1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 1, 2019

സ്വന്തം ലേഖകന്‍: വൈദ്യുതി ലഭിക്കാന്‍ ഓഫീസുകള്‍ കയറിയിറങ്ങി ചെരിപ്പ് തേഞ്ഞു; ഒടുവില്‍ കളക്ടറുടെ കാല്‍ക്കല്‍ വീണ് കര്‍ഷകന്‍; വീഡിയോ വൈറലായപ്പോള്‍ ഉടന്‍ കണക്ഷന്‍. വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ വേണ്ടി കളക്ടറുടെ കാല്‍ക്കല്‍ വീണ് ദയനീയമായി അപേക്ഷിക്കുന്ന കര്‍ഷകന്റെ വീഡിയോ ഇന്നലെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

അജിത് ജാതവ് എന്ന കര്‍ഷകനായിരുന്നു കൃഷിയുടെ ആവശ്യത്തിനായി വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ വേണ്ടി ഏറെ നാളായി അപേക്ഷയുമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയത്. കാത്തിരിപ്പ് മാസങ്ങളോളം നീണ്ടതോടെ അദ്ദേഹം ജില്ലാകളക്ടറോട് സഹായമഭ്യര്‍ഥിക്കാനെത്തുകയായിരുന്നു. തന്റെ ആവശ്യം പറഞ്ഞ് കളക്ടറുടെ കാല്‍ക്കല്‍ വീഴുന്ന കര്‍ഷകന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

സുരക്ഷാ ജീവനക്കാരന്‍ അദ്ദേഹത്തെ മാറ്റുന്നതും ‘ദയവായി പറയുന്നത് കേള്‍ക്കൂ സഹോദരീ’ എന്ന് പറയുന്ന അജിതിനെ അവഗണിച്ച് കളക്ടര്‍ അനുഗ്രഹ് പി കാറില്‍ കയറിപ്പോകുന്നതും വീഡിയോയില്‍ കാണാം. വൈദ്യുതി ലഭ്യമാകുന്നതിനുള്ള ഫീസടച്ചിട്ടും കണക്ഷന്‍ കിട്ടിയില്ലെങ്കില്‍ പണം തിരികെ കിട്ടുന്നതിനേക്കാള്‍ സങ്കടം ജലസേചനമില്ലാതെ തന്റെ കൃഷി നശിക്കുന്നതാണെന്ന് കളക്ടറോട് അജിത് പറയുന്നുണ്ടായിരുന്നു.

കര്‍ഷകന്‍ കാല്‍ക്കല്‍ വീഴുന്നതിന്റെ വീഡിയോ വൈറലായതോടെ അധികൃതര്‍ കര്‍ഷകന് വൈദ്യുതി ലഭ്യമാക്കാനുള്ള നടപടികള്‍ ചെയ്യാന്‍ ഉത്തരവിട്ടു. അജിതിന് കണക്ഷന്‍ നല്‍കിയതായി ഇലക്ട്രിസിറ്റി ജനറല്‍ മാനേജര്‍ ആര്‍ കെ അഗര്‍വാളും വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ കൃഷക് അനുധന്‍ യോജന പദ്ധതിയ്ക്ക് കീഴില്‍ വൈദ്യുതി കണക്ഷന് ആവശ്യപ്പെട്ടായിരുന്നു കര്‍ഷകന്‍ എത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.