1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2019

സ്വന്തം ലേഖകന്‍: ഭാരതരത്‌ന വേണ്ട! അസമില്‍ പൗരത്വബില്ലില്‍ പ്രതിഷേധിച്ച് രാജ്യത്തെ പരമോന്നത പുരസ്‌കാരം നിരസിച്ച് ഭൂപെന്‍ ഹസാരികയുടെ കുടുംബം. അസമില്‍ പൗരത്വബില്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് സംഗീതജ്ഞന്‍ ഭൂപെന്‍ ഹസാരികയുടെ കുടുംബം ഭാരതരത്‌ന നിരസിച്ചു. സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചതായി അമേരിക്കയിലുള്ള ഹസാരികയുടെ ഏക മകന്‍ തേജ് ഹസാരിക അറിയിച്ചു.

തന്റെ അച്ഛന്റെ പേര് പൗരത്വബില്ലുമായി ബന്ധപ്പെട്ട വിവാദത്തില്‍ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും തേജ് പ്രസ്താവനയില്‍ പറഞ്ഞു. സംഗീതത്തിന്റെ സമഗ്ര മേഖലയില്‍ സാന്നിധ്യമറിയിച്ച ഹസാരികയ്ക്ക് മരണാനന്തര ബഹുമതിയായാണ് രാജ്യം ജനുവരി 26ന് ഭാരതരത്‌ന നല്‍കിയത്. 196772 കാലത്ത് അസമില്‍ സ്വതന്ത്ര എം.എല്‍.എ. ആയിരുന്നു ഹസാരിക.

പിന്നീട് ബി.ജെ.പി.യില്‍ ചേര്‍ന്നു ഗുവാഹാട്ടിയില്‍നിന്ന് ലോക്‌സഭയിലേക്കു മത്സരിച്ചെങ്കിലും വിജയിച്ചില്ല.
ഗായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ തിളങ്ങിയ ഹസാരിക 2011 ലാണ് അന്തരിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കേ കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് ഈ തീരുമാനം. പൗരത്വബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത പ്രതിഷേധമാണുണ്ടായത്.

പുതിയ ബില്ല് രാജ്യത്ത് രണ്ട് തരം പൗരന്‍മാരെ സൃഷ്ടിക്കുമെന്നാരോപിച്ചായിരുന്നു പ്രതിഷേധം. 1971ന് ശേഷം ഇന്ത്യയിലേക്ക് കുടിയേറിയ എല്ലാ വിദേശപൗരന്‍മാരേയും തിരിച്ചയക്കാനാണ് 1985ലെ അസം ആക്ട് നിര്‍ദേശിക്കുന്നത്. എന്നാല്‍ 1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്തു കൊണ്ടു വരുന്ന പുതിയ ബില്ലില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറുന്ന ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജയിന്‍, പാര്‍സികള്‍, ക്രൈസ്തവര്‍ എന്നിവര്‍ക്ക് ആറ് വര്‍ഷം രാജ്യത്ത് താമസിച്ചാല്‍ പൗരത്വം നല്‍കാനാണ് ശുപാര്‍ശ ചെയ്യുന്നു.

എന്നാല്‍ ഇതില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങളെ ഒഴിവാക്കിയതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. അനധികൃത കുടിയേറ്റക്കാരുടെ ഭാരം സംസ്ഥാനസര്‍ക്കാരിന് മേല്‍ കെട്ടിവക്കുകയാണ് കേന്ദ്രം എന്ന ആരോപണവുമായി അസമീസ് ഗോത്രവിഭാഗങ്ങളും തദ്ദേശീയ പാര്‍ട്ടികളും ബില്ലിനെതിരെ രംഗത്തെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.