1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2012

എച്ച്‌ഐവി ഇന്‍ഫെക്ഷനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയ ഗുളികക്ക് അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ്ഗ് അസോസിയേഷന്റെ അംഗീകാരം. എയ്ഡ്‌സ് ബാധിതരായ രോഗികളില്‍ മരുന്ന് നേരിട്ട് പരീക്ഷിക്കാനുളള അംഗീകാരമാണ് എഫ്ഡിഎ നല്‍കിയിട്ടുളളത്. ഇതോടെ ഇതുവരെ ഫലപ്രദമായ മരുന്ന കണ്ടെത്താന്‍ കഴിയാതിരുന്ന എയ്ഡ്‌സ് രോഗത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ദിവസേന ഒരു ഗുളിക എന്ന തോതില്‍ കഴിക്കുന്നവരില്‍ എച്ച്‌ഐവി വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു.

ട്രുവാഡ എന്ന് പേരിട്ടിരിക്കുന്ന മരുന്ന് അമേരിക്കയിലാകും ലഭിക്കുക. പങ്കാളികള്‍ക്ക് എച്ച്‌ഐവി ബാധയുളളവരാണ് ഈ മരുന്ന് കഴിക്കേണ്ടത്. ഇവര്‍ക്ക് എച്ച്‌ഐവി ബാധയേല്‍ക്കാന്‍ സാധ്യത കൂടുതലായതാണ് ഇതിന് കാരണം. എന്നാല്‍ മരുന്ന വിലയേറിയതാണന്നത് സാധാരണക്കാരെ ഈ മരുന്നില്‍ നിന്ന് അകറ്റുന്നു. ഒരു വര്‍ഷത്തേക്ക് ഏകദേശം 14,000 ഡോളറാണ് ഈ മരുന്നിന് ചെലവാകുന്നത്. എന്നാല്‍ വ്യാവസായിക അടിസ്ഥാനത്തില്‍ മരുന്ന് നിര്‍മ്മിക്കുന്നതോടെ ആഫ്രിക്ക പോലുളള വികസ്വര രാജ്യങ്ങളില്‍ കുറഞ്ഞ വിലക്ക് മരുന്ന് എത്തിക്കാനാകുമെന്നാണ് കരുതുന്നത്.

എന്നാല്‍ എഫ്ഡിഎയുടെ നടപടിക്കെതിരേ എയ്ഡ്‌സിനെതിരേ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളില്‍ നിന്നു തന്നെ പ്രതിക്ഷേധം ഉയര്‍ന്നിട്ടുണ്ട്. അടുത്തിടെ എയ്ഡ്‌സ് ഹെല്‍ത്ത്‌കെയര്‍ ഫൗണ്ടേഷന്‍ നടത്തിയ പഠനത്തില്‍ ഈ മരുന്ന് ഗുരുതരമായ കിഡ്‌നിരോഗത്തിന് കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു.എച്ച്‌ഐവി ബാധയേല്‍ക്കാത്ത ഒരാള്‍ക്ക് വരാനുളള സാധ്യത കൂടുതലാണന്ന കാരണത്താല്‍ ഗുളിക നല്‍കുന്നത് വൈറസ് അതിനെതിരേ പ്രതിരോധശേഷി ആര്‍ജ്ജിക്കാന്‍ കാരണമാകുമെന്നും എഎച്ച്എഫ് അധികൃതര്‍ പറയുന്നു.

എഫ്ഡിഎയുടെ നടപടി തീര്‍ത്തും ബാലിശമാണന്ന് എഎച്ച്എഫ് ചൂണ്ടിക്കാട്ടി. മതിയായ പഠനം നടത്താതെയാണ് ഈ മരുന്നിന് എഫ്ഡിഎ അംഗീകാരം നല്‍കിയത്. ഇത്തരം നടപടികള്‍ എയ്ഡ്‌സിനെ പ്രതിരോധിക്കാനുളള നടപടികള്‍ക്ക് വിലങ്ങുതടിയാകുമെന്ന് എഎച്ച്എഫ് അധികൃതര്‍ ചൂണ്ടിക്കാട്ടി. അമേരിക്കയിലും ആഫ്രിക്കയിലുമുളള ആളുകളിലാണ് മരുന്ന് പരീക്ഷിച്ചത്. മരുന്ന് കഴിച്ച ഏതാണ്ട് 75 ശതമാനം ആളുകളും എച്ച്‌ഐവി വൈറസിനെ പ്രതിരോധിച്ചതായി കണ്ടെത്തി. ഡയേറിയ, വേദന, ശരീരഭാരം കുറയുക തുടങ്ങിയവയാണ് ട്രൂവാഡ ഉപയോഗിക്കുന്നവരില്‍ സാധാരണയായി കണ്ടുവരുന്ന പാര്‍ശ്വഫലങ്ങള്‍. എന്നാല്‍ എച്ച്‌ഐവി ബാധയുണ്ടാകാന്‍ സാധ്യത ഏറെയുളള ആളുകളില്‍ ഈ പാര്‍ശ്വഫലങ്ങള്‍ പരിഗണിക്കേണ്ടതില്ലെന്നാണ് എഫ്ഡിഎയുടെ നിഗമനം.

ഇന്‍ര്‍നാഷണല്‍ എയ്ഡ്‌സ് കോണ്‍ഫറന്‍സ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കയാണ് എഫ്ഡിഎയുടെ നടപടി. എല്ലാ രണ്ട വര്‍ഷം കൂടുമ്പോഴും നടത്താറുളള കോണ്‍ഫറന്‍സ് 1990ന് ശേഷം ആദ്യമായാണ് അമേരിക്കയില്‍ നടക്കുന്നത്. അടുത്തിടെയാണ് എച്ച്‌ഐവി ബാധിതര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കാനുളള നിരോധനം നീക്കിയതിനെ തുടര്‍ന്നാണ് കോണ്‍ഫ്രന്‍സ് വാഷിംഗ്ടണ്‍ ഡിസിയില്‍ നടത്താന്‍ തീരുമാനിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.