡില്‍സിന്റെ ഉല്‍പാദനം, വിതരണം, വില്‍പന, ഇറക്കുമതി എന്നിവ അടിയന്തരമായി നിര്‍ത്തി വക്കണമെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ, ഗുണമേന്മാ അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്നു. മാഗിയുടെ ഒന്‍പതുതരം ഉല്‍പന്നങ്ങള്‍ക്കും നിരോധനം ബാധകമാണ്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നു ലഭിച്ച പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് നിരോധനം. ഉല്‍പന്നങ്ങളുടെ അംഗീകാരം റദ്ദാക്കാതിരിക്കാന്‍ 15 ദിവസത്തിനകം കാരണം അറിയിക്കാന്‍ ആവശ്യപ്പെട്ടു മാഗി അധികൃതര്‍ക്ക് അതോറിറ്റി നോട്ടിസ് അയച്ചു. ഈയം, അജിനോമോട്ടോ (മോണോ സോഡിയം ഗ്ലൂട്ടോമേറ്റ്) എന്നിവയുടെ അളവ് അനുവദനീയമായതിലും കൂടുതലാണെന്നു വ്യക്തമായതായി അതോറിറ്റി അറിയിച്ചു.

മാഗിക്കു രാജ്യവ്യാപക വിലക്കു പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് അതോറിറ്റി പരിശോധന നടത്തിയത്. അജിനോമോട്ടോ ചേര്‍ത്തിട്ടില്ലെന്ന തെറ്റായ വിവരം പായ്ക്കറ്റില്‍ രേഖപ്പെടുത്തിയതും മാഗി ഉല്‍പന്നങ്ങളിലൊന്നായ ഓട്ട്‌സ് മസാല നൂഡില്‍സ് ആവശ്യമായ അംഗീകാരംപോലുമില്ലാതെ വിപണിയിലെത്തിച്ചതും ഗുരുതരമായ വീഴ്ചയാണെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.

ഓട്ട്‌സ് മസാല നൂഡില്‍സ് വില്‍ക്കാന്‍ അനുവാദം തേടി കഴിഞ്ഞ ജൂലൈയിലാണ് അതോറിറ്റിയെ മാഗി സമീപിച്ചത്. പോരായ്മകള്‍ പരിഹരിച്ചു വീണ്ടും സമീപിക്കാന്‍ അതോറിറ്റി നിര്‍ദേശിച്ചെങ്കിലും അതു വകവയ്ക്കാതെ ഉല്‍പന്നം വിപണിയിലിറക്കുകയായിരുന്നു.

മാഗി അധികൃതര്‍ ഇക്കാര്യത്തില്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് അതോറിറ്റി അറിയിച്ചു. ഭക്ഷ്യസുരക്ഷാ ചട്ടത്തിലെ വ്യവസ്ഥകള്‍ പാലിച്ച് ഉല്‍പന്നത്തിന്റെ ഗുണമേന്മ ഉറപ്പാക്കാനുള്ള നടപടികള്‍ മൂന്നു ദിവസത്തിനകം അധികൃതര്‍ സ്വീകരിക്കണം.

ഇതിനിടെ, ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ വ്യാപകമായ സാഹചര്യത്തില്‍ രാജ്യത്തെ വിപണിയില്‍നിന്നു മാഗി നൂഡില്‍സ് പിന്‍വലിക്കുകയാണെന്ന് ഉല്‍പാദകരായ നെസ്‌ലെ അറിയിച്ചു. തങ്ങള്‍ നടത്തിയ പരിശോധനയില്‍ മാഗിയില്‍ ഹാനികരമായ പദാര്‍ഥങ്ങളില്ലെന്നു കണ്ടെത്തിയെങ്കിലും രാജ്യത്തു നിലനില്‍ക്കുന്ന ആശയക്കുഴപ്പം കണക്കിലെടുത്ത് ഉല്‍പന്നം പിന്‍വലിക്കുകയാണെന്നു നെസ്‌ലെ സിഇഒ പോള്‍ ബള്‍ക്ക് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.