1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2011

കൊല്‍ക്കത്തയിലെ ധക്കൂരിയയിലുള്ള എഎംആര്‍ഐ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 73 പേര്‍ മരിച്ചതായി സ്ഥിരീകിരിച്ചു. കോട്ടയം ജില്ലയിലെ കോതനല്ലൂര്‍ പുളിക്കല്‍ കുഞ്ഞുമോന്റെ മകള്‍ വിനീത (23), ഉഴവൂര്‍ ഏച്ചേരില്‍ പരേതനായ രാജപ്പന്റെ മകള്‍ രമ്യാ രാജപ്പന്‍ (24) എന്നിവരാണ് മരിച്ച മലയാളികള്‍. എ.എം.ആര്‍.ഐ ആസ്പത്രിയിലെ നഴ്‌സുമാരായ ഇവര്‍ വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു.വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് തീപിടുത്തമുണ്ടായത്. ഒട്ടേറെയാളുകള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.

മലയാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരും ഒട്ടേറെ രോഗികളും ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ആശുപത്രിയിലെ ഇലക്ട്രിക്കല്‍ വിഭാഗത്തിലുണ്ടായ തീപിടുത്തം ഒന്ന് രണ്ട് നിലകളില്‍ പടര്‍ന്നുപിടിക്കുകയായിരുന്നു.ഡോക്ടര്‍മാരും നഴ്‌സുമാരും രോഗികളുമുള്‍പ്പെടെ 40ഓളം പേര്‍ ഐസിയു, ഐസിസിയു, ഐടിയു, അത്യാഹിത വിഭാഗം എന്നീ യൂണിറ്റുകളില്‍ കുടുങ്ങിക്കിടക്കുകയാണ്.

ഇരുപത്തഞ്ചോളം അഗ്‌നിശമന സേനാ യൂനിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അഗ്നിബാധയുണ്ടായ മുറികളില്‍ നിന്നും പുറത്തേക്ക് വരുന്ന പുക രക്ഷാപ്രരവര്‍ത്തനത്തെ തടസപ്പെടുത്തുന്നുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ തീയണക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തീപിടുത്തം ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല.

പരുക്കേറ്റവരില്‍ മൂന്ന് പേര്‍ മലയാളികളാണ്. ഇവരുടെ പരുക്ക് ഗുരുതരമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നില മെച്ചപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ ഒരു മലയാളി നഴ്‌സിനെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. 400ഓളം മലയാളി നഴ്‌സുമാരാണ് ഇവിടെ ജോലിചെയ്യുന്നത്.

25ഓളം രോഗികളെ ഇതുവരെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചിട്ടുണ്ട്. ആശുപത്രി കെട്ടിടത്തിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്താണ് ഇത്രയും പേരെ രക്ഷപെടുത്തിയത്. കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ ആര്‍.കെ പഞ്ച്‌നാഥ, പശ്ചിമബംഗാള്‍ ഗ്രാമവികസനമന്ത്രി ഫിര്‍ഹാദ് ഹക്കിം എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. എഎംആര്‍ഐ ആശുപത്രിയിലുണ്ടാകുന്ന രണ്ടാമത്തെ വലിയ തീപിടിത്തമാണിത്. 2008ലും ഇവിടെ അഗ്‌നിബാധയുണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.