1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2016

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ലണ്ടന്റെ നഷ്ടം പാരീസിന്റെ നേട്ടമാകുന്നു, സംരഭകരുടേയും കമ്പനികളുടേയും ശ്രദ്ധ മുഴുവന്‍ പാരീസിലേക്ക്. ഫാഷന്‍ തലസ്ഥാനമായ പാരിസ് അധികം വൈകാതെ യുവ സംരഭകരുടെ പ്രിയ കേന്ദ്രമായി മാറുമെന്ന് നിരീക്ഷകര്‍ കരുതുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ പുറത്തുപോയ പശ്ചാത്തലത്തില്‍ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ലണ്ടന്റെ സ്ഥാനം പാരീസ് ഏറ്റെടുക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

യൂറോപിലെ ഇന്‍ക്യുബേറ്ററുകളില്‍ ഏറ്റവും വലിയ ഇന്‍ക്യുബേറ്റര്‍ ഉള്‍പ്പെടെ മൂന്നു ഡസനിലധികം സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്ററുമുള്ള പാരീസ് അധികം താമസിക്കാതെ തന്നെ യൂറോപ്പിന്റെ ഇന്നൊവേഷന്‍ തലസ്ഥാനം എന്ന പദവി സ്വന്തമാക്കുമെന്നാണ് കരുതുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോയതോടെ ബ്രിട്ടീഷ് സാമ്പത്തിക രംഗത്തെ പ്രമുഖ കമ്പനികളെ ആകര്‍ഷിക്കാന്‍ പാരിസ് ശ്രമം നടത്തുന്നതും ഇതിന്റെ ഭാഗമായാണ്.

കഴിഞ്ഞ വര്‍ഷത്തെ ലോകബാങ്കിന്റെ ബിസിനസ് സൗഹൃദ നഗരങ്ങളുടെ പട്ടികയില്‍ 27 മതായിരുന്നു ഫ്രാന്‍സിന്റെ സ്ഥാനം. ലണ്ടന്‍ ആറാമതും. എന്നാല്‍ അടുത്തിടെ നടന്ന സര്‍വെകളില്‍ പാരിസ് ലണ്ടന്‍ ഉള്‍പ്പെടെയുള്ള സ്റ്റാര്‍ട്ടപ്പ് നഗരങ്ങള്‍ക്കൊപ്പം എത്തുന്നതായാണ് സൂചന. ഈ വര്‍ഷം പകുതി വരെയുള്ള സ്റ്റാര്‍ട്ടപ്പ് ഫിനാന്‍സിങ് ഓപ്പറേഷനുകളില്‍ ഫ്രാന്‍സ് ബ്രിട്ടനേക്കാള്‍ മുമ്പിലാണെന്നാണ് ഇവൈ കണ്‍സള്‍ട്ടന്‍സിയുടെ കണക്ക്.

ആകെ ഓപ്പറേഷനുകളുടെ 27 ശതമാനമാണ് ഫ്രാന്‍സില്‍ നടന്നത്. ബ്രിട്ടനില്‍ 25 ശതമാനവും ജര്‍മ്മനിയില്‍ 22 ശതമാനവും സ്റ്റാര്‍ട്ടപ്പ് ഓപ്പറേഷനുകള്‍ നടന്നു. പാരിസില്‍ ഉടന്‍ തന്നെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇന്‍ക്യുബേറ്റര്‍ ആരംഭിക്കുമെന്നാണ് സൂചന. 34,000 സ്‌ക്വയര്‍ മീറ്ററില്‍ ആരംഭിക്കാന്‍ പോകുന്ന ഇന്‍ക്യുബേറ്റര്‍ സെന്റര്‍ ഫ്രഞ്ച് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബീല്‍ മാര്‍ക്കറ്റ് കമ്പനി ഉടമ സേവ്യര്‍ നീലാണ് മുതല്‍മുടക്കുന്നത്.

യൂറോപ്പില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് ഈ പ്രവണത സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. സ്റ്റാര്‍ട്ടപ്പ് നിക്ഷേപത്തിന്റെ മൂല്യത്തില്‍ 34 ശതമാനം നേടി ബ്രിട്ടനാണ് ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നത്. 16 ശതമാനമാണ് ഫ്രാന്‍സിന് ലഭിച്ചത്.

കായികരംഗത്തെ സ്റ്റാര്‍ട്ടപ്പുകളെ പ്രോല്‍സാഹിപ്പിക്കുന്ന ഇന്‍ക്യുബേറ്ററായ ട്രംമ്പ്‌ലിന്‍ ഒരു ഡസനോള്ളം ഇന്‍ക്യുബേറ്ററുകള്‍ പാരിസിലും സമീപപ്രദേശങ്ങളിലുമായി ആരംഭിക്കുന്നുണ്ട്. 250 ഓളം സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതില്‍ ഫ്രഞ്ച് സര്‍ക്കാരും പ്രത്യേക താത്പര്യം കാണിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.