1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2019

സ്വന്തം ലേഖകന്‍: പുതിയ സാമ്പത്തിക പരിഷ്‌കരണം പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. കടബാധ്യതയുള്ള പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാന്‍ തീരുമാനിച്ചതായി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഇതോടെ രാജ്യത്തെ പത്ത് പ്രധാന പൊതുമേഖലാ ബാങ്കുകളാണ് ലയിപ്പിക്കുക. സാമ്പത്തിക മാന്ദ്യത്തെ നേരിടാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ചയാകുമ്പോഴാണ് നിര്‍ണായക നീക്കവുമായി കേന്ദ്രം രംഗത്തെത്തിയത്.

പത്ത് പൊതുമേഖലാ ബാങ്കുകളെ നാലെണ്ണമാക്കിയാണ് ലയിപ്പിക്കുന്നത്. ഇതോടെ 2017 ല്‍ രാജ്യത്ത് 27 പൊതുമേഖല ബാങ്കുകളുണ്ടായിരുന്നെങ്കില്‍ ഇനി മുതല്‍ അത് 12 ആയി കുറയും. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ ലയിപ്പിക്കും. 17.95 ലക്ഷമായിരിക്കും ഇതിന്റെ വരുമാനം. ഇത് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായി മാറും.

കാനറാ ബാങ്കും സിന്‍ഡിക്കേറ്റ് ബാങ്കും ലയിപ്പിച്ച് രാജ്യത്തെ വലിയ മൂന്നാമത്തെ പൊതു മേഖലാ ബാങ്ക് രൂപികരിക്കും. 15.20 ലക്ഷം കോടിയായിരിക്കും ബിസിനസ്. യുണിയന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവയെ ലയിപ്പിക്കും. ഇന്ത്യന്‍ ബാങ്കിനേയും അലഹാബാദ് ബാങ്കിനേയും ലയിപ്പിക്കും. ഇതിന്റെ ബിസിനസ് 8.08 ലക്ഷം കോടിയായിരിക്കും.

അഞ്ച് ട്രില്യണ്‍ സാമ്പത്തിക വളര്‍ച്ചയെന്ന ലക്ഷ്യം കൈവരിക്കാനാണ് നീക്കം. പണലഭ്യത ഉറപ്പു വരുത്തുക, വായ്പാ ലഭ്യത വര്‍ധിപ്പിക്കുക എന്നിവയാണ് ലയനത്തിന്റെ ലക്ഷ്യം. നേരത്തെ എസ്.ബി.ഐയില്‍ അസോസിയേറ്റഡ് ബാങ്കുകളെ ലയിപ്പിച്ചു കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ബാങ്കിങ് പരിഷ്‌കരണ നടപടികള്‍ക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ ബാങ്ക് ഓഫ് ബറോഡയില്‍ ദേനാബാങ്കിനെയും വിജയാബാങ്കിനെയും ലയിപ്പിച്ചു.

രാജ്യത്തെ വായ്പ ലഭ്യത കൂട്ടാനുളള നടപടികളും ധനമന്ത്രി പ്രഖ്യാപിച്ചു. എട്ട് പൊതുമേഖല ബാങ്കുകളുടെ വായ്പാ പലിശ നിരക്കുകളെ റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്കുകളോട് ബന്ധിപ്പിച്ചതായി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഇതോടെ ബാങ്ക് വായ്പകളുടെ പലിശ നിര്‍ണയം സുതാര്യമാകും. അതിനിടെ ഇന്ത്യയുടെ ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് (ജിഡിപി) കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (ഏപ്രില്‍ജൂണ്‍) ജിഡിപി വളര്‍ച്ചാ നിരക്ക് വെറും അഞ്ച് ശതമാനം മാത്രമാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കി ബാങ്ക് യൂണിയനുകള്‍ രംഗത്തെത്തി. ലയനത്തിനെതിരെ ഓഗസ്റ്റ് 31 ശനിയാഴ്ച കരിദിനമായി ആചരിക്കുമെന്ന് ബാങ്ക് യൂണിയനുകളുടെ ഐക്യവേദി അറിയിച്ചു. എല്ലാ ബാങ്കുകളിലേയും ജീവനക്കാരും ഓഫീസര്‍മാരും കറുത്ത ബാഡ്ജുകള്‍ ധരിച്ച് ജോലി ചെയ്താണ് കരിദിനം ആചരിക്കുന്നത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.