1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2019

സ്വന്തം ലേഖകന്‍: എത്യോപ്യന്‍ വിമാനദുരന്തത്തിനു പിന്നാലെ വിമാന നിര്‍മാണ കമ്പനി ബോയിംഗിനെതിരെ കേസുകളുടെ പ്രളയം. 157 പേര്‍ മരിച്ച എത്യോപ്യന്‍ വിമാനദുരന്തത്തിനു പിന്നാലെ യുഎസിലെ ബോയിംഗ് വിമാന നിര്‍മാണ കന്പനിക്കെതിരേ കേസുകളുടെ പ്രവാഹം. ഇല്ലിനോയിയിലെ കുക്ക് കൗണ്ടി സര്‍ക്യൂട്ട് കോടതി, വാഷിംഗ്ടണ്‍ സംസ്ഥാനത്തെ സിയാറ്റില്‍ കോടതി എന്നിവിടങ്ങളിലായി മുപ്പത്തഞ്ചോളം ഹര്‍ജികളാണ് നല്കപ്പെട്ടിരിക്കുന്നതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ, അപകടത്തില്‍പ്പെട്ട 737 മാക്‌സ് 8 മോഡല്‍ വിമാനങ്ങള്‍ ആഗോളതലത്തില്‍ നിലത്തിറക്കാന്‍ തുടങ്ങിയതു ബോയിംഗിനു വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ഏറ്റവും പുതിയതായി ഇന്ത്യയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ഈ മോഡല്‍ വിമാനങ്ങള്‍ പറത്തുന്നത് നിര്‍ത്തിവച്ചു. സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, മലേഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളും സമാന നടപടി സ്വീകരിച്ചു.

ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ നേരത്തേ തന്നെ വിമാനങ്ങള്‍ നിലത്തിറക്കിയിരുന്നു. അതേസമയം, യുഎസും ജപ്പാനും ഈ വിമാനങ്ങള്‍ പറക്കാന്‍ സുരക്ഷിതമാണെന്ന അഭിപ്രായത്തിലാണ്. സുരക്ഷ സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ട്രംപ് ബോംയിംഗ് കന്പനി മേധാവി ഡെന്നിസ് മ്യൂളന്‍ബര്‍ഗുമായി സംസാരിച്ചിരുന്നു. ഈ മോഡലില്‍പ്പെട്ട 350 വിമാനങ്ങള്‍ ലോകവ്യാപകമായി ഉപയോഗത്തിലുണ്ട്. ഇതില്‍ മൂന്നില്‍ രണ്ടും ഇപ്പോള്‍ നിലത്തിറക്കിയിരിക്കുകയാണ്.

2017ല്‍ പുറത്തിറക്കിയ 737 മാക്‌സ് 8 മോഡല്‍ വിമാനം മാസങ്ങള്‍ക്കിടെ രണ്ടു തവണ തകര്‍ന്നു. ഞായറാഴ്ചത്തെ എത്യോപ്യന്‍ ദുരന്തത്തിനു പുറമേ ഒക്‌ടോബറില്‍ ഇന്തോനേഷ്യയിലെ ലയണ്‍ എയറിന്റെ ഈ മോഡല്‍ വിമാനം തകര്‍ന്ന് 189 പേര്‍ മരിച്ചിരുന്നു. 737 മാക്‌സ് 8 മോഡലില്‍പ്പെട്ട 5000 വിമാനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ ബോയിംഗ് കന്പനിക്കു ലഭിച്ചിരുന്നു. പുതിയ സംഭവവികാസങ്ങള്‍ കമ്പനിക്കു ലഭിച്ച ഓര്‍ഡറിനെ ബാധിച്ചേക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.