1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2019

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വ്യോമസേനയുടെ ബാലാകോട്ട് ആക്രമണം നാടകമാണെന്ന് പറഞ്ഞവര്‍ക്ക് മറുപടി; ജെയ്‌ഷെ ഭീകര ക്യാമ്പിന്റെ മേല്‍ക്കൂരയില്‍ മൂന്ന് ദ്വാരങ്ങള്‍; സ്‌പൈസ് ബോംബുകള്‍ പ്രയോഗിച്ചതിന് തെളിവെന്ന് വിദഗ്ദര്‍. ഇന്ത്യന്‍ വ്യോമസേന ബാലാക്കോട്ടിലെ ജയ്‌ഷെ കേന്ദ്രത്തിനു നേരെ നടത്തിയ ആക്രമണം കൃത്യമായി ലക്ഷ്യം ഭേദിച്ചെന്നു കൂടുതല്‍ വ്യക്തതയുള്ള ഉപഗ്രഹ ചിത്രത്തില്‍നിന്നു ഉറപ്പാണെന്നു ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ജയ്‌ഷെ ഭീകരകേന്ദ്രത്തില്‍ പരിശീലനം നടത്തിയിരുന്ന ഭീകരര്‍ താമസിച്ച ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ദൃശ്യമാണ് ഇവര്‍ പുറത്തുവിട്ടത്.

ഫെബ്രുവരി 26ന് ആക്രമണം നടന്നശേഷം പുറത്തുവന്നതില്‍ വച്ച് ഏറ്റവും വ്യക്തതയുള്ള ചിത്രമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു സുഹൃദ് രാജ്യത്തിന്റെ ഉപഗ്രഹം പകര്‍ത്തിയ ചിത്രമാണിത്. ചരിഞ്ഞ മേല്‍ക്കൂരയുള്ള കെട്ടിടമാണു ചിത്രത്തിലുള്ളത്. ഇതിന്റെ മേല്‍ക്കൂരയില്‍ മൂന്നിടത്ത് തുള വീണിട്ടുണ്ട്. ഒരു മീറ്റര്‍ വ്യാസമുള്ള ദ്വാരങ്ങളാണു മേല്‍ക്കൂരയിലുള്ളത്. ഇന്ത്യന്‍ വ്യോമസേന ഉപയോഗിച്ച സ്‌പൈസ് ബോംബുകള്‍ കെട്ടിടത്തിന്റെ ഘടനയ്ക്കു നാശനഷ്ടമുണ്ടാക്കാതെ ഉള്ളില്‍ തുളച്ചുകയറി ഭീകരരെ വകവരുത്തുകയായിരുന്നുവെന്ന വാദം ശരിവയ്ക്കുന്ന വിവരങ്ങളാണു പുറത്തുവരുന്നത്.

ബാലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ തയാറാക്കിയിട്ടുള്ള തെളിവുകളുടെ ഭാഗമാണ് ഈ ചിത്രവും. ബാലാക്കോട്ട് ക്യാംപ് സന്ദര്‍ശിക്കുമ്‌ബോള്‍ ജയ്‌ഷെ മേധാവ് മസൂദ് അസഹ്‌റും സഹോദരന്‍ അബ്ദുല്‍ റൗഫും മുതിര്‍ന്ന നേതാക്കളും താമസിക്കുന്ന ഗസ്റ്റ് ഹൗസും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. ഭീകരകേന്ദ്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായാണു ഹോസ്റ്റല്‍ കെട്ടിടം ഉള്ളത്. ഉപഗ്രഹ ചിത്രം അനുസരിച്ച് ഏകദേശം 40 അടി വീതിയും 35 അടി നീളുവുമാണ് കെട്ടിടത്തിനുള്ളത്. ഹോസ്റ്റലിന്റെ ഒരു ഭാഗത്ത് ബോംബ് പതിച്ചതിന്റെ ദൃശ്യങ്ങള്‍ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ട ചിത്രത്തിലും വ്യക്തമായിരുന്നു. തെക്ക് ഭാഗത്തുള്ള രണ്ടു കെട്ടിടങ്ങളും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.

ലക്ഷ്യത്തിന്റെ മൂന്നു മീറ്ററിനുള്ളില്‍ മാത്രം കൃത്യമായി നാശനഷ്ടമുണ്ടാക്കുന്ന ഇസ്രയേല്‍ നിര്‍മിത സ്‌പൈസ് 2000 ബോംബുകളാണ് ഇന്ത്യ ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജയ്‌ഷെ ഹോസ്റ്റലിനുനേരെ മാത്രം മൂന്നു ബോംബുകള്‍ വര്‍ഷിച്ചുവെന്നാണു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആറു ബോംബുകളാണ് ഇന്ത്യന്‍ സേന കരുതിയിരുന്നത്. ഇതില്‍ ഉപയോഗിച്ച അഞ്ചെണ്ണവും കൃത്യമായി ലക്ഷ്യം ഭേദിക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.