1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2019

സ്വന്തം ലേഖകന്‍: നോഡീല്‍ ബ്രെക്‌സിറ്റ് നടപ്പാക്കാനുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നീക്കത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തിരിച്ചടി. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ പ്രതീക്ഷിച്ച പോലെ സ്വന്തം പാര്‍ട്ടിയിലെ എം.പിമാര്‍ വരെ ബോറിസ് ജോണ്‍സണിന്റെ നിലപാടിനൊപ്പം നിന്നില്ല. ഉപാധി രഹിത ബ്രെക്‌സിറ്റ് തടഞ്ഞതോടെ ബോറിസ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടി വരും.

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ച. ചര്‍ച്ചക്കൊടുവില്‍ നടന്ന വോട്ടെടുപ്പില്‍ 301ന് എതിരെ 328 പേര്‍ നോ ഡീല്‍ ബ്രെക്‌സിറ്റിനെ എതിര്‍ത്തു. സ്വന്തം പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ എംപിമാര്‍ പലരും പ്രധാനമന്ത്രിയുടെ നിലപാടിനെതിരായാണ് വോട്ട് ചെയ്തത്. പാര്‍ലമെന്റില്‍ തിരിച്ചടി നേരിട്ടതോടെ നിലവിലെ ബ്രെക്‌സിറ്റ് തിയതി ഒക്ടോബര്‍ 19 ല്‍ നിന്നും നീട്ടുന്നതിന് പുതിയ ബില്‍ കൊണ്ടുവരേണ്ടി വരും.

എന്നാല്‍ അതിന് മുന്പ് തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികള്‍ എടുക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ബോറിസിന്റെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ തിരിച്ചടിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് ബ്രെക്‌സിറ്റ് നീട്ടുന്നതിനുള്ള ബില്‍ പാസാക്കുമെന്ന് കോര്‍ബിന്‍ പറഞ്ഞു. ബ്രെക്‌സിറ്റ് അടുത്ത ജനുവരി 31ലേക്ക് മാറ്റണമെന്നാണ് പ്രതിപക്ഷത്തിന്റെയും ഭരണ പക്ഷത്തെ ചില എം.പിമാരുടെയും ആവശ്യം. ഇതിനായി പ്രധാനമന്ത്രിക്ക് മേല്‍ സമ്മര്‍ദം ചെലുത്താന്‍ ക്രോസ് പാര്‍ട്ടി ബില്‍ കൊണ്ടുവരേണ്ടി വരും.

ബ്രെക്‌സിറ്റ് വിഷയത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടക്കുന്നതിനിടെ പാര്‍ലമെന്റിന് പുറത്ത് ബ്രെക്‌സിറ്റ് വിരുദ്ധരുടെ പ്രക്ഷോഭം. ബ്രെക്‌സിറ്റ് നടപ്പാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധ റാലി. പാര്‍ലമെന്റിനകത്ത് ഉപാധികളില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കണമെന്ന വിഷയത്തില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടക്കുന്നതിനിടെയാണ് പുറത്ത് ബ്രെക്‌സിറ്റിനെതിരെ പ്രതിഷേധവും അരങ്ങേറിയത്. നിരവധി ബ്രെക്‌സിറ്റ് വിരുദ്ധരാണ് പ്രക്ഷോഭവുമായി തടിച്ചുകൂടിയത്. ബ്രെക്‌സിറ്റ് ഉപേക്ഷിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.