1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 22, 2018

സ്വന്തം ലേഖകന്‍: നമ്മള്‍ കണ്ട കളിയല്ല ശരിക്കുള്ള കളി; വാതുവെപ്പ് ആരോപണത്തിന്റെ നിഴലില്‍ പതിനഞ്ചോളം ക്രിക്കറ്റ് മാച്ചുകള്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അല്‍ ജസീറ ടിവി. 201112 വര്‍ഷങ്ങള്‍ക്കിടെ നടന്ന 15 കളികളില്‍ (6 ടെസ്റ്റ്, 6 ഏകദിനം, 3 ട്വന്റി20) സ്‌പോട് ഫിക്‌സിങ് നടന്നതിനുള്ള തെളിവുകള്‍ അല്‍ജസീറ പുറത്തുവിട്ടു. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, പാക്കിസ്ഥാന്‍ എന്നീ ടീമുകളിലെ താരങ്ങള്‍ സ്‌പോട് ഫിക്‌സിങ്ങില്‍ ഏര്‍പ്പെട്ടതായാണു വെളിപ്പെടുത്തല്‍. ഇതില്‍ ഒന്ന് 2011 ജൂലൈയില്‍ നടന്ന ഇംഗ്ലണ്ട്– ഇന്ത്യ ടെസ്റ്റ് മല്‍സരമാണ്.

ക്രിക്കറ്റ് താരങ്ങളെ സ്വാധീനിച്ചു മല്‍രത്തിന്റെ ഏതെങ്കിലുമൊരു ഭാഗം മാറ്റിമറിക്കുന്ന പ്രക്രിയയാണു സ്‌പോട് ഫിക്‌സിങ്. ഉദാഹരണത്തിന് പവര്‍പ്ലേ ഓവറുകളില്‍ ഒരു ടീം നിര്‍ദിഷ്ട റണ്‍സിനു മുകളില്‍ നേടുമോ ഇല്ലയോ, അവസാന ഓവറില്‍ ബാറ്റ്‌സാമാന്‍ നിര്‍ദിഷ്ട റണ്‍സിനു മേല്‍ സ്‌കോര്‍ ചെയ്യുമോ ഇല്ലയോ തുടങ്ങിയ കാര്യങ്ങളാണു സ്‌പോട് ഫിക്‌സര്‍മാര്‍ നിശ്ചയിക്കുക. ഇതു സംബന്ധിച്ച് താരങ്ങളുമായി ധാരണയുണ്ടാക്കിയതിനുശേഷം വാതുവയ്പ്പില്‍ ഏര്‍പ്പെടുന്നതാണു രീതി.

കുപ്രസിദ്ധ വാതുവയ്പ്പു സംഘത്തലവന്‍ മുംബൈ സ്വദേശി അനീല്‍മുനവറുമായി ചാനല്‍ റിപ്പോര്‍ട്ടര്‍ വാതുവയ്പ്പുകാരനെന്ന വ്യാജേന ഫോണില്‍ ബന്ധപ്പെട്ടതിന്റെ വിവരങ്ങളാണു പുറത്തു വന്നിരിക്കുന്നത്. സ്‌പോട് ഫിക്‌സിങ്ങിന്റെ ഭാഗമായി ബാറ്റ്‌സ്മാന്‍മാര്‍ സ്വാഭാവിക ശൈലിക്കുചേരാത്ത പ്രകടനം നടത്തിയതായാണു ചാനലിന്റെ കണ്ടെത്തല്‍. പല പ്രമുഖ താരങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു വിവരം. ഒരു കളിക്കിടെ ഒന്നിലധികം തവണ സ്‌പോട് ഫിക്‌സിങ് നടത്തിയതായും പറയുന്നു.

കുപ്രസിദ്ധ കുറ്റവാളി ദാവുദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായും അനീര്‍ മുനവറിനു ബന്ധമുണ്ടെത്രെ. ഫോണ്‍ സംഭാഷണങ്ങളില്‍ മുനവര്‍ നടത്തുന്ന 26 പ്രവചനങ്ങളില്‍ 25 എണ്ണവും ശരിയായിട്ടുണ്ട് എന്നതാണു സ്‌പോട് ഫിക്‌സിങ് നടന്നതിനുള്ള തെളിവായി കാണുന്നത്. ഇയാളുടെ ഫോണ്‍ സംഭാഷണങ്ങളുടെ കൂടുതല്‍ വിവരം വരും ദിവസങ്ങളിലും പുറത്തുവിടുമെന്നു ചാനല്‍ അറിയിച്ചു. സംഭവത്തെപ്പറ്റി ഐസിസി ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.