1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2018

സ്വന്തം ലേഖകന്‍: ലോകം ഒരു ഫുട്‌ബോളായി ചുരുങ്ങി റഷ്യയിലേക്ക്; കാല്‍പ്പന്തു കളിയുടെ ലോകകപ്പ് മാമാങ്കത്തിന് ഇന്ന് റഷ്യന്‍ മണ്ണില്‍ കിക്കോഫ്; ആദ്യ മത്സരത്തില്‍ റഷ്യ സൗദിയുമായി ഏറ്റുമുട്ടും. ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറും ഉള്‍പ്പെടെ 736 കളിക്കാരാണ് റഷ്യയില്‍ പന്തുതട്ടുക. ഇന്ത്യന്‍ സമയം ഇന്നു രാത്രി 8.30 ന് ലുഷ്‌നികി സ്റ്റേഡിയത്തില്‍ ആതിഥേയരായ റഷ്യയും സൗദി അറേബ്യയും ഏറ്റുമുട്ടുന്നതോടെ 21 മത് ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന് തുടക്കമാകും.

ചരിത്രത്തില്‍ ആദ്യമായിട്ടാണ് റഷ്യ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. അത്യാധുനിക ശില്‍പചാരുതയില്‍ സാങ്കേതികത്തികവോടെ നിര്‍മിച്ച ലുഷ്‌നികി സ്റ്റേഡിയത്തില്‍ പന്തുരുളുന്നതോടെ ലോകകപ്പ് വിശേഷങ്ങള്‍ക്കായി ലോകം റഷ്യയിലേക്ക് ഉറ്റുനോക്കുന്ന ദിനങ്ങളാകും ഇനി. ഇന്ത്യന്‍ സമയം വൈകുന്നേരം ആറരക്കാണ് ഉദ്ഘാടനച്ചടങ്ങ്. ജൂലൈ 15 ഫൈനലോടെ പൂരത്തിന് കൊടിയിറങ്ങും.

രാജ്യത്തെ 11 പ്രധാന നഗരങ്ങളില്‍ 12 കൂറ്റന്‍ സ്റ്റേഡിയങ്ങളാണ് റഷ്യ ഒരുക്കിയിട്ടുള്ളത്. ആരാധകര്‍ക്ക് ഗാലറിക്ക് പുറത്ത് കൂട്ടമായിരുന്ന് കളി ആസ്വദിക്കാന്‍ രാജ്യത്തെ പ്രധാന സ്ഥലങ്ങളിലെല്ലാം കൂറ്റന്‍ ടെലിവിഷന്‍ സ്‌ക്രീനുകള്‍ സജ്ജമായിക്കഴിഞ്ഞു. ആറാം ലോക കിരീടം ലക്ഷ്യമിട്ടു ബ്രസീല്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ ലോകകപ്പിലെ മേധാവിത്വം നിലനിര്‍ത്താനാണു ജര്‍മനിയുടെ വരവ്.

റഷ്യയില്‍ ദൗര്‍ഭാഗ്യത്തിന്റെ തലവര മാറ്റാന്‍ മെസ്സിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന പടക്കിറങ്ങുമ്പോള്‍ യൂറോകപ്പിന്റെ ഊര്‍ജ്ജവുമായി റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും പകരം വീട്ടാനുള്ള വീറോടെ സ്‌പെയിനും ആയുധങ്ങള്‍ മിനുക്കുന്നു. ബല്‍ജിയം, ക്രൊയേഷ്യ, പോളണ്ട് എന്നിവരാണ് കറുത്ത കുതിരകള്‍. നവാഗതരായ ഐസ്‌ലന്‍ഡും പാനമയും ആദ്യ ലോകകപ്പിന്റെ ആവേശത്തിലാണ്.

ഇതിനെല്ലാം പുറമെയാണ് രക്തത്തില്‍ ഫുട്‌ബോള്‍ ആവേശവുമായി രാജ്യാതിര്‍ത്തികളെ മായ്ച്ചു കളഞ്ഞ് റഷ്യയിലേക്ക് ഒഴുകിയെത്തുന്ന ഫുട്‌ബോള്‍ പ്രേമികളുടെ സംഘങ്ങള്‍. ഇനിയുള്ള നാളുകള്‍ ലോകം ഒരു ഫുട്‌ബോളായി ചുരുങ്ങുകയാണ്. കിക്കോഫിന് 30 മിനിറ്റ് മുമ്പ് ഉദ്ഘാടന പരിപാടികള്‍ക്ക് തുടക്കംകുറിക്കും. റോബി വില്യംസ് നയിക്കുന്ന സംഗീതവിരുന്നുമായാണ് തുടക്കം. അകമ്പടിയായി നൃത്ത, ജിംനാസ്റ്റിക്‌സ് ആര്‍ട്ടിസ്റ്റുകളും വാദ്യമേളക്കാരുമായി 500 കലാകാരുമുണ്ടാവും.

ലോകകപ്പിന്റെ ഔദ്യോഗിക ഗാനവുമായി വില്‍സ്മിത്തും നിക്കി ജാമും രംഗത്തെത്തും. റോബി വില്യംസിനൊപ്പം റഷ്യന്‍ ഒപേറ ഗായിക എയ്ഡ ഗരിഫുല്ലിനയും രംഗത്തെത്തും. ഇവര്‍ക്കൊപ്പം മുന്‍ ബ്രസീല്‍ സൂപ്പര്‍താരം റൊണാള്‍ഡോയും സ്‌റ്റേഡിയത്തിലുണ്ടാവും. 1980ലെ മോസ്‌കോ ഒളിമ്പിക്‌സിന്റെ മുഖ്യവേദിയായിരുന്ന ലുഷ്‌നികി സ്‌റ്റേഡിയം 80,000 പേര്‍ക്ക് ഇരിപ്പിട സൗകര്യമൊരുക്കിയാണ് ആരാധകരെ വരവേല്‍ക്കുന്നത്. ഫിഫയുടെ പുതിയ സാങ്കേതിക പരീക്ഷണങ്ങളായ ‘വിഡിയോ അസിസ്റ്റന്റ് റഫറിയിങ്’, ഗോള്‍ലൈന്‍ ടെക്‌നോളജി സംവിധാനങ്ങളും റഷ്യ ലോകകപ്പില്‍ അരങ്ങേറും.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.