1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2012

ലണ്ടന്‍ : സ്ഥിരമായി 29 വയസ്സാണോ നിങ്ങളുടെ പ്രായം? കളളം പറയുന്നതിന് മുന്‍പ് ഇനിമുതല്‍ അല്‍പ്പമൊന്ന് ആലോചിച്ചോളു. എംആര്‍ഐ സ്‌കാനിംഗിലൂടെ ഒരാളുടെ പ്രായം കൃത്യമായി കണക്കാക്കാന്‍ കഴിയുന്ന വിദ്യ ഡോക്ടര്‍മാര്‍ വികസിപ്പിച്ചെടുത്തു. തലച്ചോറിലുളള ഒരു ഡെവലപ്പ്‌മെന്റല്‍ ക്ലോക്കാണ് ഒരാള്‍ക്ക് എത്രവയസ്സായെന്ന് കണ്ടെത്താന്‍ സഹായിക്കുന്നത്. ഒരു വര്‍ഷത്തിനുളളില്‍ ഇത് സംബന്ധിച്ച പൂര്‍ണ്ണവിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. പുതിയ കണ്ടെത്തല്‍ മരുന്നുകളുടെ കാര്യത്തിലും ചില പ്രധാനപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഒപ്പം കാലത്തിന് അനുസരിച്ച് തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനും ഈ കണ്ടുപിടുത്തം സഹായിക്കും.

ഒരു വ്യക്തിക്ക് പ്രായം കൂടുന്നതിന് അനുസരിച്ച് തലച്ചോറിലെ ഒരു പ്രത്യേക ഭാഗത്ത് ചില വ്യത്യാസങ്ങള്‍ രേഖപ്പെടുത്തി വെയ്ക്കുന്നുണ്ട്. ഇതിനെയാണ് ഡെവലപ്പ്‌മെന്റല്‍ ക്ലോക്ക് എന്ന് അറിയപ്പെടുന്നത്. ഈ മാറ്റങ്ങള്‍ എല്ലാ വ്യക്തികളിലും ഒരുപോലെ ആയിരിക്കുമെന്നും പഠനം നടത്തിയ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലേയും സാന്റിയോഗോ സ്‌കൂള്‍ ഓഫ് മെഡിസിനിലേയും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. മൂന്ന് മുതല്‍ 20 വയസ്സ് വരെ പ്രായമുളള 885 ആളുകളെ എംആര്‍ഐ സ്‌കാനിംഗിന് വിധേയമാക്കിയ ശേഷം നടത്തിയ പഠനത്തിലാണ് പ്രായം കൃത്യമായി നിര്‍ണ്ണയിക്കാമെന്ന് കണ്ടെത്തിയത്.

ഈ ബ്രയിന്‍ സ്‌കാനിംഗില്‍ തലച്ചോറിലെ 231 മേഖലകള്‍ അടയാളപ്പെടുത്തിയശേഷം ഇവയെല്ലാം ഒന്നിച്ചപ്പോഴാണ് പ്രായം നിര്‍ണ്ണയിക്കുന്ന മേഖലകള്‍ ശ്രദ്ധയില്‍ പെട്ടത്. ഇതില്‍ 92 ശതമാനവും കൃത്യമായിരുന്നുവെന്ന് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ തിമോത്തി ബ്രൗണ്‍ പറയുന്നു. പ്രായം കൂടുന്നതിന് അനുസരിച്ച് ഈ മേഖലയിലെ പാറ്റേണിന് കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇത് കണ്ടെത്തിയാണ് ഒരാളുടെ പ്രായം നിര്‍ണ്ണയിക്കാന്‍ സാധിക്കുന്നത്. പ്രായം കൂടുന്നതിന് അനുസരിച്ച് തലച്ചോറിലുണ്ടാകുന്ന മാറ്റം കണ്ടെത്തുക വഴി കുട്ടികളിലുണ്ടാകുന്ന വൈകല്യങ്ങളും വളരെ വേഗത്തില്‍ കണ്ടെത്താന്‍ കഴിയും.

എന്നാല്‍ തലച്ചോറിലുണ്ടാകുന്ന ഈ ആന്തരിക വ്യതിയാനങ്ങള്‍ മനുഷ്യന്റെ സ്വഭാവത്തെ എത്രത്തോളം പക്വതയുളളതാക്കുന്നു എന്നത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. ഒരു മനുഷ്വന്റെ പക്വതയുളള സ്വഭാവവും വയസ്സും തമ്മില്‍ കൃത്യമായ ബന്ധം കണ്ടെത്താന്‍ ഇതുവരെ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടില്ല. പുതിയ കണ്ടെത്തല്‍ കുട്ടികളില്‍ കണ്ടുവരുന്ന വൈകല്യങ്ങളായ എഡിഎച്ച്ഡി, ഓട്ടിസം തുടങ്ങിയവയ്ക്ക് ഫലപ്രദമായ ഒരു പരിഹാരമാര്‍ഗ്ഗം കണ്ടെത്താന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ എല്ലാ ന്യൂറോളജിക്കല്‍ വൈകല്യങ്ങള്‍ക്കും കാരണം വളര്‍ച്ചയുടെ തോതുമായി ബന്ധപ്പെട്ടതാണോ അതോ തെറ്റായ വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തുന്നതാണോ എന്ന് കണ്ടെത്തുകയാണ് ശാസ്ത്രജ്ഞരുടെ മുന്നിലുളള വെല്ലുവിളി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.