ഹെവി മോട്ടോര്‍ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങളില്‍ ആളുകള്‍ മരിക്കാനിടയായാല്‍ ഓടിക്കുന്നയാളിന്‍റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാന്‍ പൊലീസ് ശുപാര്‍ശ ചെയ്യും. പ്രാഥമിക അന്വേഷണത്തിനുശേഷമായിരിക്കും നടപടിയെന്ന് ഡിജിപി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അതിവേഗത്തിലും അലക്ഷ്യമായും ഹെവി വാഹനങ്ങള്‍ ഓടിക്കുന്നതാണു പല അപകടങ്ങള്‍ക്കും കാരണമെന്നു കണക്കുകള്‍ കാണിക്കുന്നു. അഞ്ചു ലക്ഷത്തോളം ഹെവി വാഹ നങ്ങള്‍ കേരളത്തിലുണ്ട്. ഇത്തരം വാഹനങ്ങള്‍ കാരണം 1085 പേര്‍ കഴിഞ്ഞ വര്‍ഷം മരിച്ചു. ബസ്, ട്രക്ക്, ലോറി തുടങ്ങിയ ഹെവി വാഹനങ്ങളില്‍ യാത്ര ചെയ്തിരുന്ന 186 പേരും ഇതില്‍പ്പെടുന്നു.
ഹെവി വാഹനങ്ങള്‍ കാരണമുള്ള അപകടങ്ങള്‍ ആനുപാതികമായി വളരെ കൂടുതലാണെന്നും കണക്കുകള്‍ തെളിയിക്കുന്നു. ആകെയുള്ള 65 ലക്ഷത്തോളം വാഹനങ്ങള്‍ മൂലം 4145 പേരാണ് 2011ല്‍ മരിച്ചത്. അതായത് ശരാശരി ഒരുലക്ഷം വാഹനങ്ങള്‍ കാരണം 65 പേര്‍ മരിച്ചു. എണ്ണത്തില്‍ കുറവായിട്ടും ഹെവി വാഹനങ്ങള്‍ മൂലം 1085 പേര്‍ മരിച്ചു. അതായത് ഒരുലക്ഷത്തിന് 215 പേര്‍.
ഹെവി വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധമൂലം മറ്റുള്ളവരുടെ ജീവനാണു പലപ്പോഴും നഷ്ടപ്പെടുന്നത്. കുട്ടികളും സ്ത്രീകളും വൃദ്ധരും വ്യത്യസ്ത ശാരീരിക ശേഷിയുള്ളവരും ചെറിയ വാഹനങ്ങള്‍ ഓടിക്കുന്നവരുമെല്ലാം ഇതിനിരയാകുന്നു.
ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കണം. അതുപോലെ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും സംരക്ഷിക്കാന്‍ ഹെവി വാഹനമോടിക്കുന്നവര്‍ റോഡില്‍ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും ഡിജിപി. ടിപ്പര്‍ ലോറികള്‍ മൂലമുണ്ടാകുന്ന അപകടമരണങ്ങളും ആനുപാതികമായി വലുതാണ്. സംസ്ഥാനത്തെ വാഹനങ്ങളില്‍ വളരെ ചെറിയ ശതമാനം മാത്രമാണു ടിപ്പര്‍ ലോറികള്‍. എങ്കിലും മരണനിരക്കു കൂട്ടുന്നതില്‍ അവരുടെ പങ്ക് വലുതാണെന്നും ഡിജിപി.










Leave a Reply