1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2016

സ്വന്തം ലേഖകന്‍: അഭയാര്‍ഥി പ്രശ്‌നം ലോകം നേരിടുന്ന ഏറ്റവും വലിയ പരീക്ഷണം, ഐക്യരാഷ്ട്ര സഭയിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഒബാമ. അഭയാര്‍ഥി പ്രശ്‌നം പരിഹരിക്കുന്നതിനു ലോകരാജ്യങ്ങളുടെ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും യു.എന്‍ പൊതുസഭയില്‍ വിടവാങ്ങല്‍ പ്രഭാഷണം നടത്തുകയായിരുന്നു ഒബാമ പറഞ്ഞു. പ്രസിഡന്റ് എന്ന നിലയില്‍ യു.എന്‍ പൊതുസഭയില്‍ ഒബാമയുടെ എട്ടാമത്തെയും അവസാനത്തെയും പ്രഭാഷണമായിരുന്നു ഇത്.

അഭയാര്‍ഥി പ്രശ്‌നം പരിഹരിക്കാനുള്ള ജര്‍മനി, കാനഡ എന്നീ രാജ്യങ്ങളുടെ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് പ്രശംസിച്ച ഒബാമ ആഗോള വെല്ലുവിളികള്‍ ഫലപ്രദമായി നേരിടാന്‍ വന്‍ശക്തി രാജ്യങ്ങള്‍ക്ക് സാധിക്കുന്നില്‌ളെന്നും വിലയിരുത്തി. സിറിയ പോലുള്ള രാജ്യങ്ങളില്‍ സൈനിക നടപടിയല്ല ആവശ്യം. ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ യു.എസ് ആത്മാര്‍ഥമായി ഇടപെട്ടു. എന്നാല്‍, റഷ്യയുടെ നീക്കം വീണ്ടും തിരിച്ചടിയായി.

പ്രഭാഷണത്തില്‍ റിപ്പബ്‌ളിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെയും ഒബാമ ശക്തമായി വിമര്‍ശിച്ചു. സിറിയയിലും യുക്രെയ്‌നിലും പുടിന്‍ അധിനിവേശം നടത്തുകയാണ്. സ്വേച്ഛാധിപതികളായ ചക്രവര്‍ത്തിമാരെ അട്ടിമറിച്ച ചരിത്രമാണ് ലോകത്തിന്റെത്. എന്നാല്‍, അത് പുനഃസ്ഥാപിക്കാനുള്ള ശ്രമമാണ് സൈന്യത്തെ കൂട്ടുപിടിച്ച് റഷ്യ നടത്തിക്കൊണ്ടിരിക്കുന്നത്. അയല്‍രാജ്യങ്ങളില്‍ റഷ്യയുടെ ഇടപെടല്‍ ഒരുപക്ഷേ സ്വന്തം ജനത ഇപ്പോള്‍ അംഗീകരിച്ചേക്കാം.

എന്നാല്‍, കാലക്രമേണ അവരുടെ നിലനില്‍പിനെതന്നെ ബാധിച്ചേക്കും. കുടിയേറ്റക്കാര്‍ക്കെതിരെ മതില്‍ നിര്‍മിക്കാനൊരുങ്ങുന്നവര്‍ തീവ്രദേശീയതയുടെയും സാമ്പത്തിക അസമത്വത്തിന്റെയും വംശീയതയുടെയും വക്താക്കളാണെന്നും ഒബാമ പറഞ്ഞു. ദക്ഷിണ ചൈനാ കടല്‍ തര്‍ക്കത്തെ പരാമര്‍ശിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ഏകാധിപത്യത്തെയും ഒബാമ വിമര്‍ശിച്ചു.

യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെയും യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെയും വിടവാങ്ങല്‍ എന്ന നിലക്ക് ഏറെ പ്രത്യേകതയുണ്ടായിരുന്നു ഇത്തവണത്തെ യു.എന്‍ സമാധാന സമ്മേളനത്തിന്. അതുകൊണ്ടുതന്നെ അസാധാരണമെന്നാണ് സമ്മേളനത്തേയും തുടര്‍ന്നു നടന്ന വിരുന്നിനേയും ബാന്‍ കി മൂണ്‍ വിശേഷിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.