1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2019

സ്വന്തം ലേഖകന്‍: തന്നെ കാണാന്‍ ജഴ്‌സിയും വാങ്ങി കാത്തിരുന്ന ഈജിപ്ഷ്യന്‍ ബാലനായി വിമാനം വൈകിച്ച് ഫുട്‌ബോള്‍ താരം മുഹമ്മദ് സലാ; കൈയ്യടിച്ച് സമൂഹ മാധ്യമങ്ങള്‍. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ക്രിയേറ്റീവ് സ്‌പോര്‍ട്‌സ് അവാര്‍ഡ് തന്റെ പ്രിയ ഫുട്‌ബോള്‍ താരത്തിനാണെന്ന പ്രഖ്യാപനം വന്നതു മുതല്‍ ഫുട്‌ബോള്‍ ജഴ്‌സി വാങ്ങി കാത്തിരിക്കുകയായിരുന്നു എട്ടു വയസ്സുകാരനായ ഈജിപ്ഷ്യന്‍ ബാലന്‍ മുഹമ്മദ് അംജദ് അസ്സംരി.

ലിവര്‍പൂള്‍ താരത്തെ താരത്തെ ഒരു നോക്ക് കാണുക, ജഴ്‌സിയില്‍ ഒപ്പ് വാങ്ങുക ഇതായിരുന്നു അവന്റെ ആഗ്രഹം. അതിനായി മികച്ച കളിക്കാരനുള്ള പുരസ്‌കാരം പ്രഖ്യാപിച്ച നവംബറില്‍ തന്നെ അവന്‍ സ്വപ്ന സാക്ഷാല്‍ക്കാരത്തിനായി കാത്തിരുന്നു. പുരസ്‌കാരം സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസം മുഹമ്മദ് സലാ സെനഗലില്‍ നിന്നാണ് ദുബായില്‍ വിമാനമിറങ്ങിയത്. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലെ പുരസ്‌കാര വിതരണ ചടങ്ങിലേക്ക് അംജദ്, പിതാമഹന്‍ മുഹമ്മദ് അശ്ശാമിയോടൊപ്പമാണ് എത്തിയത്.

2018ലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള അവാര്‍ഡ് ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദില്‍ നിന്നും സ്വീകരിച്ച സലാ വേദിവിട്ടു. സമയം വൈകിയതിനാല്‍ വേദിയുടെ പിന്‍വശത്തെ കവാടത്തിലൂടെ ആയിരുന്നു താരം തിരിച്ചിറങ്ങിയത്. അതിനാല്‍ കാത്തിരുന്ന മുഹമ്മദിനു സലായെ കാണാനായില്ല. നിരാശനായ മുഹമ്മദിന് കരച്ചിലടക്കാനായില്ല. ജഴ്‌സിയും പിടിച്ചുള്ള ബാലന്റെ കരച്ചില്‍ കേട്ട് സമീപത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെത്തി.

സുരക്ഷാ മേധാവി മേജര്‍ അബ്ദുല്ല ഖലീഫ അല്‍ മരി വിവരങ്ങള്‍ അന്വേഷിച്ച ശേഷം സ്വകാര്യ വിമാനത്തില്‍ ലണ്ടനിലേക്ക് തിരിക്കാന്‍ തയാറായി നിന്ന സലായെ വിവരമറിയിച്ചു. പിന്നെ, വേഗം രണ്ടു പേരെയും എയര്‍പോര്‍ട്ടിലെത്തിക്കാന്‍ പൊലീസ് മുന്നിട്ടിറങ്ങി. ഇരുവരും വിമാനത്താവളത്തില്‍ എത്തുന്നതുവരെ സലാ വിഐപി ലോഞ്ചില്‍ കാത്തിരുന്നു. ഇഷ്ടതാരത്തെ കണ്ടയുടന്‍ മുഹമ്മദ് സലായെ കെട്ടിപിടിച്ചു. കാത്തു വച്ച ജഴ്‌സിയില്‍ ഇഷ്ടതാരത്തിന്റെ ഒപ്പ് വാങ്ങിച്ചു. മതിവരുവോളം ഫോട്ടോ എടുക്കുകയും ചെയ്താണ് മുഹമ്മദ് മടങ്ങിയത്.

വിമാനം പറന്നുയരാനുള്ള സമയം നീട്ടി വച്ചാണു മുഹമ്മദ് സലാ ബാലനായി കാത്തു നിന്നത്. സലായുടെ വിമാനം പറന്നുയര്‍ന്നതിനു ശേഷം ആ ജഴ്‌സിയും അണിഞ്ഞായിരുന്നു മുഹമ്മദ് അംജദ് തിരിച്ചു പോയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.