1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2019

സ്വന്തം ലേഖകന്‍: കേരളത്തിന്റെ 22ാമത് ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റു. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. മലയാളത്തില്‍ സത്യവാചകം ചൊല്ലിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്റെ ഗവര്‍ണറായി ചുമതലയേറ്റത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ ടി ജലീല്‍ തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ സന്നിഹിതരായി.

സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ആരിഫ് മുഹമ്മദ് ഖാന്‍ രാജ് ഭവനിലെ ഓഫീസിലേക്ക് പോകും. ഇന്നലെ രാവിലെയാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. മന്ത്രിമാരായ എ കെ ബാലന്‍, ഇ ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ ടി ജലീല്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ആരിഫ് മുഹമ്മദ് ഖാനെ സ്വീകരിച്ചത്. മുഖ്യമന്ത്രി രാജഭവനിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കേരളത്തിന്റെ പുതിയ ഗവര്‍ണറായി സ്ഥാനമേല്‍ക്കുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ഉറച്ച ശബ്ദമായിരുന്നു. ജനതാ പാര്‍ട്ടിക്കാരനായാണ് ആരിഫ് മുഹമ്മദ് രാഷ്ട്രീയത്തിലെത്തിയത്. പിന്നീടാണ് കോണ്‍ഗ്രസ് നേതാവാകുന്നത്. മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ആരിഫ് മുഹമ്മദ് കോണ്‍ഗ്രസില്‍ നിന്ന് അകന്നതും പിന്നീട് ബിജെപി പാളയത്തില്‍ എത്തിയതും. ചരണ്‍ സിങിന്റെ ഭാരതീയ ക്രാന്തി ദളില്‍ നിന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് 1977ല്‍ അദ്ദേഹം യുപി നിയമസഭയിലെത്തി.

1980 ലാണ് ആരിഫ് മുഹമ്മദ് കോണ്‍ഗ്രസിലെത്തുന്നത്. 1980 ല്‍ കാണ്‍പൂരില്‍നിന്നും 1984ല്‍ ബറൈച്ചില്‍ നിന്നും അദ്ദേഹം ലോക്‌സഭയിലെത്തി. 1986 ല്‍ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ഊര്‍ജ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു മുഹമ്മദ് ആരിഫ്. പിന്നീട്, മുസ്ലീം സ്ത്രീകള്‍ക്കുള്ള അവകാശത്തെ സംബന്ധിച്ചുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുകയായിരുന്നു.

ബില്ലുമായി മുന്നോട്ടുപോകുന്നതു കോണ്‍ഗ്രസിന്റെ മതേതര സ്വഭാവത്തിന് എതിരാണെന്നു പാര്‍ട്ടി അധ്യക്ഷനും പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയോടു ചൂണ്ടിക്കാട്ടിയാണ് ആരിഫ് മുഹമ്മദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. നിലപാടിലുറച്ചുള്ള രാജിയെ അന്ന് മാധ്യമങ്ങളടക്കം ഏറെ പ്രകീര്‍ത്തിച്ചു.

കോണ്‍ഗ്രസില്‍ നിന്ന് അകന്ന ശേഷം അദ്ദേഹം ജനമോര്‍ച്ചയിലെത്തി. ജനതാ ദളില്‍ ചേര്‍ന്ന് 1989 ല്‍ വീണ്ടും ലോക്‌സഭയിലെത്തി. അതിനു ശേഷം ബിഎസ്പിയിലും അംഗമായി. 2004 ലാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്. 2007 ല്‍ ബിജെപിയില്‍ നിന്നും അകലുകയും ചെയ്തു. 2007 ന് ശേഷം സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നിന്നിരുന്ന ആരിഫ് മുഹമ്മദ് കഴിഞ്ഞ കുറച്ച് നാളുകളായി മോദി സര്‍ക്കാരിനോട് നല്ല ബന്ധം പുലര്‍ത്തുന്നുണ്ട്. മുത്തലാഖ് ബില്ലിനെ പിന്തുണക്കുകയും നരേന്ദ്ര മോദിയെ അഭിനന്ദിക്കുകയും ചെയ്തിട്ടുള്ള നേതാവാണ് ആരിഫ് മുഹമ്മദ്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.