1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 7, 2019

സ്വന്തം ലേഖകൻ: ആദ്യ റഫാല്‍ യുദ്ധവിമാനങ്ങള്‍ സ്വീകരിക്കാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഫ്രാൻസിലെത്തും. റഫാൽ വിമാനങ്ങൾ സ്വീകരിക്കുന്നതിനായി മുന്നോടിയായി രാജ്നാഥ് സിംഗ് ചൊവ്വാഴ്ച രാവിലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി കൂടിക്കാഴ്ച നടത്തും. റഫാൽ കൈമാറ്റ ചടങ്ങിൽ രാജ്നാഥ്സിംഗിനൊപ്പം ഫ്രഞ്ച് സായുധസേന മന്ത്രി ഫ്ളോറൻസ് പാർലിയും പങ്കെടുക്കും. റഫാൽ വിമാനത്തിൽ പറക്കുന്ന രാജ്നാഥ് സിംഗ് വിജയദശമി ദിനത്തിൽ ആയുധപൂജയിലും പങ്കുചേരും.

സെപ്തംബറിൽ റഫാൽ വിമാനങ്ങൾ ഫ്രാൻസ് ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. രണ്ടു സീറ്റുകളുള്ള RB-OO1 വിമാനമാണ് ഇന്ത്യക്ക് കൈമാറിയത്. ഇന്ത്യന്‍ എയര്‍ഫോഴ്സ് ഡെപ്യൂട്ടി ചീഫ് എയര്‍മാര്‍ഷല്‍ വിആര്‍ ചൗധരി റഫാല്‍ ഏറ്റുവാങ്ങുകയും ഒരു മണിക്കൂറോളം സമയം വിമാനത്തില്‍ പരീക്ഷണ പറക്കല്‍ നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ഔദ്യോ​ഗികമായി നാളെയാണ് ഇന്ത്യ ഫ്രാൻസിൽ നിന്ന് റാഫാൽ വിമാനങ്ങൾ സ്വീകരിക്കുക. ഫ്രഞ്ച് കമ്പനിയായ ദസോൾട്ട് ഏവിയേഷനിൽ നിന്നാണ് ഇന്ത്യ 36 റഫാല്‍ ഫൈറ്റര്‍ വിമാനങ്ങൾ വാങ്ങിക്കുന്നത്.

റഫാല്‍ വിമാനങ്ങൾ പുറത്തിറക്കുന്നതിന് മുന്നോടിയായി പത്ത് പൈലറ്റുകളും പത്ത് ഫൈറ്റര്‍ എഞ്ചിനിയര്‍മാരും 40 ടെക്നിഷ്യന്‍സും അടങ്ങുന്ന ടീമിന് ഫ്രാന്‍സില്‍ നിന്നും പരിശീലനം നല്‍കിയിരുന്നു. കരാര്‍ അനുസരിച്ച് 2022 ഏപ്രിലോടെ ഫ്രാന്‍സില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന എല്ലാ റഫാല്‍ ഫൈറ്റര്‍ വിമാനങ്ങളും ഇന്ത്യയിലേക്ക് എത്തുമെന്നാണ് നിലവില്‍ കരുതുന്നത്.

ഏറെ വിവാദങ്ങൾക്ക് ശേഷമാണ് ആദ്യ റഫാൽ വിമാനം ഇന്ത്യ സ്വീകരിക്കാനൊരുങ്ങുന്നത്. 58,000 കോടിയുടെ ഇടപാടിൽ ഉയർന്ന അഴിമതി ആരോപണമാണ് ആദ്യ നരേന്ദ്ര മോദി സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ചിരുന്നത്. റഫാല്‍ ഇടപാട് ജെപിസി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. യുപിഎ സർക്കാരിന്റെ കാലത്ത് 526 കോടി രൂപയായിരുന്നു റഫാലിന്റെ വില.

എന്നാൽ വിമാനങ്ങളുടെ എണ്ണം കുറഞ്ഞിട്ടും വിലയില്‍ മൂന്നുമടങ്ങിന്റെ വര്‍ധനയുണ്ടെന്നാണ് കോൺ​ഗ്രസിന്റെ പ്രധാന ആരോപണം. കരാര്‍ ഒപ്പിട്ട് 10 ദിവസത്തിനുശേഷം എച്ച്എഎല്ലിനെ ഒഴിവാക്കി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡുമായി ദസോള്‍ട്ട് കരാറിലേര്‍പ്പെട്ടതും വൻ വിവാദമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.