1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2016

സ്വന്തം ലേഖകന്‍: ഹിതപരിശോധന, ബ്രിട്ടന് അഗ്‌നിപരീക്ഷയുടെ ദിനം, മഴയെ വെല്ലുവിളിച്ച് കനത്ത പോളിംഗ്. കടുത്ത വംശീയവാദികളും കുടിയേറ്റ വിരുദ്ധരുമായ ഒരു വിഭാഗം ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പിന്മാറമെന്ന് വോട്ട് ചെയ്തപ്പോള്‍ മറുവിഭാഗം ബ്രെക്‌സിറ്റിനെ എതിര്‍ത്തും വിധിയെഴുതി. രണ്ടു രാഷ്ട്രങ്ങളിലുള്ളവരെപ്പോലെയായിരുന്നു ഇക്കാര്യത്തില്‍ ബ്രിട്ടീഷ് ജനതയുടെ പെരുമാറ്റമെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോരിച്ചൊരിയുന്ന മഴയെപ്പോലും വകവെക്കാതെയാണ് കോടിക്കണക്കിന് വോട്ടര്‍മാര്‍ ബൂത്തുകളിലത്തെിയത്. കഴിഞ്ഞ അര്‍ധരാത്രി മുതല്‍ തുടങ്ങിയ മഴയില്‍ മിക്കവാറും റോഡുകള്‍ വെള്ളത്തിനടിലായിരുന്നു. വീടുകളും ബിസിനസ് സ്ഥാപനങ്ങളും വെള്ളക്കെട്ടിലാണ്. ഓഫിസുകളില്‍ കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തനരഹിതമായി. തെക്കുകിഴക്കന്‍ മേഖലകളില്‍ കാലാവസ്ഥാ വിഭാഗം വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി ഡേവിഡ് കാമറണാണ് ഹിതപരിശോധന പ്രഖ്യാപിച്ചത്. 1973 മുതല്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ അംഗമാണ്. 1975 ല്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണോ എന്നതു സംബന്ധിച്ച് ഹിതപരിശോധന പ്രഖ്യാപിച്ചു. എന്നാല്‍, യൂറോപ്യന്‍ യൂനിയനോടൊപ്പം നില്‍ക്കണമെന്നായിരുന്നു ഹിതപരിശോധനാ ഫലം. യൂറോ സോണിന്റെ ഏകീകൃത നാണയമായ യൂറോ 1992 ല്‍ നിലവില്‍വന്നെങ്കിലും 2002 മുതലാണ് ബ്രിട്ടനില്‍ യൂറോ സ്വീകാര്യമായത്. ബ്രിട്ടന്റെ ഔദ്യോഗിക നാണയമായ പൗണ്ട് അവര്‍ നിലനിര്‍ത്തുകയും ചെയ്തു. യൂറോപ്യന്‍ യൂനിയന്‍ സാമ്പത്തിക കൂട്ടായ്മയായ യൂറോസോണില്‍ നിന്ന് വിട്ടുനില്‍ക്കാനും ബ്രിട്ടന്‍ തീരുമാനിച്ചിരുന്നു.

അംഗരാജ്യങ്ങള്‍ക്കിടയില്‍ വിസാരഹിത യാത്ര സാധ്യമാക്കുന്ന ഷെന്‍ഗെന്‍ കരാറിലും ബ്രിട്ടന്‍ പങ്കാളിയല്ല. യൂറോപ്യന്‍ യൂനിയനുമായുള്ള വ്യാപാര സാമ്പത്തിക കരാറുകള്‍ ബ്രിട്ടന്റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്നുവെന്നാണ് ബ്രിട്ടന്‍ വിട്ടുപോകണമെന്ന് ആവശ്യപ്പെടുന്നവരുടെ വാദം. മുന്‍ ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണും യൂകീപ് പാര്‍ട്ടി നേതാവ് നിഗേല്‍ ഫറാഷുമാണ് ‘ലീവ്’ ചേരിക്ക് നേതൃത്വം നല്‍കുന്നത്.

അതേസമയം, പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍, പ്രതിപക്ഷ നേതാവ് ജെറെമി കോര്‍ബൈന്‍, ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, മുന്‍ പ്രധാനമന്ത്രിമാരായ സര്‍ ജോണ്‍ മേജര്‍, ടോണി ബ്‌ളെയര്‍ എന്നിവരുള്‍പ്പെടെ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള നിരവധി പ്രമുഖര്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണമെന്ന ‘റിമെയ്ന്‍’ പക്ഷക്കാരാണ്.

പ്രധാനമന്ത്രി ഡേവിഡ് കാമറണും പത്‌നി സാമന്തയും വെസ്മിന്‍സ്റ്ററിലെ സെന്‍ട്രല്‍ മെതോഡിസ്റ്റ് ഹാളിലും ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിന്‍ ഇസ്ലിങ്ടണിലെ ബൂത്തിലും വോട്ട് രേഖപ്പെടുത്തി. ലോകം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹിതപരിശോധനയുടെ ഇന്ന് ഉച്ചയോടെ അറിയുമെന്നാണ് പ്രതീക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.