1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2011

റോയ്‌ കാഞ്ഞിരത്താനം

“ഭാരതമെന്ന പേര്‍ കേട്ടാല്‍
അഭിമാന പൂരിതമാകണം അന്തരംഗം
കേരളമെന്നു കേട്ടാലോ
തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍

മാതൃരാജ്യം, നാട് എന്നൊക്കെ പറയുമ്പോള്‍,നമുക്കൊക്കെ ഓര്‍മ വരുന്നത് മഹാകവി വള്ളത്തോളിന്റെ മനോഹരമായ ഈ വരികളാണ്.വിദേശ മലയാളിയായി ജീവിക്കുമ്പോഴും നാം ഓരോരുത്തരും അഭിമാനം കൊള്ളുന്നത്‌ പൂര്‍വികര്‍ പകര്‍ന്നു തന്ന നമ്മുടെ സംസ്കാരത്തിലാണ്.യൂറോപ്യന്‍ സംസ്ക്കാരവുമായി ഇഴുകിച്ചേരാന്‍ ശ്രമിക്കുമ്പോഴും കേരളത്തിന്‍റെ പാരമ്പര്യവും തനിമയും മുറുകെപ്പിടിക്കുന്നതില്‍ മലയാളി എന്നും ശ്രദ്ധിക്കാറുണ്ട്.അതോടൊപ്പം നമ്മുടെ സംസ്കാര മൂല്യങ്ങള്‍ ഈ നാട്ടിലെ ആളുകള്‍ക്ക് മനസിലാക്കി കൊടുക്കാനുള്ള ഒരവസരവും മലയാളി പാഴാക്കാറില്ല.

യു കെയിലെ വിദ്യാഭ്യാസ രംഗത്ത്‌ നിലവിലുള്ള കള്‍ച്ചറല്‍ എക്സ്ചേഞ്ച് എന്ന സംവിധാനത്തെ കേരളത്തിലെ സ്കൂളുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് അവസരമൊരുക്കി ന്യൂകാസില്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആഷിന്‍ സിറ്റി ട്രാവല്‍ എജെന്സി ഉടമ ജിജോ മാധവപ്പള്ളിയും യു കെയിലെ പ്രമുഖ സംഘാടകനായ തോമസ്‌ ജോണ് വാരികാട്ടും യു കെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയരാവുകയാണ്.വര്‍ഷങ്ങളായി ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ഇരുവരും ഇത്തവണ തിരഞ്ഞെടുത്തത് നോര്‍ത്ത് വെസ്റ്റിലെ ഏക ഇന്റര്‍നാഷണല്‍ സ്കൂളായ ബ്രോഡ് ഗ്രീന്‍ ഇന്റര്‍നാഷണല്‍ ഹൈസ്കൂളിനെയാണ്.തോമസ്‌ വാരികാട്ട് ഗവേര്‍നിംഗ് ബോഡി മെമ്പറായ സ്കൂളാണ് ബ്രോഡ് ഗ്രീന്‍.

സ്കൂളിലെ 18 വിദ്യാര്‍ഥികളും 3 അധ്യാപകരും ജിജോയും തോമസും യു കെയിലെ മാധ്യമ പ്രവര്‍ത്തകനായ റോയ്‌ കാഞ്ഞിരത്താനവും അടങ്ങുന്ന സംഘം ഒക്ടോബര്‍ മാസം 18 നാണ് കേരളത്തിലേക്ക് യാത്ര തിരിച്ചത്.19 ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സംഘത്തെ കേരള വിദ്യാഭ്യാസ ടൂറിസം വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിച്ചു.അന്നേ ദിവസം ചെറായി ബേ വാച്ച് ബീച്ച് ഹോമില്‍ താമസിച്ച സംഘം 20 -ന് കേരളത്തിലെ മുന്‍നിര സ്കൂളായ തൃപ്പൂണിത്തുറ ചോയിസ് സ്കൂള്‍ സന്ദര്‍ശിക്കുകയും കുട്ടികള്‍ക്കൊപ്പമിരുന്ന്‍ പഠന രീതികള്‍ മനസിലാക്കുകയും ചെയ്തു.

