1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2019

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് വിഷയത്തില്‍ തെരേസാ മേയുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ജെര്‍മി കോര്‍ബെയ്ന്‍. വോട്ടെടുപ്പില്‍ ലേബര്‍ പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പുതിയ കരാറിനെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് മേ രംഗത്തെത്തി.

പുതിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കരാര്‍ അവതരിപ്പിക്കുമെന്നാണ് തെരേസാ മേ വ്യക്തമാക്കിയിട്ടുള്ളത്. എല്ലാവരുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് കരാര്‍ തയ്യാറാക്കിയിട്ടുള്ളതെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതുമായി സഹകരിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ തന്നെയാണ് പ്രതിപക്ഷം.

യൂറോപ്യന്‍ യൂണിയനുമായി സാധാരണ രീതിയിലുള്ള കസ്റ്റംസ് കരാര്‍ പിന്തുടരാനാണ് ലേബര്‍ പാര്‍ട്ടിയുടെ തീരുമാനം. പഴയ കാര്യങ്ങള്‍ പരിഷ്‌കരിക്കാതെ വീണ്ടും കൊണ്ടുവരികയാണ് പ്രധാനമന്ത്രിയെന്നും കോര്‍ബെയന്‍ കുറ്റപ്പെടുത്തുന്നു. മേ എന്തായാലും രാജിവെക്കാന്‍ തയ്യാറെടുക്കുകയാണ്. അവരുടെ പാര്‍ട്ടിയില്‍ നിന്ന് തന്നെ പിന്തുണ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ അടുത്ത മാസം നടക്കുന്ന വോട്ടെടുപ്പിന് പിന്തുണ ആവശ്യപ്പെട്ട് തെരേസാ മേ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. കസ്റ്റംസ് കരാര്‍, തൊഴിലാളികളുടെ അവകാശം, പരിസ്ഥിതി സംരക്ഷണം, വടക്കന്‍ അയര്‍ലാന്‍ഡ് അതിര്‍ത്തി വിഷയം തുടങ്ങി എല്ലാ കാര്യങ്ങളും കരാറിന്റെ ഭാഗമാണെന്നും സഹകരിക്കണമെന്നുമാണ് മേ വീണ്ടും എംപിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.