1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2018

സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് കലിതുള്ളി കാലവര്‍ഷം; പരക്കെ നാശവും ഉരുള്‍പ്പൊട്ടലും; മരണം 16 ആയി; ഇടമലയാര്‍ അണക്കെട്ട് തുറന്നു; പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു. സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ പല ജില്ലകളിലും സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇന്ന് നടത്താനിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷ മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. അവധി പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ ഹയര്‍ സെക്കന്‍ഡറി ഒഴികെയുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല.

ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ അങ്കണവാടി മുതല്‍ പ്രൊഫഷനല്‍ കോളെജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കൊല്ലം ജില്ലയില്‍ പ്രഫഷനല്‍ കോളെജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചാലക്കുടി താലൂക്കില്‍ പ്രൊഫഷനല്‍ കോളെജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി.

പാലക്കാട് ജില്ലയില്‍ അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. മലപ്പുറം ജില്ലയില്‍ പ്രൊഫഷനല്‍ കോളെജുകള്‍ ഒഴികെ നിലമ്പൂര്‍ താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. താമരശേരി താലൂക്കിലും നാദാപുരം, കുന്നുമ്മല്‍, പേരാമ്പ്ര, ബാലുശേരി, മുക്കം വിദ്യാഭ്യാസ ഉപ ജില്ലകളിലും പ്രൊഫഷനല്‍ കോളെജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ യു.വി.ജോസ് അവധി പ്രഖ്യാപിച്ചു അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.

കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ പ്രൊഫഷനല്‍ കോളെജുകളും അങ്കണവാടികളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നു ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ സര്‍വകലാശാല ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റിവച്ചു. വയനാട് ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും. സര്‍വകലാശാല പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും.

ജലനിരപ്പ് നിശ്ചിത പരിധിയും കടന്നതോടെ പുലര്‍ച്ചെ അഞ്ചോടെ ഇടമലയാര്‍ അണക്കെട്ട് തുറന്നു. മൂന്നു ഷട്ടറുകളും 80 സെന്റി മീറ്റര്‍ വീതമാണ് തുറന്നത്. ഇതോടെ പെരിയാറില്‍ ഒന്നരമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. ഇന്നലെ ഉച്ചയോടെ റെ!ഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

പാലക്കാട്, വയനാട്, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഉരുള്‍പൊട്ടി. സംസ്ഥാനത്ത് ഇതുവരെ 16 മരണം. ഇടുക്കി ജില്ലയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരടക്കം 10 മരണം. മലപ്പുറത്ത് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. വയനാട്ടിലും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. മാനന്തവാടി തലപ്പുഴ മക്കിമലയില്‍ ഉരുള്‍പൊട്ടി ഒരു കുടുംബം മണ്ണിനടിയില്‍ കുടുങ്ങി. പെരിയാര്‍വാലിയില്‍ രണ്ടുപേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. കൊച്ചി–ധനുഷ്‌കോടി ദേശീയപാതയിലും വയനാട് ചുരത്തിലും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.