21 ന് ആലുവയിലെ ജനസേവ ശിശു ഭവന്‍ സന്ദര്‍ശിച്ച സംഘം ഒരുപകല്‍ അവിടുത്തെ അന്തേവാസികള്‍ക്കൊപ്പം ചിലവഴിച്ചു.അവരോടൊപ്പം ഭക്ഷണം കഴിക്കാനും അവരുടെ ജീവിതകഥകള്‍ കേള്‍ക്കാനും കുട്ടികള്‍ക്കൊപ്പം കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാനും സംഘം സമയം കണ്ടെത്തി.തെരുവില്‍ വലിച്ചെറിയപ്പെട്ട അനാഥരുടെ കഥ കേട്ട സംഘാംഗങ്ങളുടെ പലരുടെയും കണ്ണുകള്‍ ഈറനണിയുന്നത് കാണാമായിരുന്നു.22 -ന് വേമ്പനാട്ടു കായലില്‍ നടത്തിയ ബോട്ട് യാത്ര ഏവരെയും ആനന്ദത്തില്‍ ആറാടിച്ചു.സംഘാംഗമായ ജെസ്സിക്ക ഹെയ്സിന്‍റെ ജന്മദിനാഘോഷവും ബോട്ട് യാത്രക്കിടയില്‍ നടന്നു.

23 ന് കല്ലറ സെന്റ്‌ തോമസ് ഹൈ സ്കൂളില്‍ വച്ച് സംഘാങ്ങള്‍ക്ക് വന്‍പിച്ച സ്വീകരണം നല്‍കി.മുന്‍ മന്ത്രിയും ഇപ്പോഴത്തെ കടുത്തുരുത്തി എം എല്‍ എ യുമായ്‌ മോന്‍സ് ജോസഫ്‌,മുന്‍ എം എല്‍ എ സ്റ്റീഫന്‍ ജോര്‍ജ്‌ സ്കൂള്‍ മാനേജര്‍ അഡ്വ ഫാദര്‍ ജോസഫ്‌ കീഴങ്ങാട്ട്,ഹെഡ്‌ മാസ്റ്റര്‍ ജോര്‍ജ്‌ സാര്‍,തോമസ്‌ വാരികാട്ട് ,ജിജോ മാധവപ്പള്ളി, റോയ് കാഞ്ഞിരത്താനം,ഖത്തര്‍ എയര്‍വേയ്സ്‌ ഡിവിഷണല്‍ മാനേജര്‍ ജയപ്രകാശ് നായര്‍,പഞ്ചായത്ത് പ്രസിഡന്റ്,പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.ഉദ്ഘാടന പ്രസംഗം നടത്തിയ മോന്‍സ്‌ ജോസഫ്‌ കേരളത്തിലെ സ്കൂള്‍ കുട്ടികള്‍ക്ക് യു കെയിലെ സ്കൂള്‍ സംവിധാനങ്ങള്‍ കണ്ടു പഠിക്കുവാനുള്ള സാധ്യമായ്‌ എല്ലാ സര്‍ക്കാര്‍ സഹായങ്ങളും വാഗ്ദാനം ചെയ്തപ്പോള്‍ ഖത്തര്‍ എയര്‍ വേയ്സിന്റെ ഭാഗത്തുനിന്നും എല്ലാവിധ സഹകരണങ്ങളും നല്‍കാമെന്ന് ജയപ്രകാശ് നായര്‍ ഉറപ്പു നല്‍കി.

