1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2019

സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അപ്രതീക്ഷിതമായി കണ്ടുമുട്ടി. കൊല്‍ക്കത്ത വിമാനത്താവളത്തിലാണ് ഇരുവരും തമ്മില്‍ കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ ഡല്‍ഹിയിലേക്ക് പോകാനാണ് മമത ബാനര്‍ജി വിമാനത്താവളത്തില്‍ എത്തിയത്.

ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ രണ്ടു ദിവസ സന്ദര്‍ശനത്തിനുശേഷം ബംഗാളിലെ അസന്‍സോളിലുള്ള കല്യാണേശ്വരി ക്ഷേത്രത്തിലെത്തി പൂജ അര്‍പ്പിച്ച് മടങ്ങുകയായിരുന്നു യശോദ ബെന്‍. യശോദ ബെന്നിനെ കണ്ട മമത ബാനര്‍ജി സുഖവിവരങ്ങള്‍ അന്വേഷിച്ചു. യശോദ ബെന്നിന് ദീദി സാരി സമ്മാനിക്കുകയും ചെയ്തു. റിട്ടയേര്‍ഡ് അധ്യാപികയായ യശോദ ബെന്‍ ഗുജറാത്തിലാണ് താമസിക്കുന്നത്.

ഡല്‍ഹിയിലെത്തിയ മമത ബാനര്‍ജി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. വിവിധ വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് മമത ഡല്‍ഹിയിലെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ മമത പ്രധാനമന്ത്രിയെ അറിയിക്കും. കേന്ദ്രത്തില്‍ നിന്നുള്ള സംസ്ഥാനത്തിന്റെ വിഹിതമടക്കമുള്ള കാര്യങ്ങളാണ് മോദിയുമായുള്ള ചര്‍ച്ചയില്‍ മമത സൂചിപ്പിക്കുക. ഇന്നലെ ജന്മദിനം ആഘോഷിച്ച പ്രധാനമന്ത്രിക്ക് മമത മധുര പലഹാരങ്ങള്‍ സമ്മാനിക്കും. പ്രധാനമന്ത്രിക്ക് മമത ജന്മദിനാശംസകള്‍ നേരുകയും ചെയ്യും.

നിരവധി വിഷയങ്ങളില്‍ പരസ്പരം ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന നേതാക്കളാണ് നരേന്ദ്ര മോദിയും മമത ബാനര്‍ജിയും. വിവിധ രാഷ്ട്രീയ വിഷയങ്ങളില്‍ ബിജെപിയെയും നരേന്ദ്ര മോദിയെയും മമത രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ തന്റെ വിശ്വസ്തനായ രാജീവ് കുമാറിനെതിരെ നടപടി സ്വീകരിക്കുന്നതിലടക്കം മമത നേരത്തെ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ വിവിധ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്നായിരുന്നു മമത ആരോപിച്ചത്. ഇതിനെതിരെ മമത പരസ്യമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.