1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2019

സ്വന്തം ലേഖകന്‍: ബാബ്‌റി മസ്ജിദ് തകര്‍ത്തതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു; വിവാദ പരാമര്‍ശവുമായി വീണ്ടും പ്രജ്ഞ സിങ് ഠാക്കൂര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ബാബ്‌റി മസ്ജിദ് തകര്‍ത്തതില്‍ ഒരു വിഷമവും ഇല്ലെന്നും അതില്‍ അഭിമാനിക്കുകയാണ് ചെയ്യുന്നതെന്നും ബി.ജെ.പി സ്ഥാനാര്‍ത്ഥിയും മാലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യ പ്രതിയുമായ പ്രജ്ഞ സിങ് ഠാക്കൂര്‍.

ആജ് തക്കുമായി നടത്തിയ അഭിമുഖത്തിനിടെയായിരുന്നു പ്രജ്ഞ സിങ്ങിന്റെ പരാമര്‍ശം. ബാബ്‌റി മസ്ജിദ് തകര്‍ത്തതില്‍ ഞങ്ങള്‍ എന്തിന് ഖേദിക്കണം? യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ അതില്‍ അഭിമാനിക്കുകയാണ് ചെയ്യുന്നത്. രാമക്ഷേത്രത്തിന് ആവശ്യമില്ലാത്ത ചില കാര്യങ്ങള്‍ അവിടെ ഉണ്ടായിരുന്നു. അത് ഞങ്ങള്‍ നീക്കം ചെയ്തു.

രാജ്യത്തോടുള്ള ഞങ്ങളുടെ സ്‌നേഹമാണ് ഇതിലൂടെ പ്രകടിപ്പിച്ചത്. അവിടെ ഞങ്ങള്‍ വലിയൊരു രാമക്ഷേത്രം തന്നെ ഉയര്‍ത്തിയിരിക്കും. പ്രജ്ഞ സിങ് ഠാക്കൂര്‍ പറഞ്ഞു. ബാബ്‌റി മസ്ജിദ് തകര്‍ത്തിടത്ത് എന്തുകൊണ്ടാണ് രാമക്ഷേത്രം ഇതുവരെ ഉയരാതിരുന്നത് എന്ന ചോദ്യത്തിന് ബി.ജെ.പിയെ സംബന്ധിച്ച് ഇതൊരു രാഷ്ട്രീയ വിഷയമേ അല്ല എന്നായിരുന്നു പ്രജ്ഞ സിങ് ഠാക്കൂറിന്റെ മറുപടി.

70 വര്‍ഷം ഭരിച്ച കോണ്‍ഗ്രസ് ഇന്ത്യയ്ക്ക് വേണ്ടി ഒന്നും ചെയ്തില്ല. ഇവിടെ ഞങ്ങളുടെ ക്ഷേത്രങ്ങള്‍ പോലും സുരക്ഷിതമല്ല. ഈ രാജ്യത്തല്ലെങ്കില്‍ പിന്നെ എവിടെയാണ് രാമക്ഷേത്രം പണിയുകയെന്നും അവര്‍ ചോദിക്കുന്നു. ഭോപ്പാലില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി തന്റെ പേര് നിര്‍ദേശിച്ചപ്പോള്‍ ആത്മവിശ്വാസം ഇരട്ടിച്ചെന്നാണ് ജനങ്ങള്‍ പ്രതികരിച്ചത്. വിജയത്തില്‍ കുറഞ്ഞതൊന്നും ഇവിടെ പ്രതീക്ഷിക്കാനില്ല. – പ്രജ്ഞ സിങ് ഠാക്കൂര്‍ പറഞ്ഞു.

സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രജ്ഞ സിങിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഭോപാല്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറാണ് പ്രജ്ഞയ്ക്ക് നോട്ടീസ് നല്‍കിയത്. വിശദീകരണം ഒരു ദിവസത്തിനകം നല്‍കണമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.