1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2019

സ്വന്തം ലേഖകന്‍: മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി (66) അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആഗസ്റ്റ് ഒമ്പത് മുതല്‍ ഡല്‍ഹി ആള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എയിംസ്) ചികിത്സയിലായിരുന്നു. ജെയ്റ്റിലുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള പ്രമുഖര്‍ അനുശോചിച്ചു.

1952 ഡിസംബര്‍ 28ന് ഡല്‍ഹിയില്‍ ജനിച്ച അരുണ്‍ ജെയ്റ്റ്‌ലി ഡല്‍ഹി സെന്റ് സേവിയേഴ്‌സ് സ്‌കൂളിലാണ് പ്രാഥമിക പഠനം നിര്‍വഹിച്ചത്. ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സില്‍ നിന്ന് ബികോം ഡിഗ്രിയും ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമബിരുദവും സ്വന്തമാക്കി. യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1974ല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡണ്ടായി. അടിയന്തരാവസ്ഥക്കാലത്ത് 19 മാസം തലവിലായിരുന്നു.

1991 മുതല്‍ ബി.ജെ.പിയുടെ സജീവ നേതൃത്വത്തിലേക്കു വന്ന അദ്ദേഹം 1999 പൊതുതെരഞ്ഞെടുപ്പ് കാലയളവില്‍ പാര്‍ട്ടി വക്താവായി. 1999ലെ വാജ്‌പെയ് മന്ത്രിസഭയില്‍ വിവര സംപ്രേഷണ വകുപ്പിന്റെ സ്വതന്ത്ര്യ ചുമതലയുള്ള സഹമന്ത്രിയായിരുന്നു. 2002ല്‍ ബി.ജെ.പിയുടെ ദേശീയ വക്താവും ജനറല്‍ സെക്രട്ടറിയുമായി. 2004ല്‍ ഒന്നാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. 2014 പൊതുതെരഞ്ഞെടുപ്പില്‍ അമൃത്‌സറില്‍ നിന്നു മത്സരിച്ചു തോറ്റെങ്കിലും ഒന്നാം മോദി മന്ത്രിസഭയില്‍ ധനകാര്യ, കോര്‍പറേറ്റ് വകുപ്പ് മന്ത്രിയായി.

ബി.ജെ.പിയുടെ നയനിലപാടുകളുടെ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള ജെയ്റ്റ്‌ലി, ഹിന്ദുദേശീയത ആയിരിക്കണം പാര്‍ട്ടിയുടെ പ്രധാന ഭാഷ്യം എന്ന ആശയക്കാരനായിരുന്നു. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഹിന്ദു ദേശീയത മികച്ചൊരു അവസരമാണെന്ന് അദ്ദേഹം 2005ല്‍ അമേരിക്ക നയതന്ത്ര ഉദ്യോഗസ്ഥരുമായുള്ള സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞതായി വിക്കിലീക്‌സ് പുറത്തുവിട്ട രേഖകളിലുണ്ട്. മതാടിസ്ഥാനത്തിനുള്ള സംവരണം ശരിയല്ലെന്ന നരേന്ദ്ര മോദിയുടെ ആശയത്തെ പരസ്യമായി പിന്തുണച്ചയാള്‍ കൂടിയാണ് അദ്ദേഹം.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.