1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2018

സ്വന്തം ലേഖകന്‍: ബെംഗളുരു വിമാനത്താവളത്തില്‍ ഇനി യാത്രക്കാരുടെ മുഖം ബോര്‍ഡിംഗ് പാസാകും; ബയോമെട്രിക് ബോര്‍ഡിംഗ് സംവിധാനം ഒരുങ്ങുന്നു. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കടലാസ് വിമുക്ത ബോര്‍ഡിങ്ങ് സംവിധാനം നിലവില്‍ വരുന്നു. യാത്രക്കാരുടെ മുഖം തിരിച്ചറിയുന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. എയര്‍പോര്‍ട്ടില്‍ ബോര്‍ഡിങ് പാസിനായി സമയം നഷ്ടപ്പെടുത്തുന്നത് ഇതുവഴി ഒഴിവാക്കാനാകും.

യാത്രക്കാര്‍ എയര്‍പോര്‍ട്ടിന്റെ വാതില്‍ കടന്ന് അകത്തുകയറുമ്പോള്‍ തന്നെ തിരിച്ചറിയുന്ന രീതിയാണ് ഏര്‍പ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ലിസ്‌ബെണ്‍ കേന്ദ്രമായ ഡിജിറ്റല്‍ ആന്‍ഡ് ബയോമെട്രിക്ക് സൊലൂഷന്‍സ് എന്ന സ്ഥാപനവുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ പത്രകുറിപ്പിലൂടെ അറിയിച്ചു.

2019ന്റെ ആദ്യപാദത്തില്‍ ഇതിന്റെ ആദ്യ ഘട്ടം നടപ്പിലാക്കും. ഈ പദ്ധതി നടപ്പാക്കുന്നതോടെ രാജ്യത്തെ കടലാസ് വിമുക്ത വിമാനയാത്ര സൗകര്യം നല്‍കുന്ന ആദ്യത്തെ വിമാനത്താവളമായി ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം മാറും.

ബയോമെട്രിക്ക് രീതിയിലൂടെ ബോര്‍ഡിങ്ങ് നടപടികള്‍ എളുപ്പമാവുമെന്ന് പത്രകുറിപ്പില്‍ പറയുന്നു. രേഖകള്‍ ഒരുപാട് സമര്‍പ്പിക്കാതെ വളരെ ലളിതമായ രീതിയില്‍ ബോര്‍ഡിങ്ങ് നടപടികള്‍ പൂര്‍ത്തിയാക്കാനാവുമെന്ന് അധികൃതര്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ കടലാസ്സിന്റെ ഉപഭോഗം പരമാവധി കുറച്ച് വിമാനയാത്ര നടപടികള്‍ പൂര്‍ണ്ണമായും ഡിജിറ്റലാക്കി ആധാര്‍ നമ്പറും ഫോണ്‍ നമ്പറും ബോര്‍ഡിങ്ങ് നടപടിക്രമങ്ങള്‍ക്കായി ഉപയോഗിക്കുകയെന്ന ഡിജിയാത്ര പദ്ധതിയുടെ ഭാഗമാണ് ഈ മാറ്റം.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.