1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2019

സ്വന്തം ലേഖകന്‍: ഇന്ത്യ ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന നിലപാടില്‍ മാറ്റം വന്നേക്കാമെന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയുടെ ആണവ ശേഷിയെ സംബന്ധിച്ച് ലോകം ആശങ്കപ്പെടേണ്ടതുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഫാസിസ്റ്റും വംശീയ വിരോധിയുമായ മോദിയുടെ കൈയ്യിലാണ് ഇന്ത്യയുടെ ആണവ ശക്തിയെന്നും ഇമ്രാന്‍ പറഞ്ഞു.

‘ഫാസിസ്റ്റും, വംശീയ വിരോധിയും ഹിന്ദുത്വവാദിയുമായ മോദിയുടെ സര്‍ക്കാരിന്റെ കൈയ്യിലുള്ള ആണവായുധത്തെ കുറിച്ച് ലോകം ഗൗരവ്വമായി തന്നെ ചിന്തിക്കണം. മേഖലയെ മാത്രമല്ല, ലോകത്തെ തന്നെ ബാധിക്കുന്ന വിഷയമാണിത്’ ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു.

കശ്മീരില്‍ നിന്നും ലോകത്തിന്റെ ശ്രദ്ധ വഴി തിരിച്ചു വിടാനായി ഇന്ത്യ ആക്രമണം നടത്തിയേക്കാമെന്ന പാക് ആര്‍മ്മിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇമ്രാന്റെ പ്രതികരണം. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞതിന് ശേഷം ഇന്ത്യപാക് ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്.

പാക്കിസ്ഥാനുമായി ഭാവിയില്‍ ഏതെങ്കിലും തരത്തില്‍ ഇന്ത്യ ചര്‍ച്ച നടത്തുകയാണെങ്കില്‍ അത് പാക് അധീന കശ്മീരിനെക്കുറിച്ച് മാത്രമായിരിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. ഭീകരവാദം അവസാനിപ്പിച്ചാല്‍ മാത്രമേ പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാവൂ. അങ്ങനെ ചര്‍ച്ച നടന്നാല്‍ തന്നെ അത് പാക് അധീന കശ്മീരിനെക്കുറിച്ച് മാത്രമായിരിക്കുമെന്ന് ഹരിയാനയിലെ പഞ്ച്കുളയില്‍ നടന്ന ജന്‍ ആശിര്‍വാദ് റാലിയില്‍ സംസാരിക്കവേ രാജ്‌നാഥ് സിങ് പറഞ്ഞു.

ജമ്മു കശ്മീരിന്റെ വികസനത്തിനുവേണ്ടിയാണ് സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ക്കിള്‍ 370 റദ്ദാക്കിയതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. നമ്മുടെ അയല്‍രാജ്യം രാജ്യാന്തര സമൂഹത്തിന്റെ വാതിലുകളില്‍ മുട്ടി ഇന്ത്യ ചെയ്തത് തെറ്റാണെന്ന് പറയുകയാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാന്‍ നിരവധി വിദേശ രാജ്യങ്ങളെയും യുഎന്നിനെയും സമീപിച്ചതിനെക്കുറിച്ചായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ പരാമര്‍ശം.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.