1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2019

സ്വന്തം ലേഖകന്‍: ബിറ്റ് കോയിന്‍ ഇടപാടിന്റെ പേരില്‍ മലയാളി യുവാവിനെ ഉത്തരഖണ്ഡിയില്‍ കൊലപ്പെടുത്തി. മലപ്പുറം വടക്കന്‍ പാലൂര്‍ സ്വദേശി അബ്ദുള്‍ ഷുക്കൂര്‍ എന്ന 24 കാരനെയാണ് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഇയാളുടെ ബിസിനസ് പങ്കാളികള്‍ തന്നെയാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായ പരിക്ക് പറ്റിയ അബ്ദുള്‍ ഷുക്കൂറിനെ ആശുപത്രിയുടെ എമര്‍ജന്‍സി വിഭാഗത്തില്‍ ഉപേക്ഷിച്ച് മടങ്ങിയ സംഘത്തിലെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ 485 കോടിയുടെ ബിറ്റ്‌സ്‌കോയിന്‍ ഇടപാടാണ് കാരണം എന്നാണ് റിപ്പോര്‍ട്ട്. മലപ്പുറം സ്വദേശികളായ ആഷിഖ്, അര്‍ഷാദ്, ഷിഹാബ്, മുനീഫ്, യാസിന്‍, സുഫൈല്‍ മിക്തര്‍, അഫ്താബ് മുഹമ്മദ്, ഫാരിസ് മംമ്‌നൂണ്‍, അരവിന്ദ്.സി, അന്‍സിഫ് അലി എന്നിവരാണ് പ്രതികള്‍ എന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

ഇവരില്‍ നാലു പേര്‍ ഷുക്കൂറുമായി നേരിട്ട് ബിസിനസ് നടത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ബിറ്റ്‌കോയിന്‍ വ്യാപാരത്തില്‍ പങ്കെടുത്തിരുന്ന അബ്ദുള്‍ ഷുക്കൂറുമായുള്ള ബിസിനസ് വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണു പൊലീസ് നിഗമനം. ഒരു വര്‍ഷം മുന്‍പ് ബിറ്റ്‌കോയിന്റെ മൂല്യമിടിഞ്ഞതോടെയാണ് ഷുക്കൂറിന് ബിറ്റ്‌കോയിന്‍ വ്യാപരത്തില്‍ വലിയ നഷ്ടം സംഭവിച്ചു. ഇതോടെ നിക്ഷേപകര്‍ പണം തിരിച്ചു ചോദിച്ചു. ഇതോടെ ഇയാള്‍ ഡെറാഡൂണിലെ സുഹൃത്തായ യാസിന്റെ അടുത്തേക്ക് പോയി. ഓഗസ്റ്റ് 12ന് ഇവിടെ എത്തിയ ഷുക്കൂറിനൊപ്പം 9 പേര്‍ ഉണ്ടായിരുന്നു.

തന്റെ ബിറ്റ്‌കോയിന്‍ വ്യാപാര അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും വൈകാതെ സ്വന്തമായി വ്യാപാരം ആരംഭിക്കുമെന്നും ലാഭത്തില്‍നിന്നു നിക്ഷേപകരുടെ പണം തിരികെ നല്‍കുമെന്നും ആഷിഖിനോട് ഷുക്കൂര്‍ പറഞ്ഞിരുന്നു. എന്നാല്‍ കോടികള്‍ വിലയുള്ള ബിറ്റ്‌കോയിന്‍ ഇപ്പോഴും അബ്ദുള്‍ ഷുക്കൂറിന്റെ പക്കലുണ്ടെന്ന് വിശ്വസിച്ച ആഷിഖ് ഈ അക്കൗണ്ടിന്റെ പാസ്‌വേഡ് കണ്ടെത്തി പണം കൈപ്പറ്റാന്‍ ശ്രമം ആരംഭിച്ചു.ഇതിനായി ഓഗസ്റ്റ് 26ന് യാസിന്റെ ഡെറാഡൂണിലെ വാടകവീട്ടില്‍ ഷുക്കൂറിനെ കസേരയോടു ചേര്‍ത്തു കെട്ടിയിട്ട ശേഷം ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പൊലീസ് പറയുന്നത്.

മര്‍ദനം രണ്ട് ദിവസം തുടര്‍ന്നിട്ടും അക്കൗണ്ട് വിവരങ്ങള്‍ ഷുക്കൂര്‍ വെളിപ്പെടുത്തിയില്ല. ക്രൂരമായ മര്‍ദനത്തെ തുടര്‍ന്ന് ഷുക്കൂറിന്റെ ആരോഗ്യസ്ഥിതി മോശമായി. ഷുക്കൂറിന് എന്തെങ്കിലും സംഭവിച്ചാല്‍ വലിയ തുക ലഭിക്കാതെ പോകുമെന്ന ഭീതിയില്‍ ഇവരില്‍ അഞ്ച് പേര്‍ ചേര്‍ന്ന് രാത്രിയോടെ ആശുപത്രിയില്‍ കൊണ്ടുപോയി. നഗരത്തിലെ ഒരു ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഷുക്കൂറിന് മരണം സംഭവിച്ചതായി അറിയിച്ചു. തുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തി, മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.