24 ന് സംഘാംഗങ്ങള്‍ കല്ലറ സിസ്റ്റര്‍ സാവിയോ സ്കൂള്‍, SNDP സ്കൂള്‍ എന്നിവ സന്ദര്‍ശിച്ചു.SNDP സ്കൂളില്‍ അഥിതികള്‍ക്ക് പുഷ്പവര്‍ഷം നടത്തിയും കളഭം ചാര്‍ത്തിയും കേരളത്തിന്‍റെ പാരമ്പര്യ രീതിയിലുള്ള സ്വീകരണം ഒരുക്കിയിരുന്നു.അന്നേ ദിവസം സെന്റ്‌ തോമസ്‌ സ്കൂള്‍ വിദ്യാര്‍ഥികളുമായി നടന്ന സൌഹൃദ ഫുട്ബോള്‍ മല്‍സരത്തില്‍ ബ്രോഡ്‌ ഗ്രീന്‍ കുട്ടികള്‍ പരാജയം രുചിച്ചു.വിജയികള്‍ക്ക് ആഷിന്‍ സിറ്റി സ്പോണ്സര്‍ ചെയ്ത ക്യാഷ്‌ അവാര്‍ഡ്‌ നല്‍കി.25 ന് കടുത്തുരുത്തി സെന്‍റ് മൈക്കിള്‍ സ്കൂളിലും സ്വീകരണം ഒരുക്കിയിരുന്നു.26 -ന് ഫോര്‍ട്ട്കൊച്ചി മട്ടാഞ്ചേരി,27 ന് അനന്തപുരി 28 -ന് കോവളം എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച സംഘം 29 -ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും യു കേയിലേക്ക് തിരികെപ്പോന്നു.

എല്ലാ സ്കൂളുകളിലും തദ്ദേശീയരായ കുട്ടികളും യു കെയില്‍ നിന്നുള്ള കുട്ടികളും വിവിധ സാംസ്ക്കാരിക പരിപാടികള്‍ അവതരിപ്പിച്ചു.യു കെയിലെ കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ തദ്ദേശീയരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റി.ഓരോ സ്വീകരണസ്ഥലത്തും രുചികരമായ കേരളീയ വിഭവങ്ങള്‍ നിറഞ്ഞ വിഭവ സമൃദ്ധമായ സദ്യയൊരുക്കി മലയാളിയുടെ ആതിഥ്യ മര്യാദ പ്രകടിപ്പിക്കാന്‍ സംഘാടകര്‍ മറന്നില്ല.ഇടവേളകളില്‍ കേരളത്തിന്‍റെ ഹരിത മനോഹാരിത ദര്‍ശിക്കുവാനും തനതായ കലാരൂപങ്ങള്‍ ആസ്വദിക്കാനും അതിഥികള്‍ക്ക് അവസരമൊരുക്കിയിരുന്നു.ജനസേവ ശിശുഭവന്‍ അടക്കം തങ്ങള്‍ സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ സംഘാംഗങ്ങള്‍ വിവിധ സമ്മാനങ്ങള്‍ നല്‍കി

ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിന്‍റെ സംസ്കാരവും പ്രകൃതി ഭംഗിയും നേരില്‍ കാണുന്നതിനും സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തിലെ വിദ്യാഭ്യാസ രീതികള്‍ നേരില്‍ കണ്ടു പഠിക്കുന്നതിനും യു കെയിലെ വിദ്യാര്‍ഥിസംഘത്തെ നാട്ടിലെത്തിക്കാന്‍ സാധിച്ചതില്‍ അങ്ങേയറ്റം ചാരിതാര്‍ത്ഥ്യം ഉണ്ടെന്ന് ആഷിന്‍ സിറ്റി മാനേജിംഗ്ഡയരക്ടര്‍ ജിജോ മാധവപ്പള്ളി,ബ്രോഡ് ഗ്രീന്‍ സ്കൂള്‍ ഗവേര്‍നിംഗ് ബോഡി മെമ്പറായ തോമസ്‌ ജോണ് വാരികാട്ട് എന്നിവര്‍ പറഞ്ഞു.കഴിഞ്ഞ മൂന്ന് വര്‍ഷമായി യുകെയിലെ വിവിധ സ്കൂളുകളില്‍ നിന്നും കേരളത്തിലേക്ക് നിരവധി പഠന സംഘത്തെ അയക്കുന്ന ഇരുവരും വരും വര്‍ഷങ്ങളില്‍ നടപ്പാക്കാനുദേശിക്കുന്ന ഇന്‍ഡോ-ബ്രിട്ടീഷ് സ്റ്റുഡന്റ്സ് എക്സ്ചേഞ്ച് സ്റ്റഡി പ്രോഗ്രാമിന്റെ അവസാനവട്ട ചര്‍ച്ചകളിലാണ്.

കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

സംഘത്തില്‍ ഉണ്ടായിരുന്ന ചിലരുടെ ട്രിപ്പിനെക്കുറിച്ചുള്ള അഭിപ്രായം ചുവടെ കൊടുക്കുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.